ഡിജിറ്റൽ അധോലോകമായി ഡാർക്ക് നെറ്റ് ; കുറ്റവാളികളെ പിന്തുടരുക ദുഷ്‌കരം

#രാജേഷ് ജോർജ്
AI Image created by  Mathrubhumi.com
AI Image created by Mathrubhumi.com

കൊച്ചി: ആഗോള ലഹരി ഇടപാടുകളുടെ കേന്ദ്രമായി ഡാർക്ക് നെറ്റ് മാറിയതോടെ കുറ്റവാളികളെ പിടികൂടുക ദുഷ്കരം. വ്യക്തിവിവരം വെളിപ്പെടുത്താതെ ഇടപാട് നടത്താമെന്നതിനാൽ കുറ്റവാളികൾക്ക് വർഷങ്ങളോളം അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിക്കാൻ കഴിയും.

ലഹരി മാത്രമല്ല വിൽപ്പനയ്ക്ക്

മയക്കുമരുന്ന് കൂടാതെ ആയുധം, മോഷ്ടിച്ച ഡേറ്റ, മാൽവെയർ, വ്യാജ ഉത്‌പന്നങ്ങൾ, സൈബർ ആക്രമണങ്ങളുടെ ഏകോപനം, കുട്ടികളുടെ അശ്ലീലചിത്രം, മറ്റ് നിരോധിത ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപണനകേന്ദ്രമാണിത്. അനധികൃത സാമ്പത്തിക കൈമാറ്റവും വ്യപകം. സൈബർ ഭീഷണികളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനും സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തുന്നതിനും സൈബർ സുരക്ഷാ പ്രൊഫഷണലുകൾ ഡാർക്ക് നെറ്റ് സേവനം ഉപയോഗിക്കുന്നുണ്ട്.

ഇടപാടുകൾക്ക് ക്രിപ്‌റ്റോ കറൻസി

ക്രിപ്‌റ്റോ കറൻസിയാണ് ഡാർക്ക് നെറ്റിൽ ഉപയോഗിക്കുന്നത്. ബിറ്റ്‌കോയിൻ, ഈഥേറിയം, റിപ്പിൾ, ലൈറ്റ്‌കോയിൻ തുടങ്ങി ഒട്ടേറെ ക്രിപ്‌റ്റോ കറൻസികൾ നിലവിലുണ്ട്. ഓരോന്നിന്റെയും മൂല്യം വ്യത്യസ്തമായിരിക്കും. ഒരു ബിറ്റ്‌കോയിനിന്റെ ഇപ്പോഴത്തെ മൂല്യം ഏതാണ്ട് 92 ലക്ഷം രൂപയാണ്.

മലയാളികളെത്ര?

അഞ്ചുവർഷത്തിനിടെ ഡാർക്ക്നെറ്റ് സേവനങ്ങളെ ആശ്രയിക്കുന്ന മലയാളികളുടെ എണ്ണം കൂടിയതായി അന്വേഷണ ഏജൻസികൾ പറയുന്നു. കേന്ദ്ര ഏജൻസികളായ എൻസിബി, ഡിആർഐ തുടങ്ങിയവയും കേരള പോലീസിന്റെ സൈബർ ഡോമും ഡാർക്ക് നെറ്റ് നിരീക്ഷിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികളുടെ പ്രത്യേക ടാസ്ക് ഫോഴ്സും നിലവിലുണ്ട്. ലഹരി ഇടപാടുകൾക്കാണ് മലയാളികൾ ഇത് കൂടുതലായും ഉപയോഗിക്കുന്നത്.

Content Highlights: Darknet`s rise fuels illegal activities in Kerala, including drug trafficking & cybercrime.