'എല്ലാം ഒരുകുടക്കീഴിൽ'; മസ്കിന്റെ എക്സിൽ സ്ട്രീമിങ്, സാമ്പത്തിക സേവനങ്ങൾ ഈ വർഷം ആരംഭിക്കുമെന്ന് CEO

എക്സ് ഉടമ ഇലോൺ മസ്ക്, സി.ഇ.ഒ. ലിന്‍ഡ യക്കാരിനോ | Photos: AFP
എക്സ് ഉടമ ഇലോൺ മസ്ക്, സി.ഇ.ഒ. ലിന്‍ഡ യക്കാരിനോ | Photos: AFP

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമം എക്‌സ് പുതിയ ചുവടുവെപ്പുകളിലേക്ക് കടക്കുന്നു. എക്‌സില്‍ സ്ട്രീമിങ്, സാമ്പത്തിക സേവനങ്ങള്‍ 2025-ല്‍ ആരംഭിക്കുമെന്ന് സി.ഇ.ഒ ലിന്‍ഡ യക്കാരിനോ പറഞ്ഞു. എക്‌സിലൂടെയാണ് ലിന്‍ഡ ഇക്കാര്യം പറഞ്ഞത്. 

'2024-ല്‍ എക്‌സ് ലോകത്തെ മാറ്റിമറിച്ചു. ഇപ്പോള്‍ നിങ്ങളാണ് മാധ്യമങ്ങള്‍. ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയ വഴികളിലൂടെ 2025-ല്‍ എക്‌സ് നിങ്ങളെ കണക്ട് ചെയ്യും. എക്‌സ് ടി.വി, എക്‌സ് മണി, ഗ്രോക് എന്നിങ്ങനെ ഒരുപാടുണ്ട്. തയ്യാറെടുക്കൂ. പുതുവത്സരാശംസകള്‍.' -എക്‌സ് സി.ഇ.ഒ. ലിന്‍ഡ ട്വീറ്റ് ചെയ്തു. 

ചൈനയിലെ വീചാറ്റ് ആപ്പിന് സമാനമായി എല്ലാം ഒരുകുടക്കീഴില്‍ ലഭിക്കുന്ന പ്ലാറ്റ്‌ഫോമാക്കി എക്‌സിനെ മാറ്റണമെന്ന ഉടമ ഇലോണ്‍ മസ്‌കിന്റെ ആഗ്രഹത്തിലേക്കുള്ള ചുവടുവെപ്പാണ് പുതിയ പ്രഖ്യാപനം. 2023 ഒക്ടോബറില്‍ എക്‌സ് കമ്പനിയിലെ യോഗത്തിലാണ് ഇലോണ്‍ മസ്‌ക് തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. 'എവരിതിങ് ആപ്പ്' എന്ന നിലയില്‍ എക്‌സിനെ മാറ്റുമെന്നാണ് അന്ന് മസ്‌ക് പറഞ്ഞത്. 

Content Highlights: X to Offer Streaming and Financial Services in 2025 With X TV and X Money, Says CEO