നീയെന്തോന്നാ ഈ പറയുന്നേ…! ഗ്രോക്കിൽ തകരാർ, വിചിത്ര മറുപടികളിൽ അമ്പരന്ന് ഉപയോക്താക്കൾ; വ്യാപക പരാതി

#ടെക്നോളജി ഡെസ്ക്
പ്രതീകാത്മകചിത്രം | AFP
പ്രതീകാത്മകചിത്രം | AFP

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് എഐയുടെ (മുമ്പ് എക്സ് എഐ) ‘ഗ്രോക്’ ചാറ്റ്ബോട്ടിന് വലിയ സാങ്കേതിക തകരാറുകൾ നേരിടുന്നതായി റിപ്പോർട്ട്. ഉപയോക്താക്കൾ നൽകുന്ന നേരിട്ടുള്ള ലളിതമായ ചോദ്യങ്ങൾക്ക് ഗ്രോക്ക് അർഥശൂന്യമായ വാക്കുകൾ മറുപടി നൽകുന്നുവെന്നറിയിച്ച് ഉപയോക്താക്കൾ രംഗത്തുവന്നു. ഇതോടെയാണ് ചാറ്റ്ബോട്ടിന് സാങ്കേതിക തകരാറുണ്ടെന്ന വിധത്തിൽ റിപ്പോർട്ടുകൾ വന്നത്.

ഒരു ഉപയോക്താവ് ചാറ്റ്ബോട്ടിനോട് ഒരു PDF ഫയൽ നിർമിക്കാൻ ആവശ്യപ്പെട്ടപ്പോൾ, “match it without and your they and two for planets can practical and often cheese...” എന്നിങ്ങനെയുള്ള പരസ്പരബന്ധമില്ലാത്ത വാക്കുകൾ അടങ്ങിയ ഒരു വാചകമാണ് ഗ്രോക് മറുപടിയായി നൽകിയത്. സോഴ്സ് ലിങ്കുകൾ ആവശ്യപ്പെട്ടപ്പോൾ മറ്റേതോ ലിങ്കുകളിലേക്ക് വഴിതിരിച്ചുവിട്ടതായും ഉപയോക്താക്കൾ പറയുന്നുണ്ട്.

ബുധനാഴ്ച രാവിലെ മുതൽ ഗ്രോക്ക് ലൈറ്റ് പതിപ്പിലാണ് ഈ പ്രശ്നം ആദ്യം നേരിട്ടുതുടങ്ങിയത്. അതേസമയം, ഈ പ്രശ്നം എല്ലാ ഉപയോക്താക്കളെയും ബാധിച്ചിട്ടില്ലെന്നും ചെറിയൊരു വിഭാഗത്തിന് മാത്രമാണ് ഇത് നേരിട്ടതെന്നും പറയപ്പെടുന്നു. റെഡ്ഡിറ്റിലെ ഗ്രോക്ക് കമ്മ്യൂണിറ്റിയിലും നിരവധി ആളുകൾ സമാനമായ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്.

ചാറ്റ് റീഫ്രഷ് ചെയ്യുന്നത് വഴി താൽക്കാലികമായി പ്രശ്നം പരിഹരിക്കപ്പെടുന്നുണ്ടെങ്കിലും, ചില ഉപയോക്താക്കൾക്ക് പലതവണ റീഫ്രഷ് ചെയ്ത ശേഷവും ഈ തകരാർ തുടരുന്നതായി ടെക്ക് ക്രഞ്ച് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, Grok.com എന്ന വെബ്സൈറ്റ് വഴി നേരിട്ട് നടത്തുന്ന ചോദ്യങ്ങൾക്ക് മാത്രമാണ് ഈ തകരാർ ബാധിച്ചിട്ടുള്ളതെന്നും എക്സ് (X.com) പ്ലാറ്റ്‌ഫോമിലെ ഗ്രോക്ക് അക്കൗണ്ടിനെ ഇത് ബാധിച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കി.

ചാറ്റ്ബോട്ട് സാങ്കേതികവിദ്യയിൽ അപൂർവമായി സംഭവിക്കുന്ന വെറുമൊരു താൽക്കാലിക ജനറേഷൻ ഗ്ലിച്ച് മാത്രമാണെന്നാണ് ഗ്രോക്കിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നൽകിയിരിക്കുന്ന വിശദീകരണം. കൂടാതെ, status.x.ai അനുസരിച്ച് ഗ്രോക്കിന്റെ മറ്റ് സേവനങ്ങളെല്ലാം സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും, പുതിയൊരു ചാറ്റ് ആരംഭിക്കുകയോ അല്ലെങ്കിൽ ലഭിച്ച മറുപടി റീജനറേറ്റ് ചെയ്യുകയോ ചെയ്താൽ പ്രശ്നം മാറുമെന്നും കമ്പനി പറയുന്നു. അർഥശൂന്യമായ മറുപടികൾ നൽകിയതിൽ കമ്പനി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ഗ്രോക്ക് കടുത്ത ക്ഷീണത്തിൽ

ഓപ്പൺ എഐ പോലുള്ള എഐ കമ്പനികളെ വെല്ലുവിളിച്ച് രംഗത്തുവന്നതാണെങ്കിലും വിപണിയിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ സ്പേസ് എക്സ് എഐയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഉപയോക്താക്കൾക്കിടയിൽ ഗ്രോക്കിന് സ്വീകാര്യത കുറവാണ്. യുഗോവ് യുകെ നടത്തിയ സർവേയിൽ ഉപയോക്താക്കൾക്ക് സംതൃപ്തി നൽകുന്ന ചാറ്റ്ബോട്ടുകളിൽ ഏറ്റവും അവസാനമുള്ള രണ്ടാമത്തെ ചാറ്റ്ബോട്ടാണ് ഗ്രോക്ക്. ആപ്പിളിന്റെ സിരിയാണ് ഏറ്റവും പിന്നിൽ. സിരി ഇപ്പോഴും ഒരു പൊതു ആവശ്യത്തിനുള്ള എഐ ചാറ്റ്ബോട്ട് അല്ല എന്നതും ശ്രദ്ധേയമാണ്.

ഉപയോക്താക്കളെ വൻതോതിൽ നഷ്ടമാകുന്നുണ്ട് ഗ്രോക്കിന്. ലാഭമുണ്ടാക്കാനോ എന്റർപ്രൈസ് ഉപയോക്താക്കളിലേക്ക് എത്തിച്ചേരാനോ ഗ്രോക്കിന് സാധിക്കുന്നില്ല. ഇതിനുപുറമെയാണ് കമ്പനിയിൽ നിന്നുള്ള എഐ വിദഗ്ധരുടെ കൊഴിഞ്ഞുപോക്ക്. കമ്പനിയുടെ സ്ഥാപക സംഘത്തിലെ ഭൂരിഭാഗം പേരും, കുറഞ്ഞത് 50 ഗവേഷകരും എൻജിനീയർമാരും കമ്പനി വിട്ടതായി കഴിഞ്ഞ മേയ് മാസത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സാങ്കേതിക പ്രതിസന്ധികൾക്കിടയിലും, ജൂലായ് മാസത്തിൽ കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ഫൗണ്ടേഷൻ മോഡലായ ഗ്രോക്ക് 4.5 പുറത്തിറക്കിയിരുന്നു.