'എക്‌സി'നെ സ്വന്തം കമ്പനിക്ക് വിറ്റു; തുടക്കം മാത്രമെന്ന് മസ്‌ക്‌

പ്രതീകാത്മക ചിത്രം, ഇലോണ്‍ മസ്‌ക്‌ | Photo: PTI, AP
പ്രതീകാത്മക ചിത്രം, ഇലോണ്‍ മസ്‌ക്‌ | Photo: PTI, AP

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ 'എക്‌സി'നെ സ്വന്തം നിര്‍മിത ബുദ്ധി സ്റ്റാര്‍ട്ട്അപ്പായ എക്‌സ് എ.ഐ. ഏറ്റെടുത്തതായി ഇലോണ്‍ മസ്‌ക്. 33 ബില്യണ്‍ ഡോളറിന്റെ ഓള്‍- സ്‌റ്റോക്ക് ഡീലില്‍ 'എക്‌സി'നെ വിറ്റതായാണ് പ്രഖ്യാപനം. എക്‌സ്  എ.ഐയ്ക്ക് 80 ബില്യണ്‍ ഡോളറിന്റേയും എക്‌സിന് 33 ബില്യണ്‍ ഡോളറിന്റേയും മൂല്യം കണക്കാക്കിയാണ് ഡീല്‍.

രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച എക്‌സ് എ.ഐ. അതിവേഗം ലോകത്തെ മുന്‍നിര നിര്‍മിതബുദ്ധി ലാബുകളില്‍ ഒന്നായി മാറിയതായി മസ്‌ക് അവകാശപ്പെട്ടു. 60 കോടി ആക്ടീവ് യൂസര്‍മാരാണ് എക്‌സിലുള്ളതെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു. ലയനം എന്ന് വിശേഷിപ്പക്കപ്പെടാവുന്ന ഏറ്റെടുക്കല്‍ ഒരു തുടക്കം മാത്രമാണെന്നും കുറിപ്പില്‍ പറയുന്നു.

2022-ലാണ് മസ്‌ക് 44 ബില്യണ്‍ ഡോളറിന് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഏറ്റെടുത്തത്. പിന്നാലെ ട്വിറ്ററിന്റേ പേര് എക്‌സ് എന്ന് മാറ്റി. 2023 മാര്‍ച്ചിലാണ് മസ്‌ക് എക്‌സ് എ.ഐ. സ്ഥാപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ എക്‌സ് എ.ഐ. തങ്ങളുടെ ചാറ്റ് ബോട്ടിന്റെ ഏറ്റവും പുതിയ പതിപ്പായ ഗ്രോക് 3 പുറത്തിറക്കിയിരുന്നു.

Content Highlights: Elon Musk`s xAI acquires X, his social media platform