ചൈനയും ഇനി റോക്കറ്റ് തിരിച്ചിറക്കും! ബഹിരാകാശ രംഗത്ത് വൻ മുന്നേറ്റം, ലോങ്മാർച്ച്-10ബി പരീക്ഷണം വിജയം

ബഹിരാകാശ ഗവേഷണ രംഗത്ത് നിർണായക നേട്ടവുമായി ചൈന. പുനരുപയോഗിക്കാവുന്ന റോക്കറ്റ് സിസ്റ്റം ചൈന വിജയകരമായി പരീക്ഷിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ചൈനയുടെ പരീക്ഷണ റോക്കറ്റായ 'ലോങ് മാർച്ച്-10ബി'വിക്ഷേപിച്ചത്.
ദക്ഷിണ ചൈനയിലെ ഹൈനാൻ വാണിജ്യ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ദ്രാവക ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഈ റോക്കറ്റ് പറന്നുയർന്നത്. വിക്ഷേപിച്ച് മിനിറ്റുകൾക്കകം തന്നെ റോക്കറ്റിന്റെ ബൂസ്റ്റർ സുരക്ഷിതമായി തിരിച്ചിറക്കി. കടലിൽ സജ്ജീകരിച്ചിരുന്ന പ്രത്യേക പ്ലാറ്റ്‌ഫോമിൽ 'നെറ്റ്-ക്യാപ്‌ചർ' സംവിധാനം ഉപയോഗിച്ചാണ് ബൂസ്റ്റർ വിജയകരമായി വീണ്ടെടുത്തത്. ചൈനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കാരിയർ റോക്കറ്റിന്റെ ആദ്യ ഘട്ടം ഇത്തരത്തിൽ നിയന്ത്രിതമായി തിരിച്ചിറക്കുന്നത്.
പ്രധാന സവിശേഷതകൾ:
- ഏകദേശം 63 മീറ്റർ ഉയരവും 5 മീറ്റർ വ്യാസവുമുള്ള ലോങ് മാർച്ച്-10ബി റോക്കറ്റിന് 760 ടൺ ഭാരമാണുള്ളത്.
- ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് 16 ടൺ ഭാരം വഹിക്കാൻ ഇതിന് ശേഷിയുണ്ട്.
- ഈ വർഷം അവസാനത്തോടെ ഈ റോക്കറ്റിന്റെ ബൂസ്റ്റർ വീണ്ടും ഉപയോഗിച്ച് മറ്റൊരു വിക്ഷേപണം നടത്താൻ ചൈന പദ്ധതിയിടുന്നുണ്ട്.
സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 പ്രധാന എതിരാളി
അമേരിക്കൻ കമ്പനിയായ സ്‌പേസ് എക്‌സിന്റെ പ്രശസ്തമായ ഫാൽക്കൺ 9 റോക്കറ്റുമായാണ് ചൈനയുടെ പുതിയ ലോങ് മാർച്ച്-10ബി യെ പ്രധാനമായും താരതമ്യം ചെയ്യുന്നത്. 70 മീറ്റർ ഉയരമുള്ള ഫാൽക്കൺ 9 റോക്കറ്റിന് താഴ്ന്ന ഭ്രമണപഥത്തിലേക്ക് 22,800 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുണ്ട്.
ലോങ്മാർച്ച് ശ്രേണിയിലെ റോക്കറ്റുകളുടെ ആദ്യ ഘട്ടം പലപ്പോഴും അന്തരീക്ഷത്തിൽ ഇടിച്ചിറക്കി ഭൂമിയിൽ പതിക്കാറാണ് പതിവ്. ഇത് പലപ്പോഴും ഉപഗ്രഹങ്ങൾക്കും താഴെ ഭൂമിയിലും ഭീഷണിയാകുമെന്ന വിധം ചർച്ചകളുണ്ടായിട്ടുണ്ട്. ഏകദേശം പത്ത് വർഷത്തോളമായി പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു ചൈന. കഴിഞ്ഞ വർഷം ചൈനീസ് കമ്പനികൾ നടത്തിയ രണ്ട് പരീക്ഷണങ്ങളും ബൂസ്റ്റർ തിരിച്ചിറക്കുന്ന അവസാന ഘട്ടത്തിൽ പരാജയപ്പെട്ടിരുന്നു. ഈ തടസ്സങ്ങൾ മറികടന്നാണ് പുതിയ നേട്ടം. ഏറ്റവും ചെലവേറിയ റോക്കറ്റ് ഭാഗങ്ങൾ വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നത് ബഹിരാകാശ ദൗത്യങ്ങളിലെ വൻ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ ഏറെ സഹായിക്കും.
Content Highlights: China has achieved a historic milestone in space research by successfully launching and recovering the first-stage booster of its liquid-fueled 'Long March-10B' reusable rocket system via a sea-based net-capture platform.