മസ്‌കിന്റെ ആശങ്ക ഉൾക്കൊണ്ട് ചൈന; വൈകാരികമായി സ്വാധീനിക്കുന്ന AIചാറ്റ്‌ബോട്ടുകൾക്ക് നിയന്ത്രണം

#ടെക്‌നോളജി ഡെസ്‌ക്
1. ഇലോണ്‍ മസ്‌ക് 2. പ്രതീകാത്മകചിത്രം | Photo - AP, AI
1. ഇലോണ്‍ മസ്‌ക് 2. പ്രതീകാത്മകചിത്രം | Photo - AP, AI

നിർമിതബുദ്ധിയെ വൈകാരികമായി ആശ്രയിക്കാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന AI ചാറ്റ്‌ബോട്ടുകൾ വികസിപ്പിക്കുന്നത് വിലക്കാൻ ചൈന. രാജ്യത്തെ ജനനനിരക്ക് കുറയുന്നതും ജനസംഖ്യ ചുരുങ്ങുന്നതും അടക്കമുള്ള പ്രതിസന്ധികൾ നേരിടാനുള്ള നീക്കങ്ങൾക്കിടെയാണിത്. യുവാക്കളടക്കം തങ്ങളുടെ പങ്കാളികളുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്നതിന് പകരം എഐ ടൂളുകളുമായി അടുപ്പം സ്ഥാപിക്കുന്നത് ചൈനീസ് ഭരണകൂടത്തിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജനനനിരക്ക് കുറയുന്നതിനെക്കുറിച്ചും ജനസംഖ്യയിലെ ഇടിവിനെക്കുറിച്ചും ടെസ്ല സിഇഒ എലോൺ മസ്‌ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് നീക്കം എന്നതും ശ്രദ്ധേയമാണ്.

ഇതുസംബന്ധിച്ച നിയമങ്ങൾ കഴിഞ്ഞയാഴ്ച പ്രാബല്യത്തിൽ വന്നതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. കൂട്ടാളികൾ എന്നനിലയിൽ രൂപകൽപ്പന ചെയ്ത AI ചാറ്റ്‌ബോട്ടുകൾ ഉപയോക്താക്കളിൽ വൈകാരികമായ ആശ്രയം പ്രോത്സാഹിപ്പിക്കുന്നത് നിരോധിക്കുന്നതാണ് നിയമം. പ്രായപൂർത്തിയാകാത്തവരുമായി വെർച്വൽ പ്രണയബന്ധങ്ങൾ സ്ഥാപിക്കുന്നതിനും നിരോധനമുണ്ട്.

ഒരു ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്നതിലൂടെ ഉപയോക്താവിന് വൈകാരിക പ്രതിസന്ധി നേരിടുന്നതായി കണ്ടെത്തിയാൽ ഉപയോക്താവിന്റെ അടിയന്തര കോൺടാക്റ്റിനെ വിവരം അറിയിക്കാൻ കമ്പനികളും ബാധ്യസ്ഥരാണ്. ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസ്, അലിബാബ എന്നിവയുടെ എഐ ഉത്പന്നങ്ങൾക്കടക്കം നിയമം ബാധകമാണ്. നിയന്ത്രണങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ചില ചാറ്റ്‌ബോട്ട് ഫീച്ചറുകൾ പ്രവർത്തനരഹിതമാക്കുമെന്ന് രണ്ട് കമ്പനികളും ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്.

എഐ കമ്പാനിയനുകൾ യഥാർത്ഥ ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽനിന്നും കുടുംബ ബന്ധങ്ങൾക്ക് തുടക്കം കുറിക്കുന്നതിൽനിന്നും ജനങ്ങളെ നിരുത്സാഹപ്പെടുത്തുമെന്ന് ചൈനീസ് അധികാരികൾ ആശങ്കപ്പെടുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു.

പുതിയ നിയമം അനുസരിച്ച് എഐ കമ്പാനിയൻ ചാറ്റ്‌ബോട്ടുകൾ പുറത്തിറക്കുന്നതിന് മുമ്പ് കമ്പനികൾ സർക്കാർ അവലോകനത്തിന് വിധേയമാകണം. സുരക്ഷിതമല്ലാത്ത ഫീച്ചറുകൾ നിർത്തലാക്കാൻ അധികാരികൾക്ക് അധികാരമുണ്ടാകും. കാലിഫോർണിയ, ന്യൂയോർക്ക് പോലുള്ള യുഎസ് സംസ്ഥാനങ്ങളിൽ അവതരിപ്പിച്ച നടപടികളേക്കാൾ കർശനമാണ് ഈ നിയന്ത്രണങ്ങൾ. എഐ ചാറ്റ്‌ബോട്ടുകൾ മനുഷ്യരല്ലെന്ന് ഉപയോക്താക്കളെ ഓർമ്മിപ്പിക്കാനും ആവശ്യമെങ്കിൽ പ്രതിസന്ധി തരണം ചെയ്യാനുള്ള വിവരങ്ങൾ നൽകാനും കമ്പനികളോട് ആവശ്യപ്പെടുന്നതാണ് അവിടുത്തെ നിയമങ്ങൾ.

Content Highlights: New Chinese regulations prohibit AI chatbots from fostering emotional reliance., Rules mandate emergency contact alerts for users in emotional distress., Government aims to boost real-world relationships and address declining birth rates., Tech giants like Alibaba and ByteDance must comply with mandatory government reviews., Regulations are significantly stricter than current AI laws in the United States.