ബഹിരാകാശത്തും ഇനി രുചികരമായ ഭക്ഷണം തയ്യാറാക്കാം; ഓവന്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

മൈക്രോഗ്രാവിറ്റിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഓവന്‍ വിജയകരമായി പരീക്ഷിച്ച് ശാസ്ത്രജ്ഞര്‍. ഇത് ഉപയോഗിച്ച് ബഹിരാകാശ യാത്രികര്‍ക്ക് കേക്ക് ഉണ്ടാക്കാനും നിലക്കടല വറുക്കാനും മാംസം ഗ്രില്‍ ചെയ്യാനും സാധിക്കും. ഇതോടെ വാരാന്ത്യങ്ങളിലോ ജന്മദിനങ്ങളിലോ അവധി ദിവസങ്ങളിലോ ബഹിരാകാശ യാത്രികര്‍ക്ക് പ്രത്യേക ഭക്ഷണം തയ്യാറാക്കി ആസ്വദിക്കാന്‍ കഴിയും. ചിക്കന്‍ വിങ്‌സ്, കേക്ക് തുടങ്ങിയ വിവിധയവ ഉണ്ടാക്കുന്നതിനായി മുന്‍കൂട്ടി സജ്ജീകരിച്ച പ്രോഗ്രാമുകള്‍ ഓവനിലുണ്ട്. ഭൂമിക്ക് പുറത്തും മനുഷ്യവാസം സാധ്യമാക്കാനുള്ള നീക്കങ്ങള്‍ക്കും ഇത് മുതല്‍ക്കൂട്ടാകും.
ചൈനയുടെ ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തിലെ യാത്രികരാണ് ചരിത്രത്തില്‍ ആദ്യമായി ഭ്രമണപഥത്തില്‍ വെച്ച് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഓവന്‍ ഉപയോഗിച്ച് ഭക്ഷണം ചുട്ടെടുത്തത്. ഇത് രാജ്യത്തിന്റെ സ്‌പേസ് കിച്ചണ്‍ സാങ്കേതികവിദ്യയിലെ ഒരു വലിയ കുതിച്ചുചാട്ടമായി വിലയിരുത്തപ്പെടുന്നു.
ഷെന്‍ഷോ-21 പേടകം ബഹിരാകാശത്ത് എത്തിച്ച ഹോട്ട്-എയര്‍ ഓവന്‍ ഉപയോഗിച്ചാണ് ഷെന്‍ഷോ-20, ഷെന്‍ഷോ-21 ദൗത്യങ്ങളിലെ യാത്രികര്‍ ചിക്കന്‍ വിങ്‌സ് അടക്കമുള്ളവ ചുട്ടെടുത്തത്. ബഹിരാകാശ യാത്രികര്‍ ഭക്ഷണം വെറുതെ ചൂടാക്കുന്നതിനപ്പുറം യഥാര്‍ത്ഥ പാചകവും ബേക്കിങ്ങും സാധ്യമാക്കുന്നതാണ് ഈ മുന്നേറ്റം. മൈക്രോഗ്രാവിറ്റിയില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ ഒരു ഓവന്‍ ആദ്യമായാണ് ഒരു ബഹിരാകാശ നിലയത്തില്‍ വിന്യസിക്കുന്നത്.
പുകയില്ലാത്ത ബേക്കിങ് സാധ്യമാക്കുന്നതാണ് ഓവനെന്ന് ചൈന ആസ്ട്രോനോട്ട് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് സെന്ററിലെ ഗവേഷകനായ സുവാന്‍ യോങ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഭ്രമണപഥത്തിലെ പ്രത്യേക സാഹചര്യങ്ങളില്‍ ഓവന്‍ പൂര്‍ണമായും സുരക്ഷിതമാണ്. ബഹിരാകാശയാത്രികര്‍ സ്പര്‍ശിക്കുന്ന എല്ലാ ഭാഗങ്ങളും തണുത്തതായിരിക്കും. പൊള്ളല്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാണിത്.
ഒരു ബഹിരാകാശ നിലയത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ലോകത്തിലെ ആദ്യത്തെ ഓവനാണിത്. ഓവന്റെ കൂടിയ താപനില 100°Cല്‍ നിന്ന് 190°C ആയി ഉയര്‍ത്തിയാണ് നിര്‍മിച്ചിട്ടുള്ളത്. ഇത് മുന്‍കൂട്ടി പാക്ക് ചെയ്ത ഭക്ഷണം വെറുതെ ചൂടാക്കുന്നതിന് പകരം റോസ്റ്റ് ചെയ്യാനും ബേക്ക് ചെയ്യാനും യാത്രികരെ സഹായിക്കും. മുമ്പത്തെ രീതി ഭക്ഷണം വെറുതെ ചൂടാക്കല്‍ മാത്രമായിരുന്നു. എന്നാല്‍ ഇനി യഥാര്‍ഥം പാചകംതന്നെ സാധ്യമാണ്. ചോളം, ചിക്കന്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനും കേക്കുണ്ടാക്കുന്നതിനും മുന്‍കൂട്ടി സജ്ജീകരിച്ച പ്രോഗ്രാമുകള്‍ ഓവനിലുണ്ട്.
ബഹിരാകാശത്തെ ഭക്ഷണം സമ്പന്നമാക്കുകയും ഭ്രമണപഥത്തിലെ മൊത്തത്തിലുള്ള ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയുമാണ് ഇത്തരം കണ്ടെത്തലുകളിലൂടെ ലക്ഷ്യവെക്കുന്നതെന്ന് ചൈനയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ദീര്‍ഘകാല ബഹിരാകാശ ദൗത്യങ്ങളില്‍ സൗകര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.
Content Highlights: China`s Tiangong space station astronauts achieve a milestone, baking food in orbit for the first time with a specially designed oven. Experience space cooking