വലിയ AI ലക്ഷ്യങ്ങളുണ്ടായിരുന്നു, കാൻസർ ചികിത്സയടക്കം, OpenAI എല്ലാം മാറ്റിമറിച്ചു-ഹസാബിസ്

ലോകം ഇന്ന് കാണുന്ന എഐ (നിർമിതബുദ്ധി) കിടത്സരത്തിന് കാരണം ഓപ്പൺഎഐയുടെ അപക്വമായ നീക്കമാണെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ്. എല്ലാ പ്രധാന എഐ ലാബുകളുടെയും കൈവശം ചാറ്റ്ജിപിടി പോലുള്ള ഏതെങ്കിലും എഐ ടൂൾ ഉണ്ടായിരുന്നു. എന്നാൽ, സാം ഓൾട്ട്മാന്റെ ഓപ്പൺഎഐ അത് ആദ്യം പുറത്തിറക്കി. എന്നാൽ ലോകം അത് ഉപയോഗിക്കാൻ അന്ന് തയ്യാറെടുത്തിരുന്നിരുന്നില്ലെന്ന് ഹസാബിസ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഇന്ന് കാണുന്ന തരത്തിലുള്ള ഒരു ഉത്പന്നം എന്നതിലുപരി ഒരു ശാസ്ത്രീയ ഉപകരണമായി എഐ ഉപയോഗിക്കുക എന്നതായിരുന്നു തന്റെ മനസിലുള്ള പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാൻസർ ചികിത്സയിലടക്കം എഐ ഉപയോഗത്തിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന് അദ്ദേഹം കണക്കുകൂട്ടി. അതിനിടെ, 2022 നവംബറിൽ ചാറ്റ്ജിപിടി പുറത്തിറങ്ങി. ഒറ്റരാത്രികൊണ്ട് അത് വൈറലായതോടെ തന്റെ പദ്ധതികളെല്ലാം അട്ടിമറിക്കപ്പെട്ടു. ഇതോടെയാണ് ഡീപ്‌മൈൻഡ് ഉൾപ്പെടെയുള്ള എല്ലാ എഐ ലാബുകൾക്കും ഇന്നുകാണുന്ന തരത്തിലുള്ള വാണിജ്യ സമ്മർദ്ദം നേരിടേണ്ടിവന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള എഐ മത്സരം പോലുള്ള ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും അതിന്റെ ഭാഗമായി. അതിനാൽ അതിവേഗം മുന്നോട്ട് പോകാൻ എഐ ലാബുകൾക്കുമേൽ ഇന്ന് നിരവധി സമ്മർദ്ദങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഓപ്പൺഎഐ ചാറ്റ്ജിപിടി പുറത്തിറക്കിയ സമയത്ത് ഡീപ്‌മൈൻഡ് ഉൾപ്പെടെയുള്ള മുൻനിര ലാബുകൾക്ക് സമാനമായ സംവിധാനങ്ങൾ ഉണ്ടായിരുന്നു. കഴിവില്ലായ്മ ആയിരുന്നില്ല പ്രശ്‌നം, അത്തരത്തിൽ ഒന്ന് പുറത്തിറക്കുന്നതിലുള്ള ധൈര്യമായിരുന്നു. ഓപ്പൺഎഐ അതിന് തയ്യാറായി. അതൊരു പരീക്ഷണമായിരുന്നു. ഇത്രയധികം വിജയിക്കുമെന്ന് അവർപോലും പ്രതീക്ഷിച്ചില്ല. ഇത്തരം സംവിധാനങ്ങൾ വികസിപ്പിക്കുന്ന ഗവേഷകർ അതിന്റെ മൂല്യം ശരിയായി മനസിലാക്കിയില്ല. ശ്രദ്ധാപൂർവ്വവും ചിട്ടയായതുമായ സമീപനം അവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഏതാണ്ട് എല്ലാ ലാബുകളും ഒരേ സമയം നടത്തിയ തെറ്റായ കണക്കുകൂട്ടലാണ് ഇന്നുകാണുന്ന തരത്തിലുളള എഐ കിടമത്സരത്തിന് തുടക്കമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
എഐയെ കൂടുതൽ കാലം ലാബിൽ നിലനിർത്താൻ ആഗ്രഹിച്ച ഹസാബിസ്
എഐയെ സംബന്ധിച്ച തന്റെ പദ്ധതി നടപ്പായിരുന്നുവെങ്കിൽ അതിനെ കൂടുതൽ കാലം ലബോറട്ടറിയിൽ സൂക്ഷിക്കുകയും കാൻസറിന് മരുന്ന് കണ്ടെത്തുന്നതുപോലെയുള്ള കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യുമായിരുന്നു. CERN മാതൃകയിൽ ലോകരാജ്യങ്ങൾ സഹകരിച്ചുള്ള തിരക്കുകൂട്ടാത്ത ഒരു പദ്ധതിയായിരുന്നു താൻ ലക്ഷ്യമിട്ടിരുന്നതെന്ന് അദ്ദേഹം നേരത്തെതന്നെ പറഞ്ഞിരുന്നു. അദ്ദേഹത്തിന് രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിക്കൊടുത്ത AlphaFold പോലുള്ള സംവിധാനങ്ങൾക്ക് എഐ ഉപയോഗപ്പെടുത്തിയാൽ മനുഷ്യരാശിക്ക് വലിയ നേട്ടങ്ങൾ നൽകാൻ കഴിയുമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.
ഭയപ്പെടേണ്ടത് വരാനിരിക്കുന്ന മുന്നേറ്റങ്ങളെ
താൻ ഭയക്കുന്നത് ഇന്നത്തെ എഐ മുന്നേറ്റങ്ങളെയല്ല, മൂന്നും നാലും വർഷം കഴിഞ്ഞുള്ള കാര്യങ്ങളെക്കുറിച്ചാണെന്ന് ഹസാബിസ് പറയുന്നു. വ്യക്തികൾ മുതൽ രാജ്യങ്ങൾ വരെ എഐ ദുരുപയോഗം ചെയ്യാനുള്ള സാധ്യത അപകടകരമാണ്. നല്ല ആവശ്യങ്ങൾക്കായി നിർമ്മിച്ച ഉപകരണങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. എഐ സംവിധാനങ്ങൾ കൂടുതൽ കഴിവുള്ളതും സ്വയംഭരണാധികാരമുള്ളതമായി വളരുന്നതിനനുസരിച്ച് അവയുടെ നിയന്ത്രണം നഷ്ടപ്പൈനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
Content Highlights: Hassabis originally envisioned AI as a scientific tool, not a consumer product., The 2026 AI landscape is defined by intense commercial and geopolitical pressure., OpenAI's viral launch of ChatGPT forced a shift in strategy for all major AI labs., Current focus is shifting toward technical guardrails for autonomous AI systems., Hassabis believes internal influence is more effective than external governance.