മെയിലുകള്‍ രഹസ്യമായി സ്‌കാന്‍ ചെയ്യുന്നുണ്ടോ? സ്മാര്‍ട്ട് ഫീച്ചറുകളെപ്പറ്റി ഗൂഗിള്‍ പറയുന്നത് ഇതാണ്

ജെമിനി എഐ മോഡലിനെ പരിശീലിപ്പിക്കാന്‍ ജിമെയില്‍ സന്ദേശങ്ങള്‍ രഹസ്യമായി സ്‌കാന്‍ ചെയ്യുന്നുണ്ടെന്ന ആരോപണം വ്യാപകമായി പ്രചരിച്ചതോടെ പ്രതികരണവുമായി ഗൂഗിള്‍ രംഗത്ത്. ഉപയോക്താക്കളുടെ അനുമതിയില്ലാതെ കമ്പനി സ്വകാര്യ ഇമെയിലുകള്‍ സ്‌കാന്‍ ചെയ്യുന്നുവെന്ന് ഒരു ബ്ലോഗ് പോസ്റ്റില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഉപയോക്താക്കള്‍ക്കിടയില്‍ ആശങ്ക വ്യാപകമായതോടെയാണ് ഗൂഗിളിന് പ്രതികരിക്കേണ്ടിവന്നത്.
സ്മാര്‍ട്ട് കമ്പോസ്, സ്മാര്‍ട്ട് റിപ്ലൈ പോലുള്ള എഐ ടൂളുകള്‍ മെച്ചപ്പെടുത്താന്‍ ഗൂഗിള്‍ സ്വകാര്യ ഇമെയിലുകളും അറ്റാച്ച്മെന്റുകളും വിശകലനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന കണ്ടെത്തലുകള്‍ മാല്‍വെയര്‍ബൈറ്റ്‌സ് പ്രസിദ്ധീകരിച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ സ്വകാര്യതാ ലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുകയും നിരവധി ഉപയോക്താക്കള്‍ സ്മാര്‍ട്ട് ഫീച്ചറുകള്‍ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായി.
ഇതോടെയാണ് പ്രതികരണവുമായി ഗൂഗിള്‍ രംഗത്തെത്തിയത്. തെറ്റിദ്ധാരണ പരത്തുന്ന റിപ്പോര്‍ട്ടാണിത് എന്നാണ് ഗൂഗിള്‍ പറയുന്നത്. സ്വകാര്യതയുമായി ബന്ധപ്പെട്ട നയങ്ങളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും കമ്പനി ഉറപ്പിച്ചു പറയുന്നു. 'ജെമിനി എഐ മോഡലിനെ പരിശീലിപ്പിക്കാന്‍ നിങ്ങളുടെ ജിമെയില്‍ ഉള്ളടക്കം ഞങ്ങള്‍ ഉപയോഗിക്കുന്നില്ല,' - ഗൂഗിള്‍ വക്താവ് ജെന്നി തോംസണ്‍ വെള്ളിയാഴ്ച വ്യക്തമാക്കി. ജിമെയിലിന്റെ സ്മാര്‍ട്ട് ഫീച്ചറുകള്‍ വര്‍ഷങ്ങളായി നിലവിലുള്ളതാണെന്നും ഉപയോക്താവിന്റെ അറിവില്ലാതെ ഒരു മാറ്റവും കമ്പനി വരുത്തിയിട്ടില്ലെന്നും ഗൂഗിള്‍ പറയുന്നു.
എന്താണ് സ്മാര്‍ട്ട് ഫീച്ചറുകള്‍?
അക്ഷരത്തെറ്റുകള്‍ പരിശോധിക്കുക, പ്രെഡിക്റ്റീവ് ടെക്സ്റ്റ്, ഓട്ടോമാറ്റിക് പാക്കേജ് ട്രാക്കിംഗ്, ഫ്‌ളൈറ്റുകള്‍ക്കും ഇവന്റുകള്‍ക്കുമുള്ള കലണ്ടര്‍ ഇന്റഗ്രേഷന്‍ തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചറുകള്‍ ജിമെയില്‍ ഉപയോക്താക്കള്‍ വര്‍ഷങ്ങളായി ആശ്രയിക്കുന്നവയാണ്. ഗൂഗിള്‍ വര്‍ക്ക്സ്പേസില്‍ ഈ ഫീച്ചറുകള്‍ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് ജെമിനിയുടെ പരിശീലന ഡാറ്റ ആയി ഉപയോഗിക്കുന്നില്ലെന്ന് ഗൂഗിള്‍ ഉറപ്പിച്ചു പറയുന്നു.
ഇവരണ്ടും തമ്മിലുള്ള വ്യത്യാസം വളരെ പ്രധാനപ്പെട്ടതാണെന്നും ഗൂഗിള്‍ ചൂണ്ടിക്കാട്ടുന്നു. പെട്ടെന്നുള്ള മറുപടികള്‍ നിര്‍ദ്ദേശിക്കാനോ, പ്രധാനപ്പെട്ട സന്ദേശങ്ങള്‍ അടയാളപ്പെടുത്താനോ സ്മാര്‍ട്ട് ഫീച്ചറുകള്‍ നിങ്ങളുടെ ഇമെയിലുകള്‍ വിശകലനം ചെയ്യും. പക്ഷെ ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് വേണ്ടി മറുപടികള്‍ സൃഷ്ടിക്കുന്ന എഐ മോഡലുകള്‍ നിങ്ങളുടെ സംഭാഷണങ്ങള്‍ ഉപയോഗിക്കില്ല. ഇവരണ്ടും അടിസ്ഥാനപരമായി വ്യത്യസ്തമാണെന്ന് ഗൂഗിള്‍ ചൂണ്ടിക്കാട്ടുന്നു.
എല്ലാ ആശങ്കയും നീങ്ങുമോ?
അതിനിടെ, ഗൂഗിളിന്റെ വിശദീകരണം എല്ലാ ആശങ്കകളെയും ഇല്ലാതാക്കിയിട്ടില്ല എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ജിമെയില്‍, ചാറ്റ്, മീറ്റ് എന്നിവയിലെ സ്വകാര്യ ആശയവിനിമയങ്ങളിലേക്ക് ജെമിനിക്ക് ആക്സസ് നല്‍കിയെന്നും സ്വകാര്യതാ ലംഘനം ഉണ്ടായെന്നും ആരോപിച്ച് നവംബറില്‍ കാലിഫോര്‍ണിയയില്‍ ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഈ നിയമ നടപടിയെക്കുറിച്ച് ഗൂഗിള്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
Content Highlights: Google refutes claims of scanning Gmail for AI training, clarifies smart features vs. AI model training, and addresses user concerns. Learn more.