മൂന്നുതവണയും നൽകിയത് തെറ്റായ ഉത്പന്നം; ഫ്ളിപ്കാർട്ടിന് 25,000 രൂപ പിഴ

ഓൺലൈനിൽ ട്രിമ്മർ വാങ്ങാൻ ഓർഡർ കൊടുത്ത യുവാവിന് മൂന്നാംതവണയും തെറ്റായ ഉത്പന്നം നല്കിയ ഫ്ലിപ്കാർട്ടിന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ 25,000 രൂപ പിഴ ചുമത്തി. പുതുപ്പള്ളി സ്വദേശി സി.ജി. സന്ദീപിന്റെ പരാതിയിലാണ് നടപടി.
ട്രിമ്മർ ഓർഡർചെയ്ത സന്ദീപിന് വ്യത്യസ്തമായ ഉത്പന്നമാണ് ലഭിച്ചത്. ഇക്കാര്യം സൂചിപ്പിച്ച് തുക റീഫണ്ട് ചെയ്യുന്നതിന് അപേക്ഷിച്ചു. പിന്നീട് അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്തു. തെറ്റായ ഉത്പന്നമാണ് വീണ്ടും കിട്ടിയത്. ഇത് സ്വീകരിക്കാതെ തിരിച്ചയച്ചു.
ഫ്ളിപ്കാർട്ടിന്റെ കസ്റ്റമർ കെയറിൽ പുതിയ പരാതിയും നൽകി. മൂന്നാംതവണയും ഇത് ആവർത്തിച്ചപ്പോഴാണ് ഇദ്ദേഹം പരാതി നൽകിയത്. ആദ്യം ഫ്ളിപ്കാർട്ടിന് പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്നാണ് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനിൽ പരാതി നൽകിയത്.
കൃത്യത ഉറപ്പാക്കാൻ ഓൺലൈൻ മാർക്കറ്റിങ് സ്ഥാപനങ്ങൾ കർശനനടപടി സ്വീകരിക്കണമെന്ന് അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിൽ നിർദേശിച്ചു. പിഴയായി അടയ്ക്കാൻ നിർദേശിച്ച 25,000 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകും.
Content Highlights: Flipkart Fined ₹25,000 for Wrong Order