ഇനി ചാറ്റിനിടെ പരസ്യം വരും! ചാറ്റ്ജിപിടി ഉപയോക്താക്കൾക്ക് ഓപ്പൺ എഐയുടെ ഇമെയിൽ സന്ദേശം

ഇന്ത്യയിലെ ചാറ്റ്ജിപിടി ഉപയോക്താക്കൾക്ക് ഇനി മുതൽ തങ്ങളുടെ ചാറ്റുകൾക്കിടയിൽ പരസ്യങ്ങൾ കാണേണ്ടി വന്നേക്കാം. നിർമിത ബുദ്ധി (AI) കമ്പനിയായ ഓപ്പൺ എഐ തങ്ങളുടെ പരസ്യ ഫീച്ചർ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇമെയിൽ സന്ദേശങ്ങൾ അയച്ചുതുടങ്ങിയിട്ടുണ്ട്. ഓപ്പൺ എഐയുടെ വെബ്‌സൈറ്റിൽ പരസ്യങ്ങൾ നൽകുന്ന രാജ്യങ്ങളുടെ ഔദ്യോഗിക പട്ടികയിൽ നിലവിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, ചില ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചുകഴിഞ്ഞിട്ടുണ്ട്.
ചാറ്റ്ജിപിടിയുടെ സ്വകാര്യതാ നയം പുതുക്കുന്നതായും, ഇതിൽ പരസ്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഉപയോക്താക്കൾക്ക് അതിനുമേൽ എങ്ങനെയുള്ള നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്നും വിശദമാക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ഇമെയിൽ സന്ദേശം.
ഓപ്പൺ എഐയുടെ അറിയിപ്പനുസരിച്ച്, ചാറ്റ്ജിപിടിയുടെ ഫ്രീ, ഗോ പ്ലാനുകളിൽ മാത്രമാണ് പരസ്യങ്ങൾ ദൃശ്യമാകുക. പ്ലസ്, പ്രോ, എന്റർപ്രൈസ്, ബിസിനസ്, എഡ്യൂക്കേഷൻ എന്നീ പ്ലാനുകളിൽ പരസ്യങ്ങൾ ഉണ്ടായിരിക്കില്ല. നിലവിൽ ഇന്ത്യയിൽ ചാറ്റ്ജിപിടി ഗോ പ്ലാനിന് പ്രതിമാസം 399 രൂപയും പ്ലസ് പ്ലാനിന് പ്രതിമാസം 1,999 രൂപയുമാണ് നിരക്ക്.
ചാറ്റ്ജിപിടി നൽകുന്ന മറുപടികളെ യാതൊരു വിധത്തിലും പരസ്യങ്ങൾ സ്വാധീനിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പരസ്യങ്ങളും "സ്‌പോൺസേഡ്" എന്ന് ലേബൽ ചെയ്യുമെന്നും സാധാരണ മറുപടികളിൽ നിന്ന് വേർതിരിച്ച് കാണിക്കുമെന്നും കമ്പനി അറിയിച്ചു. ഇത് ഗൂഗിൾ സെർച്ചിലെ സ്പോൺസേഡ് പരസ്യങ്ങൾക്ക് സമാനമായിരിക്കുമെന്നാണ് കരുതുന്നത്.
ചാറ്റ്ജിപിടിയിൽ സൂക്ഷിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് വ്യക്തിഗതമായ പരസ്യങ്ങളായിരിക്കും കമ്പനി നൽകുക. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളോ ചാറ്റ് ഹിസ്റ്ററിയോ പരസ്യദാതാക്കൾക്ക് കൈമാറില്ലെന്ന് കമ്പനി ഉറപ്പുനൽകുന്നു. പരസ്യങ്ങൾ എത്രപേർ കണ്ടു അല്ലെങ്കിൽ ക്ലിക്ക് ചെയ്തു എന്നതുപോലുള്ള പൊതുവായ വിവരങ്ങൾ മാത്രമേ പരസ്യദാതാക്കൾക്ക് ലഭിക്കുകയുള്ളൂ.
നിലവിൽ യു.എസിൽ ഓപ്പൺ എഐ ചാറ്റ്ജിപിടിയിൽ പരസ്യങ്ങൾ കാണിക്കുന്നുണ്ട്. ഈ മാറ്റത്തോടെ യുകെ, മെക്സിക്കോ, ബ്രസീൽ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാണ് ഇപ്പോൾ ഔദ്യോഗികമായി പരസ്യങ്ങൾ വരുന്നത്. കൂടാതെ ന്യൂസീലാൻഡ്, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പരസ്യങ്ങൾ കാണിക്കുന്നുണ്ട്.
Content Highlights: OpenAI has started emailing Indian ChatGPT users regarding updated privacy policies as it prepares to roll out sponsored ads for Free and Go plan users in India.