സ്മാര്‍ട്ട്ഫോണിനെ സ്റ്റെതസ്കോപ്പാക്കാന് യു.കെ.യിലെ മലയാളി സ്റ്റാര്‍ട്ടപ്പ്

കൊച്ചി: മലയാളികളായ ഡോ. ജെയ്സ് ജോണ്‍, ആരതി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ യു.കെ. കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലൈനെക് എ.ഐ. (laennec.ai) എന്ന സ്റ്റാര്‍ട്ടപ്പ് മെഡിക്കല്‍ രംഗത്ത് പുതിയൊരു വിപ്ലവത്തിനുള്ള തയ്യാറെടുപ്പിലാണ്. സ്മാര്‍ട്ട് ഫോണുകളെ ഡിജിറ്റല്‍ സ്റ്റെതസ്കോപ്പ് ആക്കി മാറ്റി ആസ്ത്മ, മറ്റു ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവ കണ്ടെത്താനും രോഗികള്‍ക്ക് വീട്ടില്‍ത്തന്നെ ചികിത്സ ലഭ്യമാക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ലൈനെക് വികസിപ്പിക്കുന്നത്. നിര്‍മിതബുദ്ധി (എ.ഐ.) യുടെ സഹായത്തോടെയാണ് ഇത്. ആശുപത്രിയിലെ കിടത്തിച്ചികിത്സ ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു.
കൊച്ചി സ്വദേശിയായ ഡോ. ജെയ്സ് ജോണും ആലപ്പുഴ സ്വദേശിയായ ആരതി വര്‍ഗീസും ചേര്‍ന്ന് 2022-ലാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ച ലൈനെക്കിന്റെ ഓര്‍മ്മയ്ക്കായി കമ്പനിക്ക് അദ്ദേഹത്തിന്റെ പേരു തന്നെ നല്കി.
ഡോ. ജെയ്സ് തമിഴ്നാട്ടിലെ വിനായക മിഷന് റിസര്‍ച്ച് ഫൗണ്ടേഷനില്‍നിന്ന് എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ ശേഷം യു.കെ.യിലെ കാര്‍ഡിഫ് യൂണിവേഴ്സിറ്റിയില്‍നിന്ന് പബ്ലിക് ഹെല്‍ത്തില്‍ മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. കേരളത്തിലും സെയ്ഷെല്സിലുമായി 10 വര്‍ഷത്തോളം ഡോക്ടറായി പ്രവര്‍ത്തിച്ചു. ആരതിയാകട്ടെ, ബി.ടെക്, എം.ടെക് എന്നിവയ്ക്കുശേഷം ജയ്പുരിലെ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് പിഎച്ച്.ഡി. കരസ്ഥമാക്കി. ഐ.ഐ.ടി. ബോംബെയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയിരുന്നു. പിന്നീട് കാര്‍ഡിഫ് യൂണിവേഴ്സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിന് ചേര്‍ന്നു. ഗ്രാന്റുകളിലൂടെയും പ്രീ-സീഡ് ഫണ്ടിങ് റൗണ്ടിലൂടെയും മൊത്തം ആറുലക്ഷം പൗണ്ട് (ഏതാണ്ട് 6.30 കോടി രൂപ) ഇവരുടെ സംരംഭം സമാഹരിച്ചു കഴിഞ്ഞു.
വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചിയില്‍ ലൈനെക്കിന്റെ ഡിവലപ്മെന്റ് സെന്റര്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ഇരുവരും അറിയിച്ചു.
Content Highlights: Kerala-based Laennec.AI develops AI-powered smart phone tech to detect Asthma