സ്വത്ത് നികുതി: കാലിഫോർണിയയിൽനിന്ന് ആസ്തികൾ മാറ്റി ഗൂഗിൾ സഹസ്ഥാപകർ

#Technology Desk
Sergey Brin and Larry Page | Photo: Gettyimages
Sergey Brin and Larry Page | Photo: Gettyimages

അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്ത് ശതകോടീശ്വരർക്ക് പുതുതായി സ്വത്തുനികുതി കൊണ്ടുവരാനുള്ള നീക്കത്തെ ത്തുടർന്ന് സ്വത്തുക്കൾ മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റി ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും. 100 കോടി ഡോളറിനുമുകളിൽ ആസ്തിയുള്ള വ്യക്തികൾക്ക് ഒറ്റത്തവണയായി അഞ്ചു ശതമാനം സ്വത്തുനികുതി കൊണ്ടുവരുന്നതിനാണ് കാലിഫോർണിയ സംസ്ഥാനം പരിഗണിക്കുന്നത്. ഇതു പ്രാബല്യത്തിലായാൽ ജനുവരി ഒന്നിന് കാലിഫോർണിയയിൽ താമസിക്കുന്ന എല്ലാവർക്കും ഇതു ബാധകമാകും. ഇതുമുൻനിർത്തിയാണ് ഇവർ ആസ്തികൾ ഡിസംബറിൽത്തന്നെ മാറ്റിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

ലാറി പേജിന് 27,100 കോടി ഡോളറിന്റെ ആസ്തിയാണ് കണക്കാക്കുന്നത്. സെർജി ബ്രിന്നിന് 25,000 കോടി ഡോളറിന്റെയും. ശതകോടീശ്വരപട്ടികയിൽ ലോകത്തിൽ രണ്ടും അഞ്ചും സ്ഥാനങ്ങളിലാണ് ഇവരുള്ളത്. സ്വത്തുനികുതി വന്നാൽ വലിയ തുക സർക്കാരിന് ഇവർ നൽകേണ്ടിവരും. ഇതു മുൻനിർത്തി ഡിസംബർ 31-നു മുൻപായി ഇരുവരുമായി ബന്ധപ്പെട്ട ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾ നെവാദ, ഡെലാവേർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കു മാറ്റുകയായിരുന്നു.

ലാറി പേജ് 45-നടുത്ത് സംരംഭങ്ങളാണ് ഇത്തരത്തിൽ മാറ്റിയിട്ടുള്ളത്. കാലിഫോർണിയയിലെ ചില കമ്പനികളുടെ പ്രവർത്തനം നിർത്തുകയും ചെയ്തിട്ടുണ്ട്. കുടുംബ ഓഫീസായ ‘കൂപ്’ ഡിസംബറിൽ കാലിഫോർണിയയിൽനിന്ന് ഡെലാവേറിലേക്കു മാറ്റി. അതേസമയം, ഇരുവരും ഇപ്പോഴും താമസിക്കുന്നത് കാലിഫോർണിയയിൽത്തന്നെയാണ്.

Content Highlights: Google Founders Larry Page and Sergey Brin Move Assets to Avoid California Wealth Tax