ഡാറ്റാ-ഡ്രിവൺ ഗവേണൻസിനൊരുങ്ങി സംസ്ഥാനം; നടപടികൾ തുടങ്ങിയതായി മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് ഡാറ്റാധിഷ്ഠിത ഭരണനിർവഹണത്തിന് (Data-driven governance) ഒരുങ്ങുകയാണെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ആവശ്യമായ ഡാഷ് ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി വി.ഡി. സതീശൻ. സൈബർ സുരക്ഷിതമായ ഭരണസൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിലും വിവരങ്ങൾ സംരക്ഷിക്കുന്നതിലും സൈബർഷെൽട്ടർ പോലുള്ള സ്ഥാപനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ അന്താരാഷ്ട്ര സൈബർ സുരക്ഷാ സ്ഥാപനമായ സൈബർഷെൽട്ടറിന്റെ ഗ്ലോബൽ ഡെലിവറി സെന്ററും (ജി.ഡി.സി) സൈബർ സെക്യൂരിറ്റി സെന്റർ ഓഫ് എക്‌സലൻസും (സി.ഒ.ഇ) കാക്കനാട് സ്മാർട്ട്‌സിറ്റിയിലെ ലുലു ഐ.ടി ട്വിൻ ടവേഴ്‌സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർഷെൽട്ടറിന് ഇന്ത്യയിലും ശക്തമായ സാന്നിധ്യമുണ്ട്. ബാങ്കിങ്, ഗവേണൻസ്, ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിലായി 700-ലധികം വൻകിട പ്രോജക്ടുകൾ പൂർത്തിയാക്കിയിട്ടുള്ള കമ്പനിക്ക് ഇന്ത്യയിലും ജി.സി.സി രാജ്യങ്ങളിലുമായി നൂറിലധികം മുൻനിര കോർപ്പറേറ്റ് ഉപഭോക്താക്കളുണ്ട്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഗ്ലോബൽ സൈബർ ഡിഫൻസ് സെന്റർ, സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ, എ.ഐ അധിഷ്ഠിത ജി.ആർ.സി പ്ലാറ്റ്ഫോമുകൾ, വി.എ.പി.ടി ശേഷികൾ, അഡ്വാൻസ്ഡ് ത്രെറ്റ് ഇന്റലിജൻസ് യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് കൊച്ചിയിലെ പുതിയ കേന്ദ്രം. സൈബർ സുരക്ഷാ ഗവേഷണ ലാബുകൾ, ഉൽപ്പന്ന വികസന കേന്ദ്രങ്ങൾ, വിദഗ്ധ സംഘങ്ങൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
കേരളത്തിലെ വലിയൊരു വിഭാഗം പ്രൊഫഷണലുകളെ കണ്ടെത്തി പരിശീലിപ്പിച്ച് ആഗോള സൈബർ സുരക്ഷാ വിപണിയുമായി ബന്ധിപ്പിക്കാനും, സംസ്ഥാനത്തെ അന്താരാഷ്ട്ര സൈബർ പ്രതിരോധ കേന്ദ്രമാക്കി മാറ്റാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സൈബർഷെൽട്ടർ സ്ഥാപകനും ഗ്രൂപ്പ് സി.ഇ.ഒയുമായ ഇല്ല്യാസ് കൂളിയങ്കൽ പറഞ്ഞു. അടുത്ത 1-3 വർഷത്തിനുള്ളിൽ 200 മുതൽ 500 വരെ നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതി. ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ലഭിക്കുന്ന സ്വീകാര്യത അനുസരിച്ച് ഇത് ആയിരങ്ങളിലേക്ക് വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായിൽ നടന്ന അന്താരാഷ്ട്ര സൈബർ സുരക്ഷാ കോൺഫറൻസായ 'ജിസെക് ഗ്ലോബലി'ൽ (GISEC Global) കൊച്ചിയിലെ സെന്റർ ഓഫ് എക്‌സലൻസിൽ വികസിപ്പിച്ച ഫ്‌ലാഗ്ഷിപ്പ് ഉൽപ്പന്നമായ 'ജി.ആർ.സി ഷെൽട്ടർ' കമ്പനി പുറത്തിറക്കിയിരുന്നു. ഐ.ടി ഇതര പശ്ചാത്തലമുള്ളവർക്കും സ്ത്രീകൾക്കുമായി പ്രത്യേക നൈപുണ്യ വികസന പദ്ധതികളും കമ്പനി നടപ്പിലാക്കുന്നുണ്ട്.
ചടങ്ങിൽ ഉമാ തോമസ് എം.എൽ.എ, സംസ്ഥാന ഐ.ടി സെക്രട്ടറി ശ്രീറാം സംബശിവ റാവു, സൈബർഷെൽട്ടർ കോ-ഫൗണ്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ മുഹമ്മദ് ഷീഫാർ കല്ലുവീട്ടിൽ, സി.ഐ.എസ്.ഒ മുഹമ്മദ് മീരാൻ ഷെയ്ഖ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആഷിഖ് സജ്ജാദ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Cybershelter inaugurated its Global Delivery Centre and Centre of Excellence at SmartCity Kochi., Kerala is moving towards data-driven governance with Chief Minister's dashboards., The new facility aims to create 200 to 500 direct jobs in the next 1-3 years., Flagship product GRC Shelter was launched at GISEC Global in Dubai.