കൊറോണാഗ്രാഫുമായുള്ള ബന്ധം നഷ്ടപ്പെട്ടു, പ്രോബ-3 ദൗത്യം പ്രതിസന്ധിയിൽ, ഇനിയെന്ത് ?

#ടെക്‌നോളജി ഡെസ്‌ക്
പ്രോബ -3 ദൗത്യത്തിന്റെ ഭാഗമായ രണ്ട് ഉപഗ്രഹങ്ങള്‍. Photo - esa.int
പ്രോബ -3 ദൗത്യത്തിന്റെ ഭാഗമായ രണ്ട് ഉപഗ്രഹങ്ങള്‍. Photo - esa.int

പ്രതിസന്ധി നേരിട്ട് യൂറോപ്പ് പ്രാധാന്യത്തോടെ നടത്തിവന്ന സൗര ദൗത്യമായ പ്രോബ-3. ദൗത്യത്തിന് ഊർജം പകർന്നുവന്ന രണ്ട് ഉപഗ്രഹങ്ങളിൽ ഒന്നായ കൊറോണാഗ്രാഫ് പ്രവർത്തനരഹിതമായി. ഉപഗ്രഹവും ഗ്രൗണ്ട് കൺട്രോളും തമ്മിലുള്ള ബന്ധം നഷ്ടപ്പെടാനുള്ള കാരണം വ്യക്തമായിട്ടില്ലെന്നാണ് യൂറോപ്യൻ സ്‌പേസ് ഏജൻസി (ESA) പറയുന്നത്. കാരണം കണ്ടെത്താൻ ശാസ്ത്രജ്ഞർ ശ്രമം തുടങ്ങിയിട്ടുണ്ട്. ദൗത്യസംഘങ്ങൾ ഉപഗ്രഹവുമായുള്ള ബന്ധം വീണ്ടെടുക്കാൻ കഠിനാധ്വാനം ചെയ്യുകയാണെന്നും ഏജൻസി പറയുന്നു.

2026 ഫെബ്രുവരിയിൽ അജ്ഞാത കാരണത്താൽ കൊറോണാഗ്രാഫിന്റെ ഭ്രമണം തടസപ്പെട്ടിരുന്നു. സൗരോർജ പാനലുകൾ സൂര്യനെ അഭിമുഖീകരിക്കുന്നത് നിർത്തിയതോടെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയാതെയായി. ഇതോടെ ഉപഗ്രഹത്തിന് സേഫ് മോഡിലേക്കെത്താൻ കഴിഞ്ഞില്ല. ആശയവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടു.

ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ 2024-ലാണ് പ്രോബ 3 വിജയകരമായി വിക്ഷേപിച്ചത്. കൊറോണാഗ്രാഫ്, ഒക്കുൾട്ടർ എന്നിങ്ങനെ രണ്ട് ഉപഗ്രഹങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ദൗത്യം.

150 മീറ്റർ അകലത്തിൽ പറക്കുന്ന രണ്ട് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് സൂര്യന്റെ കൊറോണയെക്കുറിച്ച് പഠിക്കാനാണ് ദൗത്യം ലക്ഷ്യമിട്ടിരുന്നത്. നിലവിൽ പ്രവർത്തനക്ഷമമായ ഒക്കുൾട്ടർ ഉപഗ്രഹം ഉപയോഗിച്ച് ബന്ധം പുനഃസ്ഥാപിക്കാനാണ് ദൗത്യസംഘങ്ങൾ പരിശ്രമിക്കുന്നത്. കേടുപാടുകൾ വിലയിരുത്തുന്നതിനായി കൊറോണാഗ്രാഫിനെ സമീപിക്കാൻ ഒക്കുൾട്ടർ സംഘം ഉപയോഗിച്ചേക്കാം എന്നാണ് സൂചനകൾ.

Content Highlights: Proba-3 Coronagraph satellite has entered survival mode and lost contact., The anomaly occurred due to a failure in attitude control in February 2026., ESA is attempting to use the healthy Occulter satellite to assess damage., The mission aims to study the Sun's corona via artificial solar eclipses.