ഛിന്നഗ്രഹവും വാല്‍നക്ഷത്രവും 'പിടിക്കാന്‍' ചൈന; ടിയാന്‍വെന്‍ 2 ദൗത്യം വിക്ഷേപിച്ചു

Long March-3B Rocket | Photo: Reuters
Long March-3B Rocket | Photo: Reuters

ബെയ്ജിങ്: ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നതിനായുള്ള ടിയാന്‍വെന്‍-2 പേടകം വിക്ഷേപിച്ച് ചൈന. ഷിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്ന് വ്യാഴാഴ്ച ചൈനീസ് സമയം പുലര്‍ച്ചെ 1.31 നായിരുന്നു വിക്ഷേപണം. ലോങ്മാര്‍ച്ച് 3ബി റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. ഒരു ദശാബ്ദത്തോളം നീണ്ടു നില്‍ക്കുന്ന ദൗത്യമായിരിക്കും ഇത്.

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വന്‍ ശക്തിയായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ചൈന. ചന്ദ്രന്റെ മറുവശത്ത് പേടകങ്ങള്‍ ഇറക്കുകയെന്ന വലിയ നേട്ടം ഇതിനകം കൈവരിച്ച ചൈനയ്ക്ക് ഇപ്പോള്‍ സ്വന്തമായി പ്രവര്‍ത്തനക്ഷമമായ ബഹിരാകാശ നിലയവുമുണ്ട്. 2030-ഓടെ മനുഷ്യരെ ചന്ദ്രനിലയക്കാനുള്ള നീക്കങ്ങളും ചൈന നടത്തിവരികയാണ്. 

ഭൂമിയോടുത്തുള്ള 469219 കാമോലിവ (469219 Kamo'oalewa) എന്ന ചെറിയ ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ടാണ് ടിയാന്‍വെന്‍-2 ദൗത്യം വിക്ഷേപിച്ചിരിക്കുന്നത്. വിക്ഷേപണം പൂര്‍ണവിജയമാണെന്ന് ചൈനീസ് ബഹിരാകാശ ഏജന്‍സി ഷിന്‍ഹുവ അറിയിച്ചു. ഭൂമിയില്‍ നിന്ന് 1.5 കോടി കി.മീ കുറഞ്ഞ ദൂരത്തിലൂടെയും 3.9 കോടി കിലോമീറ്റര്‍ കൂടിയ ദൂരത്തിലൂടെയും സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹത്തില്‍ 2026 ജൂലായിലാണ് എത്തുക. ഇവിടെ നിന്നുള്ള സാമ്പിള്‍ ശേഖരണത്തിന് ശേഷം പേടകം  311P/PanSTARRS എന്ന വാല്‍നക്ഷത്രത്തെ ലക്ഷ്യമാക്കി പുറപ്പെടും. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ആസ്റ്ററോയിഡ് ബെല്‍റ്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2027 നവംബറില്‍ സാമ്പിളുകളുമായി പേടകം തിരികെ ഇറക്കാനാണ് ലക്ഷ്യമിടുന്നത്. 

Content Highlights: China`s Tianwen-2 spacecraft launched to collect samples from asteroid 469219 Kamo`oalewa