മിത്തോസിന് വെല്ലുവിളി ഉയർത്താൻ ജെമിനി 3.5 ഫ്‌ളാഷ് സൈബർ; ആന്ത്രോപിക്കിനെ ഞെട്ടിക്കാൻ ഗൂഗിൾ

സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി രൂപകൽപ്പനചെയ്ത എഐ മോഡലായ Gemini 3.5 Flash Cyber പുറത്തിറക്കി ഗൂഗിൾ. ആഗോള സോഫ്റ്റ്‌വെയർ നെറ്റ്‌വർക്കുകൾക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്ന ചെലവേറിയതുമായ സൈബർ സുരക്ഷാ മോഡലുകൾക്ക് ചെലവ് കുറഞ്ഞ ബദലാണിതെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. എഐ കമ്പനികളായ ആന്ത്രോപിക്, ഓപ്പൺഎഐ എന്നിവയുടെ ഉൽപ്പന്നങ്ങൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നതാണ് ഗൂഗിളിന്റെ നീക്കം.
ഈ ലൈറ്റ് വെയ്റ്റ് സൈബർ സുരക്ഷാ മോഡൽ സോഫ്റ്റ്‌വെയറുകളിലെ നിർണായകമായ സുരക്ഷാ പഴുതുകൾ സ്വയം സ്‌കാൻ ചെയ്യാനും കണ്ടെത്താനും പരിഹരിക്കാനും രൂപകൽപ്പന ചെയ്തതാണെന്ന് കമ്പനി അറിയിച്ചു. CodeMender എന്ന തങ്ങളുടെ ആന്തരിക കോഡ് സുരക്ഷാ ഏജന്റിനെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്തതാണിത്.
കാര്യക്ഷമത; ലൈറ്റ് വെയ്റ്റ്
Gemini 3.5 Flash Cyber-ന്റെ ലൈറ്റ് വെയ്റ്റ് ഘടന അതിവേഗത്തിലും കുറഞ്ഞ ചിലവിലും പലതവണ സ്‌കാനിങ് സാധ്യമാക്കുന്നതാണെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. പരീക്ഷണ ഘട്ടത്തിൽ വളരെ വലുതും ചെലവേറിയതുമായ എഐ മോഡലുകൾക്ക് തുല്യമായ പ്രകടനം ഇത് കാഴ്ചവെച്ചുവെന്ന് ഗൂഗിൾ പറയുന്നു.
3.5 Flash Cyber നേരത്തെതന്നെ ആന്തരിക സംവിധാനങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിൾ പറയുന്നു. Chrome, Android, Google Cloud, Ads, YouTube എന്നിവയിലെ സുരക്ഷാ പഴുതുകൾ അതുപയോഗിച്ച് കണ്ടെത്തി നന്നാക്കുകയാണെന്നും ഗൂഗിൾ വെളിപ്പെടുത്തി. ഗൂഗിളിന്റെ ക്ലൗഡ് വൾനറബിലിറ്റി റിസർച്ച് ടീം നടത്തിയ സമീപകാല പരിശോധനയിൽ പുതിയ മോഡൽ അമ്പരപ്പിക്കുന്ന വേഗത്തിൽ പ്രവർത്തിച്ചിരുന്നു. രണ്ട് മണിക്കൂറിനുള്ളിൽ 3.5 Flash Cyber പൊതു API-കളിലെ റിമോട്ട് കോഡ് എക്‌സിക്യൂഷൻ പിഴവുകൾ കണ്ടെത്തുകയും, ഒരു പ്രധാന സംവിധാനത്തിലെ മെമ്മറി കറപ്ഷൻ കേടുപാട് കണ്ടെത്തുകയും ചെയ്തിരുന്നു.
ദുരുപയോഗം തടയാൻ ജാഗ്രതയോടെ നീക്കം
എഐ മോഡലിന്റെ വിന്യാസത്തിൽ ജാഗ്രതയോടെയുള്ള സമീപനമാണ് ഗൂഗിൾ സ്വീകരിക്കുന്നത്. Gemini 3.5 Flash Cyber പ്രാരംഭത്തിൽ പൈലറ്റ് പ്രോഗ്രാമിലേക്ക് പരിമിതപ്പെടുത്തിയിരിക്കും. ഇത് സർക്കാർ സ്ഥാപനങ്ങൾക്കും വിശ്വസനീയരായ എന്റർപ്രൈസ് പങ്കാളികൾക്കും CodeMender വഴി മാത്രം ലഭ്യമാകും.
ക്ലോഡ് മിത്തോസ്
സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിൽ അസാമാന്യ കഴിവുള്ള ആന്ത്രോപിക്കിന്റെ ക്ലോഡ് മിത്തോസ് ലോകമെങ്ങും ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ എഐ മോഡലുകൾ ആരെങ്കിലും ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് അത് ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല.
ക്ലോഡ് മിത്തോസിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ ഇന്ത്യ, യു.എസ് കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പ്രധാന ബാങ്ക് മേധാവികളുടെ യോഗം വിളിച്ചുചേർക്കുകയും സൈബർ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. പിന്നാലെ എതിരാളിയായ ഓപ്പൺ എഐയും സൈബർ സുരക്ഷാ കഴിവുകളുള്ള എഐ മോഡൽ പുറത്തിറക്കി. മാസങ്ങൾക്കുശേഷം സമാനമായ കഴിവുകളുള്ള ചെലവുകുറഞ്ഞ മോഡൽ പുറത്തിറക്കി ഞെട്ടിച്ചിരിക്കുകയാണ് ഗൂഗിൾ.
Content Highlights: Gemini 3.5 Flash Cyber is a lightweight, cost-effective model for scanning and patching software vulnerabilities., Integrated with CodeMender to analyze code paths and generate high-quality security reports., Proven performance on CyberGym benchmarks against larger, more expensive models., Already active in securing Chrome, Android, and Google Cloud environments., Currently restricted to a limited-access pilot for government and enterprise partners.