AI ഒരു വലിയ ദുരന്തം സൃഷ്ടിച്ചേക്കാം, വൈകാതെ അത് സംഭവിക്കാം; മുന്നറിയിപ്പുമായി ജെഫ്രി ഹിന്റൺ

നിർമിതബുദ്ധി (എഐ) വൈകാതെ തന്നെ ഒരു വലിയ ദുരന്തം സൃഷ്ടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി എഐയുടെ തലതൊട്ടപ്പനെന്ന് വിശേഷിപ്പിക്കപ്പെടുന്ന നൊബേൽ ജേതാവായ ജെഫ്രി ഹിന്റൺ. ഈ വർഷമോ അടുത്ത വർഷമോ ചെർണോബിൽ മാതൃകയിലുള്ള ഒരു ദുരന്തം ഉണ്ടായേക്കാമെന്നാണ് അദ്ദേഹം പറയുന്നത്. അതിലൂടെ സാമ്പത്തിക-വൈദ്യുതി സംവിധാനങ്ങൾ താത്കാലികമായി തടസപ്പെട്ടേക്കാമെന്നും എഐയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുടെ പ്രദർശനത്തിന് മുന്നോടിയായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിലുള്ളതോ തെറ്റായ രീതിയിൽ ക്രമീകരിച്ചതോ ആയ എഐ ഏജന്റുകൾക്ക് പവർ ഗ്രിഡുകൾ, ഫിനാൻഷ്യൽ നെറ്റ്വർക്കുകൾ, ആശയവിനിമയ സംവിധാനങ്ങൾ അല്ലെങ്കിൽ ഓട്ടോണമസ് റോബോട്ടിക് സംവിധാനങ്ങൾ തുടങ്ങിയ നിർണായക അടിസ്ഥാന സൗകര്യങ്ങളിലേക്ക് കടന്നുകയറാൻ കഴിഞ്ഞേക്കാമെന്നും അത് വലിയ ദുരന്തത്തിന് കാരണമായേക്കാമെന്നും മുൻപും പല വിദഗ്ധരും മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തിലാണ് ജെഫ്രി ഹിന്റണിന്റെ പരാമർശം ശ്രദ്ധേയമാകുന്നത്.
ട്രംപിനും വിമർശനം വിമർശനം
എഐ ഉയർത്തുന്ന വലിയ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയും ഹിന്റൺ പരോക്ഷ വിമർശനം ഉന്നയിച്ചു. മനുഷ്യരാശി ഈ സാങ്കേതികവിദ്യ വികസിപ്പിച്ചില്ലായിരുന്നുവെങ്കിൽ അതായിരുന്നു കൂടുതൽ നന്നാവുക എന്ന'ദി ഗാർഡിയൻ' പത്രത്തോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞാൻ എഐയെക്കുറിച്ച് വലിയ ആശങ്ക പരത്തുന്ന ആളല്ല. എന്നാൽ ഈ വർഷാവസാനമോ അടുത്ത വർഷമോ നമ്മൾ ഒരു ‘ചെർണോബിൽ ദുരന്തം’ കണ്ടേക്കാം. എന്താണ് സംഭവിക്കുക എന്ന് നിങ്ങൾക്ക് ഊഹിക്കാനാവുമോ? എങ്കിൽ നമുക്ക് അതിൽ നിന്ന് കരകയറാൻ കഴിഞ്ഞേക്കും' - അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങൾ എന്ന് ഉദ്ദേശിച്ചത് ആരെക്കുറിച്ചാണെന്ന ചോദ്യത്തിനും ഹിന്റൺ മറുപടി നൽകി. 'ട്രംപ് ഒഴികെയുള്ള ലോക നേതാക്കൾ'- അദ്ദേഹം പറഞ്ഞു. എഐ വികസനത്തിന്റെ വേഗം കുറയ്ക്കാനുള്ള നീക്കങ്ങളെ അതിശക്തമായി എതിർത്തിരുന്ന നേതാവാണ് യു.എസ് പ്രസിഡന്റ് ട്രംപ്. ഈ പശ്ചാത്തലത്തിലാണ് വിമർശനം എന്നാണ് സൂചന.
‘ടെക് സിഇഓമാർക്ക് എല്ലാം അറിയാം; അവർക്ക് പണമാണ് പ്രധാനം’
മത്സരത്തിൽ മുൻതൂക്കം നേടുന്നതിനായി മികച്ച എഐ മോഡലുകൾ വികസിപ്പിക്കാൻ തിടുക്കം കാട്ടുന്ന സാം ഓൾട്ട്മാൻ, എലോൺ മസ്ക് തുടങ്ങിയ എഐ കമ്പനി മേധാവികളെയും 78 കാരനായ അദ്ദേഹം വിമർശിച്ചു. മസ്കും സാം ഓൾട്ട്മാനും അപകടസാധ്യതകൾ മനസ്സിലാക്കുന്നുണ്ട്. പക്ഷേ അവർക്ക് അതൊന്നും ഒരു പ്രശ്നമേയല്ല. അവർക്ക് പണമാണ് പ്രധാനമെന്നും ഹിന്റൺ ആരോപിക്കുന്നു.
ആരാണ് ജെഫ്രി ഹിന്റൺ
ഇന്നത്തെ രീതിയിലുള്ള എഐ സംവിധാനങ്ങൾക്കും ആപ്ലിക്കേഷനുകൾക്കും കരുത്ത് പകരുന്ന മെഷീൻ ലേണിങ്ങിന് അടിത്തറയിട്ട ശാസ്ത്രജ്ഞനാണ് നൊബേൽ ജേതാവായ ജെഫ്രി ഹിന്റൺ. എന്നാൽ അതിവേഗത്തിലുള്ള എഐ മുന്നേറ്റത്തിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം പിന്നീട് താൻ ജോലി ചെയ്തിരുന്ന സ്ഥാപനമായ ഗൂഗിളുമായുള്ള ബന്ധം ഉപേക്ഷിച്ചു. എഐ ഇത്തരത്തിൽ മുന്നേറുന്നപക്ഷം ഈ സാങ്കേതികവിദ്യ കൈവിട്ടുപോയേക്കാമെന്ന് ഹിന്റൺ മുമ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: Geoffrey Hinton warns of a potential Chernobyl-scale AI disaster affecting financial or power systems soon., He criticized tech leaders like Sam Altman, Elon Musk, and Mark Zuckerberg for prioritizing profits over safety., Hinton suggests humanity might have been better off without developing AI, though he remains cautiously hopeful.