'ഹെൽപ്, ട്രാഫിക്കോ, എല്‍.എ.പി.ഡി.'; ദുരൂഹതയുണർത്തി ഗൂഗിള്‍ എർത്ത് ചിത്രങ്ങൾ; അന്വേഷണം നടത്തി പോലീസ്

ദുരൂഹതയുയര്‍ത്തി അമേരിക്കയിലെ ലോസ് ആഞ്ജിലിസില്‍നിന്നുള്ള ഗൂഗിള്‍ എര്‍ത്ത് ചിത്രങ്ങള്‍. തുറമുഖത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട സ്ഥലത്തെ അവശിഷ്ടങ്ങളില്‍ ഇംഗ്ലീഷില്‍ 'ഹെല്പ്, ട്രാഫിക്കോ, എല്‍.എ.പി.ഡി.' എന്നീ വാക്കുകള്‍ എഴുതിയ നിലയിലാണ് ചിത്രങ്ങള്‍ കാണപ്പെട്ടത്. പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ പലതരത്തിലുള്ള ഗൂഢാലോനാസിദ്ധാന്തങ്ങള്‍ പ്രചരിച്ചു. ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതര്‍.
ലോസ് ആഞ്ജിലിസിലെ സിറ്റി ഹാളില്‍നിന്ന് ഒരു മൈല്‍ ദൂരം മാറിയുള്ള റെയില്‍ യാര്‍ഡിന്റേതാണ് ചിത്രങ്ങളെന്ന് പോലീസ് സ്ഥിരീകരിച്ചു. യൂണിയന്‍ പെസിഫിക് റെയില്‍റോഡിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. സ്പാനിഷ് ഭാഷയില്‍ ട്രാഫിക് എന്ന് അര്‍ഥം വരുന്ന 'ട്രാഫിക്കോ' എന്ന വാക്ക് കാണപ്പെട്ടതാണ് ദുരൂഹത ഉയര്‍ത്തിയത്. തുറമുഖത്തിന് അടുത്തായതുകൊണ്ടുതന്നെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ആരെങ്കിലും സഹായം തേടിയതാണോ ഇതെന്നായിരുന്നു സാമൂഹികമാധ്യമ ഉപയോക്താക്കള്‍ ഏറെയും ഉയർത്തിയ സംശയം.
എന്നാല്‍, പ്രദേശത്ത് യാതൊരു ക്രിമിനല്‍ പ്രവര്‍ത്തനവും നടക്കുന്നില്ലെന്ന് യൂണിയന്‍ പെസിഫിക് റെയില്‍റോഡ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, ഇവിടെ ആളുകള്‍ അനധികൃതമായി കടന്നുകയറുന്നുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രത്തിന് ഒരുവര്‍ഷത്തിലേറെപ്പഴക്കമുണ്ട്. നേരത്തെ ഇവിടെ കടന്നുകയറിയ ഒരാള്‍ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ സൃഷ്ടിച്ചിരുന്നതായും യൂണിയന്‍ പെസഫിക് പോലീസ് ഡിപ്പാര്‍ട്‌മെന്റിന്റെ വക്താവ് പറഞ്ഞു.
Content Highlights: Google Earth Mystery: LA Rail Yard Graffiti Explained