സ്ട്രീറ്റ് വ്യൂ കാര്‍ നഗ്നത പകര്‍ത്തി; ഗൂഗിള്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടിവരും

വീട്ടുമുറ്റത്ത് നഗ്‌നനായി നിന്നയാളുടെ ചിത്രം ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാര്‍ പകര്‍ത്തിയതിനെത്തുടര്‍ന്ന് 10.8 ലക്ഷം രൂപ (12,500 ഡോളര്‍) നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ബന്ധിതരായി ഗൂഗിള്‍. അര്‍ജന്റീനയിലാണ് സംഭവം. ആറടി ആറിഞ്ച് ഉയരമുള്ള മതിലിന് പിന്നിലായിരുന്നിട്ടും ഇന്റര്‍നെറ്റ് ഭീമന്‍ തന്റെ അന്തസിന് ക്ഷതമേല്‍പ്പിച്ചുവെന്ന് പരാതിക്കാരന്‍ കോടതിയില്‍ വാദിച്ചു.
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ് 2017-ല്‍ ഗൂഗിള്‍ സ്ട്രീറ്റ്‌വ്യൂ കാര്‍ പകര്‍ത്തി പരസ്യപ്പെടുത്തിയത്. സംഭവം തന്നെ ജോലിസ്ഥലത്തും അയല്‍ക്കാര്‍ക്കിടയിലും പരിഹാസത്തിന് ഇരയാക്കിയെന്ന് അദ്ദേഹം വാദിച്ചതായി സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ നഗ്‌നത ഇന്റര്‍നെറ്റില്‍ പ്രചരിച്ചുവെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ വീട്ടുനമ്പറും സ്ട്രീറ്റിന്റെ പേരും ഗൂഗിള്‍ മങ്ങിക്കുക പോലും ചെയ്തില്ല.
2019-ല്‍ അദ്ദേഹം ഗൂഗിളിനെതിരെ കോടതിയെ സമീപിച്ചെങ്കിലും അനുചിതമായ രീതിയില്‍ പുറത്തിറങ്ങി നിന്നതിന് അദ്ദേഹത്തെ കുറ്റപ്പെടുത്തിക്കൊണ്ട് കോടതി തുടക്കത്തില്‍ കേസ് തള്ളി. എന്നാല്‍ അപ്പീല്‍ പാനല്‍ ആ വിധി റദ്ദാക്കി. ചുറ്റുമതിലിന് വേണ്ടത്ര ഉയരമുണ്ടായിരുന്നില്ലെന്ന് ഗൂഗിള്‍ കോടതിയില്‍ വാദിച്ചു. ഒരു വ്യക്തിയുടെ ചിത്രം പൊതുസ്ഥലത്തുനിന്ന് പകര്‍ത്തിയതല്ല, മറിച്ച് അദ്ദേഹത്തിന്റെ വീടിന്റെ പരിസരത്തുനിന്ന് ശരാശരി ഉയരമുള്ള വേലിക്ക് പിന്നില്‍ നിന്നുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം നഗ്‌നമായ ലംഘനമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 'ജനിച്ച അവസ്ഥയില്‍ ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ ആരും ആഗ്രഹിക്കുന്നില്ല. മറ്റുള്ളവര്‍ക്ക് ദോഷം വരുത്തരുതെന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു എന്നതിന് തെളിവായി മുഖങ്ങളും ലൈസന്‍സ് പ്ലേറ്റുകളും മങ്ങിക്കുന്ന ഗൂഗിളിന്റെ നയവും കോടതി ഉദ്ധരിച്ചു.
Content Highlights: Google pays compensation to an Argentine man after a Street View car captured his naked image