അഭിനയിക്കേണ്ട, 'മുഖം വാടകയ്ക്ക് നൽകി' പണം സമ്പാദിക്കാം; AI കാലത്തെ വൈറൽ ട്രെൻഡ്

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | Getty
പ്രതീകാത്മകചിത്രം | Getty

എഐ (നിർമിതബുദ്ധി) ഉയർത്തുന്ന ആശങ്കകൾ ലോകമെങ്ങും ചർച്ചയാകുകയാണ്. മനുഷ്യരെ മുഴുവൻ എഐ കൊന്നൊടുക്കിയേക്കാം എന്നതുമുതൽ വ്യാപകമായ തൊഴിൽ നഷ്ടത്തിന് കാരണമായേക്കാം എന്നതുവരെയുള്ള ആശങ്കകളാണ് ഉയരുന്നത്. എന്നാൽ എഐ വൻതോതിൽ ജോലികൾ നഷ്ടപ്പെടുത്തില്ലെന്ന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഒരുവിഭാഗം പറയുന്നു. അതിനിടെ എഐ വ്യാപനം ഇതുവരെ കേട്ടിട്ടില്ലാത്ത പുതിയൊരു പാർട് ടൈം വരുമാനത്തിന് വഴിയൊരിക്കിയിരിക്കുന്നു എന്ന വാർത്തയാണ് ചൈനയിൽനിന്ന് വരുന്നത്. സാധാരണക്കാരുടെ മുഖങ്ങൾ എഐ പിന്തുണയോടെ സൃഷ്ടിക്കുന്ന പരസ്യങ്ങളിൽ മുതൽ ഗെയിമുകളിൽവരെ ഉപയോഗിക്കാൻ ലൈസൻസ് നൽകുന്നതിലൂടെ വരുമാനം ഉണ്ടാക്കാം എന്നതാണ് പുതിയ അവസരം.

വിനോദമേഖലയെ എഐ മാറ്റിമറിക്കുന്നതിനിടെയാണ് പുതിയ പ്രവണത ചൈനയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ രംഗത്തുനിന്ന് ലഭിക്കുന്ന വരുമാനം, ഒരാളുടെ വ്യക്തിത്വം എഐ ഉപയോഗിച്ച് മാറ്റംവരുത്താൻ നൽകുന്ന സമ്മതം, എഐയ്ക്ക് എത്രത്തോളം നിയന്ത്രണം വിട്ടുകൊടുക്കാം തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തുന്നുമുണ്ട്.

അഭിനയിക്കേണ്ട, മുഖം ഉപയോഗിക്കാനുള്ള അനുമതി മാത്രംമതി

ബുദ്ധിമുട്ടി പരസ്യചിത്രത്തിലടക്കം അഭിനയിക്കുന്നതിന് പകരം മുഖം അവയിൽ ഉപയോഗിക്കാനുള്ള അനുമതി നൽകുന്നതിലൂടെ പണം സമ്പാദിക്കാം. ഇതിനായി എഐ നിർമ്മിത ഷോർട് ഡ്രാമകൾ, പരസ്യങ്ങൾ, ഗെയിമുകൾ എന്നിവയുടെ നിർമ്മാതാക്കളുമായി സാധാരണക്കാരെ ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമുകൾ ചൈനയിൽ വർധിച്ചുവരികയാണ്. മുഖവും രൂപവും ഉപയോഗിക്കുന്നതിനുള്ള ലൈസൻസ് നൽകാൻ അവ ഉപയോക്താക്കളെ അനുവദിക്കുന്നു.

മുൻപ് സിനിമ - ടെലിവിഷൻ മേഖലയിലെ ചാറ്റ് ഗ്രൂപ്പുകളിൽ മാത്രം ഒതുങ്ങിയിരുന്ന സ്വകാര്യ ഇടപാടുകളാണ് കഴിഞ്ഞ ഏപ്രിൽ മുതൽ പരസ്യ പ്ലാറ്റ്ഫോമുകളിലേക്ക് വ്യാപിച്ചിരിക്കുന്നതെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഈ പുതിയ ട്രെൻഡ് മുഖം പോലെയുള്ള തികച്ചും വ്യക്തിപരമായ ഒന്നിനെ പുതിയൊരു വരുമാന സ്രോതസ്സാക്കി മാറ്റുകയാണ്.

നടപടിക്രമങ്ങൾ ഇങ്ങനെ

ഇതിന്റെ നടപടിക്രമങ്ങൾ വളരെ ലളിതമാണെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഫെയ്സ്-ലൈൻസിങ് പ്ലാറ്റ്ഫോമുകളിൽ ആർക്കും മുഖം രജിസ്റ്റർ ചെയ്യാം. അവ തിരിച്ചറിയൽ പരിശോധന പൂർത്തിയാക്കി ഡിജിറ്റൽ നടന്മാരുടെ പ്രൊഫൈലുകൾ നിർമ്മിക്കും. തുടർന്ന് പരസ്യചിത്ര നിർമ്മാതാക്കൾക്കടക്കം ഈ പ്രൊഫൈലുകൾ ബ്രൗസ് ചെയ്യാനും എഐ നിർമ്മിത കഥാപാത്രങ്ങൾക്കായി മുഖങ്ങൾ തിരഞ്ഞെടുക്കാനും സാധിക്കും.

ഷെൻജൻ ആസ്ഥാനമായ യുവാൻജിയാങ് സിൻഷെങ് (Yuanxiang Xinsheng) എന്നത് മെയ് മാസത്തിൽ തുടക്കം കുറിച്ച ഇത്തരത്തിലുള്ള ഒരു പ്ലാറ്റ്‌ഫോമാണ്. രജിസ്ട്രേഷനും വെരിഫിക്കേഷനും ശേഷം ഉപയോക്താക്കൾക്ക് ഇതിൽ ഡിജിറ്റൽ പ്രൊഫൈലുകൾ നിർമ്മിക്കാൻ സാധിക്കും.

എത്ര രൂപ സമ്പാദിക്കാം?

എത്ര രൂപ സമ്പാദിക്കാൻ കഴിയും എന്നതിൽ ഓരോരുത്തരുടെയും കാര്യത്തിൽ വ്യത്യാസം വരാം. ഒരു പരസ്യ കമ്പനി മൂന്ന് ദിവസത്തിനുള്ളിൽ ഒരു ബാങ്ക് ജീവനക്കാരന്റെ ചിത്രം ഏഴ് തവണ ഉപയോഗിച്ചതിലൂടെ അദ്ദേഹത്തിന് ഏകദേശം 2,500 യുവാൻ (ഏകദേശം 370 അമേരിക്കൻ ഡോളർ അല്ലെങ്കിൽ ഏകദേശം 35,000 ഇന്ത്യൻ രൂപയിലധികം) സമ്പാദിക്കാൻ കഴിഞ്ഞുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു.

ഷെൻജൻ ആസ്ഥാനമായുള്ള ആക്ട്‌ഐഡി (ActID) ഒരു എപ്പിസോഡിന് ആളുകൾക്ക് 99 മുതൽ 500 യുവാൻ വരെ (ഏകദേശം 1400 രൂപ മുതൽ 7000 രൂപ വരെ) നൽകുന്നുണ്ട്. ഈ പ്ലാറ്റ്‌ഫോമിൽ ഏകദേശം 800 ഉപയോക്താക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 300-ഓളം പേർ തങ്ങളുടെ മുഖങ്ങൾ എഐ നിർമിതികൾക്കായി ലൈസൻസ് ചെയ്യാൻ സമ്മതിച്ചിട്ടുണ്ട്. സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം ചൈനയിലെ ഏകദേശ പ്രതിഫലം ഏകദേശം 7 ഡോളർ (ഏകദേശം 670 രൂപ) മുതൽ 15,000 ഡോളർ (ഏകദേശം 14,000 ലക്ഷത്തിലധികംരൂപ) വരെയാണ്.

എഐയ്ക്ക് എന്തിനാണ് യഥാർഥ മുഖങ്ങൾ?

നിലവിൽ എഐയ്ക്ക് പൂർണ്ണമായും സാങ്കൽപ്പികമായ മുഖങ്ങൾ സൃഷ്ടിക്കാൻ കഴിയും. എന്നിരുന്നാലും നിർമ്മാതാക്കൾക്ക് കൂടുതൽ വ്യക്തതയുള്ള മുഖങ്ങളാണ് ആവശ്യം. വ്യത്യസ്തവും പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നതും അല്ലെങ്കിൽ യാഥാർത്ഥ്യബോധമുള്ളതുമായ മുഖങ്ങൾ. പ്രധാന കഥാപാത്രങ്ങൾക്ക് ആകർഷകമായ മുഖങ്ങളും അതുപോലെ തന്നെ പ്രായമായവർ ഉൾപ്പെടെയുള്ളവർക്ക് വ്യത്യസ്തമായ മുഖങ്ങളും നിർമ്മാതാക്കൾ ആഗ്രഹിക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. എഐ സൃഷ്ടിക്കുന്ന പരസ്യത്തിലടക്കം ആ വ്യക്തി അഭിനയിക്കേണ്ടി വരുന്നില്ല പകരം ആ മുഖം ഒരു സോഴ്‌സ് മെറ്റീരിയലായി പ്രവർത്തിക്കുന്നു.

എഐയ്ക്ക് സാധാരണ മുഖങ്ങൾ എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയുന്നതിനാൽ അവയ്ക്ക് വാണിജ്യപരമായ മൂല്യം വളരെ കുറവാണെന്ന് ചില സംവിധായകർ വിശ്വസിക്കുന്നു. അതേസമയം സെലിബ്രിറ്റികളുടെ മുഖങ്ങൾക്ക് വളരെ പെട്ടെന്ന് തിരിച്ചറിയപ്പെടാനുള്ള കഴിവുള്ളതിനാൽ അവയ്ക്ക് വലിയ മൂല്യമുണ്ട്.

ലൈസൻസ് നൽകുന്നത് സുരക്ഷിതമോ?

ലഭിക്കുന്ന പ്രതിഫലം ആകർഷകമായി തോന്നാമെങ്കിലും ഒരു മുഖത്തിന് ലൈസൻസ് നൽകുന്നത് ഡിജിറ്റൽ രൂപങ്ങൾ എങ്ങനെ വീണ്ടും ഉപയോഗിക്കാം, പരിഷ്‌ക്കരിക്കാം അല്ലെങ്കിൽ വിതരണം ചെയ്യാം എന്നതിനെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്നുണ്ട്. ലൈസൻസ് ചെയ്ത ഡിജിറ്റൽ രൂപങ്ങൾ അവയുടെ യഥാർത്ഥ ആവശ്യത്തിനപ്പുറം വീണ്ടും ഉപയോഗിക്കപ്പെടാമെന്നും, ഇത് ആളുകൾക്ക് അവരുടെ വ്യക്തിത്വത്തിന് മേലുള്ള നിയന്ത്രണം നിലനിർത്തുന്നത് ബുദ്ധിമുട്ടാക്കുമെന്നും ചില വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒരു രൂപത്തിന് ലൈസൻസ് നൽകുന്നതും ഫേഷ്യൽ ഡാറ്റ AI പരിശീലനത്തിനായി ഉപയോഗിക്കാൻ അനുവദിക്കുന്നതും എല്ലായ്പ്പോഴും ഒരേ അനുമതിയായിരിക്കണമെന്നില്ല.

ഇന്ത്യയിലും വരുമോ?

ചൈനയുടെ ഫെയ്സ്-ലൈസൻസിങ് സംവിധാനം ഏറെ വ്യത്യസ്തമാണെങ്കിലും, ഇന്ത്യ ഇതിനകം തന്നെ സെലിബ്രിറ്റികളുടെ എഐ പതിപ്പുകൾ പരീക്ഷിച്ചുതുടങ്ങിയിട്ടുണ്ട്. 2026 മാർച്ചിൽ നടി റിയ ചക്രവർത്തി മിഷ്ടി (Mishty) എന്ന എഐ നിർമിത ഡിജിറ്റൽ കഥാപാത്രം പുറത്തിറക്കിയിരുന്നു. കളക്ടീവ് ആർട്ടിസ്റ്റ് നെറ്റ്‌വർക്കും ഗാലറി5ഉം ചേർന്ന് വികസിപ്പിച്ചെടുത്തതാണിത്. റിയ ചക്രവർത്തിയുടെ ഡിജിറ്റൽ സാന്നിധ്യം വ്യാപിപ്പിക്കുന്നതിനും പ്രേക്ഷകരുമായുള്ള ഇടപെടൽ അടക്കമുള്ളവയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിനുമാണ് ഈ അവതാർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് 'മിന്റ്' റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlights: Ordinary people in China are licensing their faces for AI dramas, ads, and games., Earnings vary from $15 to $370 per project, with extreme listings reaching up to $15,000., Producers seek real human faces for distinctiveness and realism despite AI generation capabilities., The trend raises critical concerns regarding identity control, consent, and data reuse., India is also exploring AI avatars, exemplified by actor Rhea Chakraborty's digital character 'Mishty' launched in March 2026.