'ക്യാപ്റ്റീവ് ക്രഞ്ച്' ഭീഷണി: പബ്ലിക് Wi-Fi ഉപയോഗം സൂക്ഷിച്ചുവേണം, മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്

ഹോട്ടലുകളിലെയും വിമാനത്താവളങ്ങളിലെയും പൊതു വൈ-ഫൈ നെറ്റ്വർക്കുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റിന്റെ ത്രെറ്റ് ഇന്റലിജൻസ് ടീം. ഗസ്റ്റ് വൈഫൈ നെറ്റ്വർക്കുകൾ ലക്ഷ്യമിട്ട് സങ്കീർണമായ സൈബർ ആക്രമണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണിത്. 'ക്യാപ്റ്റീവ് ക്രഞ്ച്' (CaptiveCrunch) എന്ന ഇന്റർനെറ്റ് ഹൈജാക്കിങ് കാമ്പെയിൻ കഴിഞ്ഞ മെയ് മാസം മുതൽ സജീവമാണെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. റഷ്യൻ ഹാക്കിങ് ഗ്രൂപ്പായ മിഡ്നൈറ്റ് ബ്ലിസാർഡിന്റെ (Midnight Blizzard - APT29 , Cozy Bear എന്നും അറിയപ്പെടുന്നു) ഉപഗ്രൂപ്പായ 'സ്റ്റോം-2945' (Storm-2945) ആണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു.
ഗസ്റ്റ് നെറ്റ്വർക്കുകൾ വഴിയും ക്യാപ്റ്റീവ് പോർട്ടൽ സ്ക്രീനുകൾ വഴിയുമാണ് ഈ ഹാക്കർ സംഘം ആക്രമണങ്ങൾ നടത്തുന്നത്. (ഹോട്ടൽ വൈഫൈയിലോ വിമാനത്താവളങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലോ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ദൃശ്യമാകുന്ന വെബ് പേജുകളാണ് ക്യാപ്റ്റീവ് പോർട്ടലുകൾ). നിരവധി രാജ്യങ്ങളിലെ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലെയും ക്യാപ്റ്റീവ് പോർട്ടൽ ഉപകരണങ്ങൾ വഴി സേവനം നൽകുന്ന മറ്റ് നെറ്റ്വർക്കുകളിലെയും വൈഫൈ നെറ്റ്വർക്കുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടതായി മൈക്രോസോഫ്റ്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരുടെ അക്കൗണ്ടുകൾ ആക്സസ് ചെയ്യുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് വിലയിരുത്തുന്നതായി മൈക്രോസോഫ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
ക്യാപ്റ്റീവ് ക്രഞ്ച്' ഹാക്കർ ആക്രമണം
ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളുടെ വൈഫൈ ഇൻഫ്രാസ്ട്രക്ചർ ഹാക്കർമാർ കൈക്കലാക്കുകയും, വ്യാജ പോർട്ടലുകളിലൂടെയും, പോപ്-അപ്പുകളിലൂടെയും ഉപയോക്താക്കളെ വഴിതിരിച്ചുവിടുകയും ചെയ്യുന്നു. കണക്റ്റുചെയ്തുകഴിഞ്ഞാൽ പതിവ് സുരക്ഷാ പരിശോധനകളുടെ പേരിൽ വ്യാജ ഫയലുകൾ ഡൗൺലോഡ് ചെയ്യാനോ സെൻസിറ്റീവ് വിവരങ്ങൾ നൽകാനോ ആവശ്യപ്പെടും. ഇതാണ് തട്ടിപ്പിന്റെ തുടക്കം.
ആക്രമണം രണ്ട് രീതിയിൽ
വ്യാജ ബ്രൗസർ അപ്ഡേറ്റുകൾ: ഹോട്ടൽ വൈഫൈയിലേക്ക് കണക്റ്റ് ചെയ്യാൻ ശ്രമിക്കുന്ന അതിഥികൾക്ക് അവരുടെ വെബ് ബ്രൗസർ അപ്ഡേറ്റ് ചെയ്യാനോ നെറ്റ്വർക്ക് ട്രബിൾഷൂട്ടിംഗ് യൂട്ടിലിറ്റികൾ പ്രവർത്തിപ്പിക്കാനോ ആവശ്യപ്പെടുന്ന പോപ്-അപ്പുകൾ ലഭിച്ചേക്കാം. ചില നിർദ്ദേശങ്ങൾ ഔദ്യോഗിക ഗൂഗിൾ സുരക്ഷാ പരിശോധനകളെ അനുകരിക്കുന്നവയാണ്. 'നിങ്ങളുടെ കമ്പ്യൂട്ടർ നെറ്റ്വർക്കിൽ നിന്ന് അസാധാരണമായ ട്രാഫിക് ഞങ്ങളുടെ സിസ്റ്റം കണ്ടെത്തിയിരിക്കുന്നു. ഗൂഗിൾ സെർച്ച് ആക്സസ് ചെയ്യുന്നതിന് ദയവായി സുരക്ഷാ പരിശോധന പൂർത്തിയാക്കുക' തുടങ്ങിയ മുന്നറിയിപ്പുകൾ ഇതിലുണ്ടാകും.
അക്കൗണ്ട് ടേക്ക്ഓവറുകൾ: ഇതിലൂടെ ഉപയോക്താക്കളെ വിശ്വസനീയമായ വ്യാജ ലോഗിൻ സ്ക്രീനുകളിലേക്ക് റീഡയറക്ട് ചെയ്യുന്നു. വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ ഹാക്കർമാർ ഇരയുടെ മൈക്രോസോഫ്റ്റ് 365 അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും തുടർന്ന് സ്വകാര്യ ഇമെയിലുകൾ, വൺഡ്രൈവ് ഡോക്യുമെന്റുകൾ, കോർപ്പറേറ്റ് നെറ്റ്വർക്കുകൾ എന്നിവ കൈക്കലാക്കുകയും ചെയ്യുന്നു.
ഉപകരണത്തിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ ഹൈജാക്കർമാർക്ക് പൂർണ നിയന്ത്രണം ലഭിക്കും. സ്റ്റോം-2945 ന് കീസ്ട്രോക്കുകൾ പകർത്താനും, ഓഡിയോയും വീഡിയോയും റെക്കോർഡ് ചെയ്യാനും, സ്ക്രീൻഷോട്ടുകൾ എടുക്കാനും, ബ്രൗസർ കുക്കികളും പാസ്വേഡുകളും മോഷ്ടിക്കാനും, വൈറസ് ബാധിച്ച ഉപകരണം വിദൂരമായി പ്രവർത്തിപ്പിക്കാനും കഴിയുമെന്ന് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകുന്നു.
എങ്ങനെ സുരക്ഷ ഉറപ്പാക്കാം
പബ്ലിക് നെറ്റ്വർക്കുകളിൽ യാത്രക്കാരും കോർപ്പറേറ്റ് ഐടി വിഭാഗങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മൈക്രോസോഫ്റ്റ് നിർദേശിക്കുന്നു. താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കുന്നത് സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും.
- പബ്ലിക് അല്ലെങ്കിൽ ഹോട്ടൽ വൈഫൈ നെറ്റ്വർക്കുകൾ കഴിയുന്നതും ഒഴിവാക്കുക. പകരം വ്യക്തിഗത സെല്ലുലാർ ഹോട്ട്സ്പോട്ടുകളോ എൻക്രിപ്റ്റ് ചെയ്ത സ്വകാര്യ കണക്ഷനുകളോ ഉപയോഗിക്കുക.
- ഹോട്ടൽ ക്യാപ്റ്റീവ് പോർട്ടലുകൾ വഴിയോ അപ്രതീക്ഷിത ബ്രൗസർ പോപ്-അപ്പുകൾ വഴിയോ നേരിട്ട് നൽകുന്ന ബ്രൗസർ അപ്ഡേറ്റുകൾ, സുരക്ഷാ ടൂളുകൾ, നെറ്റ്വർക്ക് സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ എന്നിവ ഒരിക്കലും ഡൗൺലോഡ് ചെയ്യരുത്.
- യാത്ര ചെയ്യുമ്പോഴോ ഗസ്റ്റ് നെറ്റ്വർക്കുകളിൽ ലോഗിൻ ചെയ്യുമ്പോഴോ നൽകുന്ന സെൻസിറ്റീവ് വിവരങ്ങൾ സുരക്ഷിതമാണെന്ന് പരിശോധിച്ച് ഉറപ്പാക്കണം.
Content Highlights: Russian hacking group Storm-2945 is executing 'CaptiveCrunch' attacks on hotel and public Wi-Fi networks., Hackers use fake captive portals, browser updates, and security checks to deploy malware and steal credentials., Compromised networks can lead to Microsoft 365 account takeovers and remote device control., Travelers are advised to use cellular hotspots and ignore unexpected update prompts on public networks.