ജീവനക്കാർക്ക് സ്വയം വിരമിക്കൽ പാക്കേജുമായി ഗൂഗിൾ; 5 രാജ്യങ്ങളിൽ ബാധകം

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | PTI
പ്രതീകാത്മകചിത്രം | PTI

ജീവനക്കാർക്കുള്ള സ്വയം വിരമിക്കൽ പദ്ധതി വ്യാപിപ്പിച്ച് ഗൂഗിൾ. അഞ്ച് രാജ്യങ്ങളിലെ ജീവനക്കാരെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാക്കേജ് വിപുലീകരിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്യുന്നു. കാനഡ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിലെ ടീമുകളെയാണ് ഏറ്റവും പുതിയ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിർമിതബുദ്ധി (എഐ) രംഗത്തെ നിക്ഷേപം വർധിപ്പിക്കുക, ചെലവ് ചുരുക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ളതാണ് പദ്ധതി.

എത്ര ജീവനക്കാർ ഓഫർ സ്വീകരിച്ചിട്ടുണ്ടെന്ന് ഗൂഗിൾ വെളിപ്പെടുത്തിയിട്ടില്ല. 2025-ന്റെ തുടക്കത്തിൽ ചില ടീമുകളിൽ സമാനമായ പദ്ധതി നടപ്പാക്കിയിരുന്നുവെന്നും, ജൂണിൽ അത് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ചെയ്തതെന്നും ഗൂഗിൾ വക്താവ് റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചു.

ഡീപ്‌മൈൻഡിലും ഗൂഗിൾ ക്ലൗഡിലും പദ്ധതിയില്ല

ഗൂഗിളിന്റെ എല്ലാ വിഭാഗങ്ങളിലും ഈ പാക്കേജ് ലഭ്യമല്ല. എഐ ഗവേഷണ വിഭാഗമായ ഡീപ് മൈൻഡ് (DeepMind), ഗൂഗിൾ ക്ലൗഡ് (Google Cloud) എന്നിവ ഈ പദ്ധതിയുടെ പരിധിയിൽ വരില്ലെന്നാണ് സൂചന. എഐ, ക്ലൗഡ് ബിസിനസുകൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ നിയമനങ്ങൾ ആവശ്യമാണെന്ന് ഗൂഗിൾ കണ്ടെത്തിയ പ്രധാന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവയാണ് ഇവ രണ്ടും.

മറ്റുചില പ്രത്യേക മേഖലകളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനോ പുനഃസംഘടിപ്പിക്കാനോ ആണ് കമ്പനി ലക്ഷ്യമിടുന്നത്. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് എഐയ്ക്കായുള്ള ചെലവുകൾ വർധിപ്പിച്ചു വരികയാണ്. ഇത് നിക്ഷേപ പദ്ധതികൾക്കൊപ്പം ചെലവുകളും കർശനമായി നിയന്ത്രിക്കാൻ കമ്പനി നീക്കം നടത്തുന്നുണ്ട്.

പാക്കേജ് സ്വീകരിച്ച് സ്വിറ്റ്‌സർലൻഡിലെ ജീവനക്കാർ

ഈ പദ്ധതിയുടെ ആഘാതം സ്വിറ്റ്‌സർലൻഡിൽ ഇതിനകം തന്നെ പ്രകടമായിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. സ്വിറ്റ്‌സർലൻഡിലെ ഗൂഗിൾ ജീവനക്കാർക്ക് ജൂണിൽ ഓഫർ ലഭിക്കുകയും അത് സ്വീകരിച്ചവർ ഓഗസ്റ്റ് മുതൽ കമ്പനി വിട്ടുപോരാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്. സ്വിറ്റ്‌സർലൻഡിൽ ഏകദേശം 5,000 ഗൂഗിൾ ജീവനക്കാരാണുള്ളത്. ഈ രാജ്യത്താണ് സൂറിച്ചിലെ ഗൂഗിളിന്റെ പ്രധാന എൻജിനീയറിങ് സെന്റർ സ്ഥിതി ചെയ്യുന്നത്.

ഓരോ വർഷത്തെ സേവനത്തിനും ഒരു മാസത്തെ ശമ്പളം എന്ന കണക്കിലാണ് എക്‌സിറ്റ് പാക്കേജ് എന്നാണ് പുറത്തുവരുന്ന വിവരം. പരമാവധി 12 മാസത്തെ ശമ്പളം വരെ ഇതിന്റെ ഭാഗമായി ലഭിക്കും. ഏകദേശം 50 ജീവനക്കാരുള്ള ഒരു ടീമിൽ നിന്ന് കുറഞ്ഞത് നാല് പേരെങ്കിലും ഈ ഓഫർ സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്.

സമാന നീക്കവുമായി മൈക്രോസോഫ്റ്റും

യു.എസ്, കാനഡ, ഇന്ത്യ, യുകെ എന്നിവിടങ്ങളിലെ ഏകദേശം 60,000 ജീവനക്കാരെ ഉൾപ്പെടുത്തുന്ന സന്നദ്ധ വിരമിക്കൽ ഓഫർ മൈക്രോസോഫ്റ്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മൈക്രോസോഫ്റ്റിന്റെ ആകെ 223,000 ജീവനക്കാരിൽ ഏകദേശം 27 ശതമാനം പേർക്കും ഈ പദ്ധതിയിൽ ഉൾപ്പെടാൻ അർഹതയുള്ളവരാണ്. ഓഫർ സ്വീകരിക്കുന്ന ജീവനക്കാർ ഡിസംബർ അവസാനത്തോടെ കമ്പനി വിടേണ്ടിവരും.

Content Highlights: Google is offering voluntary exit packages to employees in five countries., The move aims to control costs and redirect spending toward artificial intelligence (AI) and cloud infrastructure., Key divisions like DeepMind and Google Cloud are excluded and continue to hire., Microsoft has also implemented a major voluntary buyout program for employees amid soaring AI expenses.