ഗൂഗിള്‍ മാപ്പിനോട് ഇനി സംസാരിക്കാം, ഡ്രൈവിങ് തടസപ്പെടില്ല; ഇന്ത്യക്കായി പുത്തന്‍ ഫീച്ചറുകളുമായി ഗൂഗിള്‍

Photo: Google
Photo: Google

ഇന്ത്യയില്‍ പുതിയ പത്ത് ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഇന്ത്യയില്‍ ഡ്രൈവിംഗ് കൂടുതല്‍ മികച്ചതും സുരക്ഷിതവുമാക്കുന്നതിന് വേണ്ടിയുള്ള ഫീച്ചറുകളും ഇക്കൂട്ടത്തിലുണ്ട്. ജെമിനൈ എഐ പിന്തുണയുള്ള എഐ ഫീച്ചറുകള്‍ ഉള്‍പ്പടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. വാഹനമോടിക്കുന്നതിനിടെ ശ്രദ്ധതെറ്റാതെ ഗൂഗിള്‍ മാപ്പുമായി സംസാരിക്കാനും യാത്രചെയ്യുന്ന വഴിയിലെ മറ്റ് വിവരങ്ങള്‍ ചോദിച്ചറിയാനും ഈ ഫീച്ചര്‍ സഹായിക്കും. ഉദാഹരണത്തിന് അടുത്തുള്ള പെട്രോള്‍ പമ്പ് എവിടെയാണ്, പാര്‍ക്കിങ് സൗകര്യം എവിടെയുണ്ട് പോലുള്ള വിവരങ്ങള്‍ ശബ്ദത്തില്‍ ചോദിച്ചറിയാന്‍ ഡ്രൈവര്‍ക്ക് സാധിക്കും. ഇന്ത്യയിലെ ഗൂഗിള്‍ മാപ്പിലെ ഏറ്റവും വലിയ എഐ സംയോജനമായിരിക്കുമിതെന്ന് ഗൂഗിള്‍ പറയുന്നു.

കോണ്‍വര്‍സേഷണല്‍ നാവിഗേഷന്‍

കൈകള്‍ ഉപയോഗിക്കാതെ ശബ്ദ നിര്‍ദേശങ്ങളാല്‍ ഗൂഗിളിന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ ഈ ഫീച്ചര്‍ ഉപയോഗിച്ച് സാധിക്കും. വാഹനം ഓടിക്കുന്നതിനിടെ ഗൂഗിള്‍ മാപ്പിനോട് സംസാരിച്ചാല്‍ മാത്രം മതി. ഏറ്റവും അടുത്തുള്ള പെട്രോള്‍ പമ്പ് കണ്ടെത്തുക', 'ഫീനിക്‌സ് മാളിലെ പാര്‍ക്കിംഗ് എങ്ങനെയുണ്ട്?' എന്ന് ചോദിക്കുക,'അടുത്തുള്ള ഒരു റെസ്റ്റോറന്റ് കണ്ടെത്തി അവിടേക്ക് നാവിഗേറ്റ് ചെയ്യുക'തുടങ്ങിയ ആവശ്യങ്ങള്‍ ഈ വോയ്‌സ് അസിസ്റ്റന്റിനോട് പറയാം. ജെമിനൈ എഐയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സ്വാഭാവിക മായ സംസാരശൈലി ഗൂഗിള്‍ മാപ്പിന് മനസിലാവും. ജിമെയില്‍ (Gmail) അല്ലെങ്കില്‍ കലണ്ടര്‍ ആക്സസ് ചെയ്യാന്‍ ഉപയോക്താക്കള്‍ അനുമതി നല്‍കുകയാണെങ്കില്‍ ലൊക്കേഷനുമായി ബന്ധപ്പെട്ട കലണ്ടര്‍ ഇവന്റ്, റിമൈന്റര്‍ എന്നിവ സെറ്റ് ചെയ്യാനും ഈ വോയ്‌സ് അസിസ്റ്റന്റ് ഉപയോഗിക്കാം. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ഫീച്ചര്‍ എത്തും.

സുരക്ഷാ മുന്നറിയിപ്പുകളും വേഗപരിധി നിര്‍ദ്ദേശങ്ങളും

കോണ്‍വര്‍സേഷന്‍ നാവിഗേഷനോടൊപ്പം തന്നെ, ഗവണ്‍മെന്റ് വകുപ്പുകളുമായും നഗര ട്രാഫിക് അധികാരികളുമായും സഹകരിച്ച് വികസിപ്പിച്ച നിരവധി റോഡ് സുരക്ഷാ ഫീച്ചറുകളും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്.

  1. പ്രോആക്ടീവ് ട്രാഫിക് അലേര്‍ട്ടുകള്‍: മാപ്പ് നാവിഗേഷന്‍ ഉപയോഗിക്കാത്തപ്പോഴും റോഡിലെ കാലതാമസം, തടസങ്ങള്‍ എന്നിവ സംബന്ധിച്ച അറിയിപ്പ് നല്‍കും. ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ പ്രധാന റൂട്ടുകളിലാണ് ഇത് ആദ്യം തുടങ്ങുക.
  2. അപകട മേഖലകളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍: ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് അടുക്കുമ്പോള്‍ വിഷ്വല്‍, വോയിസ് മുന്നറിയിപ്പുകള്‍ നല്‍കി സുരക്ഷിതമായ ഡ്രൈവിംഗിന് പ്രോത്സാഹനം നല്‍കും. ഗുരുഗ്രാം, ഹൈദരാബാദിലെ സൈബരാബാദ് മേഖല, ചണ്ഡീഗഡ്, ഫരീദാബാദ് എന്നിവിടങ്ങളിലാണ് ഈ സൗകര്യം ആദ്യം തുടങ്ങുക.
  3. ഔദ്യോഗിക വേഗപരിധി: ട്രാഫിക് വകുപ്പുകളില്‍ നിന്ന് ലഭിച്ച ഔദ്യോഗിക വേഗപരിധികള്‍ ആപ്പ് സ്പീഡോമീറ്ററിന് അടുത്തായി പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങും. മുംബൈ, കൊല്‍ക്കത്ത, ജയ്പൂര്‍, ലഖ്നൗ, നോയിഡ ഉള്‍പ്പെടെ ഒമ്പത് നഗരങ്ങളില്‍ ഇത് ആദ്യം നിലവില്‍ വരും.

ദേശീയ പാതകളിലെ റോഡ് അടച്ചുപൂട്ടലുകള്‍, അറ്റകുറ്റപ്പണികള്‍, വിശ്രമ കേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയെകുറിച്ച് തത്സമയ വിവരങ്ങള്‍ നല്‍കുന്നതിനായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി (NHAI) ഗൂഗിള്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ യാത്രക്കാര്‍ക്കുള്ള മറ്റ് അപ്ഡേറ്റുകള്‍

ഇന്ത്യയില്‍ വലിയ തോതില്‍ ഇരുചക്രവാഹന ഉപഭോക്താക്കളുണ്ടെന്ന് തിരിച്ചറിഞ്ഞ്, വിവിധ ശൈലികളിലും നിറത്തിലുമുള്ള വ്യക്തിഗത ബൈക്ക് ഐക്കണുകളായ (Navatars) ഗൂഗിള്‍ മാപ്പില്‍ ചേര്‍ത്തിട്ടുണ്ട്. ഇതില്‍ ഇഷ്ടമുള്ളത് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. സങ്കീര്‍ണ്ണമായ കവലകളും എലവേറ്റഡ് റോഡുകളും എളുപ്പത്തില്‍ നാവിഗേറ്റ് ചെയ്യാന്‍ സഹായിക്കുന്നതിനായി ഒമ്പത് ഇന്ത്യന്‍ ഭാഷകളില്‍ ഫ്‌ലൈഓവറുകള്‍ക്കായുള്ള പുതിയ വോയിസ് നിര്‍ദ്ദേശങ്ങളും വരുന്നുണ്ട്.

കൂടാതെ, ഡല്‍ഹി, ബെംഗളൂരു, കൊച്ചി, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നിലവിലുള്ള മെട്രോ ബുക്കിംഗ് പിന്തുണയ്ക്ക് പുറമെ, മെട്രോ യാത്രക്കാര്‍ക്കായി ഗൂഗിള്‍ വാലറ്റ് പിന്തുണയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സ്റ്റേഷനുകളില്‍ വേഗത്തില്‍ പ്രവേശിക്കുന്നതിനായി മെട്രോ ടിക്കറ്റുകള്‍ മാപ്സില്‍ നേരിട്ട് സേവ് ചെയ്യാന്‍ സഹായിക്കും, മുംബൈയില്‍ ഉടന്‍ ഈ സൗകര്യം ലഭ്യമാവും.

Content Highlights: Google launches 10 new features for Indian users, powered by Gemini AI, introducing Conversational Navigation and enhanced road safety alerts in Google Maps.