ഫ്ളിപ്കാർട്ട് ഫുഡ് ഡെലിവറി സേവനം ആരംഭിക്കുന്നു; സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളി

#ടെക്നോളജി ഡെസ്ക്
പ്രതീകാത്മക ചിത്രം| ഫോട്ടോ: പി.ടി.ഐ
പ്രതീകാത്മക ചിത്രം| ഫോട്ടോ: പി.ടി.ഐ

ഫ്ളിപ്കാർട്ട് ഫുഡ് ഡെലിവറി സേവനം ഉടൻ ആരംഭിച്ചേക്കും ‘ഈറ്റ് ഇൻ മിനിറ്റ്സ്’ (Eat in Minutes) എന്ന പേരിൽ ഫുഡ് ഡെലിവറി സേവനം പരീക്ഷിക്കുന്ന ഫ്ളിപ്കാർട്ട്, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളിയുയർത്താനാണ് ഒരുങ്ങുന്നത്. ടെക് ക്രഞ്ചിന്റെ റിപ്പോർട്ട് പ്രകാരം, ബെംഗളൂരുവിലാണ് നിലവിൽ സേവനത്തിന്റെ പരീക്ഷണം നടക്കുന്നത്. ഈ മാസം അവസാനത്തോടെ സേവനം പൊതുജനങ്ങൾക്കായി അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്താണ് ഫ്ളിപ്കാർട്ടിന്റെ ഈറ്റ് ഇൻ മിനിറ്റ്സ്?

ഫ്ളിപ്കാർട്ട് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ഫുഡ് ഡെലിവറി സേവനമാണ് ഈറ്റ് ഇൻ മിനിറ്റ്സ്. കമ്പനിയുടെ ഷോപ്പിങ് ആപ്പിൽ പ്രത്യേക ടാബിലൂടെയായിരിക്കും ഉപഭോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യാനാകുക. ഫ്ളിപ്കാർട്ട് മിനിറ്റ്സ് എന്ന ക്വിക്ക് കൊമേഴ്സ് സേവനത്തിന്റെ മാതൃകയിലാണ് പുതിയ സംവിധാനവും ഒരുക്കുന്നത്

ടെക് ക്രഞ്ചിന്റെ റിപ്പോർട്ട് അനുസരിച്ച്, ഫ്ളിപ്കാർട്ട് ഈറ്റ് ഇൻ മിനിറ്റ്സ് സേവനം 2026 ഒക്ടോബർ അവസാനത്തോടെ പൊതുജനങ്ങൾക്കായി ലഭ്യമാക്കിയേക്കും. എന്നാൽ, സേവനം ആരംഭിക്കുന്ന കൃത്യമായ തീയതിയും ആദ്യഘട്ടത്തിൽ ഏതെല്ലാം നഗരങ്ങളിൽ ലഭ്യമാകുമെന്നും വ്യക്തമാക്കിയിട്ടില്ല. തുടക്കത്തിൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമായിരിക്കും സേവനം ലഭ്യമാകാൻ സാധ്യത.

Read More: യാൻഡെക്സിന് നേരെ യുക്രൈൻ മിസൈൽ ആക്രമണം; റഷ്യയിൽ ഡിജിറ്റൽ സേവനങ്ങൾ പൂർണമായും സ്തംഭിച്ചു! വലഞ്ഞ് ജനങ്ങൾ

ഫ്ളിപ്കാർട്ടിന്റെ ഫുഡ് ഡെലിവറി സേവനം പരീക്ഷിക്കുന്നത് എവിടെ?

‌ഫ്ളിപ്കാർട്ട് നിലവിൽ സ്വന്തം ജീവനക്കാർക്കിടയിലാണ് സേവനം പരീക്ഷിക്കുന്നത്. തുടക്കത്തിൽ നൂറോളം ജീവനക്കാരെ ഉൾപ്പെടുത്തിയ പരീക്ഷണത്തിൽ ഇപ്പോൾ 8,000 ജീവനക്കാർ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സേവനത്തിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും പൊതുജനങ്ങളിലേക്ക് വ്യാപിപ്പിക്കുക.

ഫ്ളിപ്കാർട്ടിലൂടെ ഏതൊക്കെ റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാം?

ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ONDC) വഴി ലിസ്റ്റ് ചെയ്തിട്ടുള്ള റെസ്റ്റോറന്റുകളിൽ നിന്നും ഫ്ളിപ്കാർട്ടിൽ നേരിട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള റെസ്റ്റോറന്റുകളിൽ നിന്നുമുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ ഉപഭോക്താക്കൾക്ക് സാധിക്കുമെന്നാണ് റിപ്പോർട്ട്. ഉപഭോക്താക്കളെയും വിൽപനക്കാരെയും ബന്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഡിജിറ്റൽ വാണിജ്യ ശൃംഖലയാണ് ONDC.

Read More: ആപ്പിളിന്റെ പുതിയ മാക് ലോഞ്ച് അടുത്ത ആഴ്ച: OLED ടച്ച്‌സ്ക്രീൻ മാക്ബുക്ക് പ്രോയും M6 ചിപ്പുകളും എത്തിയേക്കും

സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും ഫ്ളിപ്കാർട്ട് വെല്ലുവിളിയാകുമോ?

ഇന്ത്യൻ ഫുഡ് ഡെലിവറി വിപണിയിൽ സൊമാറ്റോയും സ്വിഗ്ഗിയുമാണ് പ്രധാന ശക്തികൾ. 2024-ലെ കണക്കുകൾ പ്രകാരം സൊമാറ്റോയ്ക്ക് 58 ശതമാനവും സ്വിഗ്ഗിക്ക് 34 ശതമാനവും വിപണിവിഹിതമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ വിപണിയിലേക്കുള്ള ഫ്ളിപ്കാർട്ടിന്റെ പ്രവേശനം മത്സരം കൂടുതൽ ശക്തമാക്കാൻ സാധ്യതയുണ്ട്.

ബൈക്ക് ടാക്സി സേവനമായ റാപ്പിഡോയും ‘ഓൺലി’ (Ownly) എന്ന പേരിൽ ഫുഡ് ഡെലിവറി സേവനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഈ സേവനം നിലവിൽ പരിമിതമായ പ്രദേശങ്ങളിൽ മാത്രമാണ് ലഭ്യമാകുന്നത്.

മുൻപ് ഊബർ ഈറ്റ്സ് ഇന്ത്യയിലെ ഫുഡ് ഡെലിവറി രംഗത്തേക്ക് പ്രവേശിച്ചിരുന്നെങ്കിലും 2020-ൽ പ്രവർത്തനം ആരംഭിച്ച് മൂന്നാം വർഷത്തിൽ സൊമാറ്റോയ്ക്ക് ബിസിനസ് വിറ്റ് വിപണിയിൽ നിന്ന് പിന്മാറി. ആമസോണും ഗൂഗിളും ഈ മേഖലയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഫ്ളിപ്കാർട്ടിന്റെ പുതിയ നീക്കം വിജയിക്കുമോ, അതോ സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും ആധിപത്യം തുടരുമോ എന്നത് വരുംമാസങ്ങളിൽ വ്യക്തമാകും.

Content Highlights: Flipkart is launching its food delivery service named 'Eat in Minutes' to challenge market leaders Swiggy and Zomato.