ചിപ്പ്ക്ഷാമം: ആഘാതം കേരളത്തിലെ വീടുകളിലും, പ്രതിസന്ധി സൃഷ്ടിച്ച് NVIDIA-യുടെ നീക്കം

#അനുഷാ ഗോവിന്ദ്
പ്രതീകാത്മകചിത്രം | AFP, AI
പ്രതീകാത്മകചിത്രം | AFP, AI

കോഴിക്കോട്: അങ്ങകലെ എവിടെയോ ഉള്ള ചിപ്പ് ക്ഷാമത്തിന്റെ ബുദ്ധിമുട്ട് എത്തിനിൽക്കുന്നത് നമ്മുടെ അടുക്കളവരെ. മൊബൈൽഫോണുകളെ മുതൽ ഫ്രിഡ്ജിനെയും വാഷിങ് മെഷീനെയുംവരെ ചിപ്പ് ക്ഷാമം ബാധിച്ചു തുടങ്ങി.

എ.ഐ. ബൂമിന്റെ ഭാഗമായി എ.ഐ. ഡേറ്റാസെന്ററുകൾ കൂടുതൽ ചിപ്പ് വാങ്ങാൻ തുടങ്ങിയതോടെയാണ് പ്രശ്നം തുടങ്ങിയത്. ഇതോടെ പ്രമുഖ ചിപ്പ് നിർമാണ കമ്പനികൾ, എ.ഐ. ഡേറ്റാസെന്ററുകൾക്കുവേണ്ട ചിപ്പ് ഉത്പാദനത്തിന് പ്രാധാന്യം കൊടുത്തത് മറ്റു മേഖലകൾക്ക് തിരിച്ചടിയായി.

മൈക്രോസോഫ്റ്റ്, ഗൂഗിൾ, മെറ്റ, ആമസോൺ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ എ.ഐ. രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ചിപ്പിന്റെ (എ.ഐ. ഗ്രാഫിക് പ്രോസസിങ് യൂണിറ്റ്-എ.ഐ. ജി.പി.യു.) ഉപയോഗം കൂടി. ഇതോടെ ഇവർക്കുവേണ്ടിയായി ചിപ്പുനിർമാണം കൂടുതലും.

'എൻവിഡിയ' എന്ന അമേരിക്കൻ കമ്പനി നിർമിക്കുന്ന ചിപ്പുകളാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഉപയോഗിക്കുന്നത്. എ.ഐ.യുമായി ബന്ധപ്പെട്ട ജി.പി.യു. പോലുള്ള വികസിത ചിപ്പുകൾക്ക് ക്ഷാമംനേരിട്ടതോടെ 'എൻവിഡിയ' പോലുള്ള കമ്പനികൾ അവയുടെ ഉത്പാദനം ഇരട്ടിയാക്കി. പകരം ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന എ.സി., ലാപ്ടോപ്പ്, സ്മാർട്ട് ഫോൺ, സ്മാർട്ട് ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ഡൈനാമിക് റാൻഡം ആക്സസ് മെമ്മറി (ഡി.ആർ.എ.എം.) ചിപ്പിന്റെയും മറ്റു ചിപ്പുകളുടെയും ഉത്പാദനം കുറയ്ക്കുകയും ചെയ്തു. ഇതോടെ പല പ്രമുഖ ഇലക്ട്രോണിക് കമ്പനികളും അവരുടെ ഉത്പാദനം 10 ശതമാനം മുതൽ 20 ശതമാനംവരെ കുറച്ചു.

വരവു കുറഞ്ഞു, വിലകൂടി

2025-നെ അപേക്ഷിച്ച് 2026-ന്റെ തുടക്കം മുതൽ സ്മാർട്ട്‌ഫോൺ കമ്പനികൾ വിപണിയിൽ എത്തിച്ച ഫോണുകളുടെ എണ്ണം മൂന്നുശതമാനം കുറവാണ്. ആറു വർഷത്തിനിടയിലുള്ള ഏറ്റവും താഴ്ന്ന കണക്കാണിത്. പ്രമുഖ ബ്രാൻഡുകളുടെ ഫോണുകൾക്ക് 3000 രൂപ മുതൽ 20,000 രൂപ വരെ വില വർധിക്കുകയും ചെയ്തു.

ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, ടാബ്‌ലെറ്റുകൾ എന്നിവയ്ക്കും 5000 മുതൽ 50,000 രൂപവരെയാണ് വർധിച്ചിരിക്കുന്നത്. 6000 രൂപയുണ്ടായിരുന്ന ഹാർഡ് ഡിസ്‌കുകൾക്ക് 10,000 രൂപയായും സോളിഡ് സ്റ്റേറ്റ് ഡ്രൈവുകൾ (എസ്.എസ്.ഡി.)ക്ക് 15,000 രൂപയുണ്ടായിരുന്നത് 25,000 രൂപയായും വർധിച്ചു.

എ.സി.ക്ക് 3000-5000 രൂപവരെയും സ്മാർട്ട് ടി.വി.ക്ക് 3000-8000 രൂപവരെയും വില ഉയർന്നിട്ടുണ്ട്. ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയവ സ്റ്റോക്കുള്ളതിനാൽ കാര്യമായി ബാധിച്ചു തുടങ്ങിയിട്ടില്ല.

Content Highlights: AI data centers prioritizing GPU production have caused a global chip shortage., Consumer electronics production reduced by 10-20 percent in 2026., Smartphone shipments dropped by 3% in early 2026, the lowest in six years., Prices for laptops, SSDs, and smart TVs have seen significant inflation., Nvidia's production shift has directly impacted the supply chain for daily appliances.