ബി.എസ്.എൻ.എൽ. സിംകാർഡ് ഇനി തപാൽ ഓഫീസുകൾ മുഖേനയും

കോഴിക്കോട്: ബി.എസ്.എൻ.എൽ. സിംകാർഡുകൾ ഇനിമുതൽ തപാൽ ഓഫീസുകളിൽനിന്ന് ലഭിക്കും. ഇപ്പോൾ ഹെഡ് പോസ്റ്റ് ഓഫീസുകളിലാണ് വിതരണമാരംഭിച്ചിട്ടുള്ളത്. വൈകാതെ ഇത് എല്ലാ തപാൽ ഓഫീസുകളിലേക്കും വ്യാപിപ്പിക്കും. ആധാർകാർഡും മറ്റുരേഖകളുമായി തപാൽ ഓഫീസിലെത്തുന്നവർക്ക് 51 രൂപയ്ക്ക് സിം വാങ്ങാം. ഗുണഭോക്താവിന്റെ ഫോട്ടോ വെരിഫിക്കേഷൻ ഉള്ളതിനാൽ നേരിട്ടെത്തണം.
ഓരോ പോസ്റ്റ് ഓഫീസിലും ഓരോ ഉദ്യോഗസ്ഥന് സിം വിതരണത്തിന്റെ പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. മാസം 100 സിമ്മെങ്കിലും ഒരു ഹെഡ്‌പോസ്റ്റ് ഓഫീസിൽനിന്ന് വിൽക്കാനാവുമെന്നാണ് തപാൽവകുപ്പ് അധികൃതർ പ്രതീക്ഷിക്കുന്നത്.
തപാൽവകുപ്പിന്റെയും ബി.എസ്.എൻ.എലിന്റെയും സേവനശൃംഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയതീരുമാനമെന്ന് കോഴിക്കോട് പോസ്റ്റൽ ഡിവിഷൻ അസിസ്റ്റന്റ് സൂപ്രണ്ട് എ.എൻ. സുനിൽകുമാർ പറഞ്ഞു.
Content Highlights: BSNL SIM cards are now available at Head Post Offices in Kozhikode for ₹51 upon presenting valid identity documents, with plans to expand the service to all post offices soon.