ഐ.ടിയിൽ BSNL-നെ നയിക്കാൻ കേരള സർക്കിൾ; 13 പദ്ധതികൾ വികസിപ്പിച്ചു, 3000 കോടി ലാഭിച്ചു

#ജി. രാജേഷ് കുമാര്‍
പ്രതീകാത്മകചിത്രം | Reuters, Mathrubhumi archives
പ്രതീകാത്മകചിത്രം | Reuters, Mathrubhumi archives

പത്തനംതിട്ട: ബിഎസ്എൻഎലിന്റെ ഐടി സാങ്കേതികവിദ്യയുടെ പ്രഭവകേന്ദ്രമായി കേരള സർക്കിൾ. കമ്പനിയുടെ പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിന് ഉപകരിച്ച 13 പദ്ധതികൾ ഇവിടത്തെ ഐടി സെല്ലാണ് വികസിപ്പിച്ചത്. പുതിയ ഐടി പദ്ധതികൾ ആവശ്യമായി വരുമ്പോൾ കോർപ്പറേറ്റ് ഓഫീസ് ആശ്രയിക്കുന്നതും ഇപ്പോൾ കേരള സർക്കിളിനെയാണ്. സ്വന്തമായി ഐടി പദ്ധതികൾ രൂപപ്പെടുത്തിയതുവഴി ബിഎസ്എൻഎലിന് 3000 കോടിയോളം രൂപ ലാഭിക്കാൻ കഴിഞ്ഞതായാണ് വിലയിരുത്തൽ.

2002-ൽ സ്ഥാപിതമായ കേരളത്തിലെ ഐടി സെല്ലിന്റെ പ്രധാന ചുക്കാൻ പിടിച്ചത് ഇപ്പോഴത്തെ കേരള ചീഫ് ജനറൽ മാനേജർ ആർ. സജികുമാറാണ്. പ്രിൻസിപ്പൽ ജനറൽ മാനേജർ മുതൽ ജൂനിയർ ടെലികോം ഓഫീസർ തസ്തികകളിലുള്ളവർവരെയുള്ള വിദഗ്ധർക്കാണ് ഇതിന്റെ ക്രഡിറ്റ്. ഉപഭോക്തൃസേവന ആപ്പായ 'സഞ്ചാർ മിത്ര'യാണ് ഒടുവിൽ വികസിപ്പിച്ചത്.

വീടുകളിലെയും സ്ഥാപനങ്ങളിലെയും ഫൈബർ കണക്ഷനുകളെ ബിഎസ്എൻഎൽ ഓഫീസുകളിലിരുന്ന് ക്രമീകരിക്കുന്ന ബ്രിഡിൽസംവിധാനം. ഉപയോക്താക്കളുടെ പരാതികൾ കമ്പനിയുടെ അതത് വിഭാഗങ്ങളിലേക്കെത്തിക്കുന്ന വൺ നോക്. ബിഎസ്എൻഎലിലെ പഴയതും പുതിയതുമായ സാങ്കേതികവിദ്യകളെ ഏകോപിപ്പിക്കാൻ ഐടി പ്ലാറ്റ്ഫോമായ യുഎൻഎംഎസ്.

ജീവനക്കാരുടെ ഹാജർ അടക്കമുള്ള വിവരങ്ങൾ ഏകോപിപ്പിക്കാൻ എംപ്ലോയീ സൂപ്പർ ആപ്പ്, വിട്ടുപോകുന്ന ഉപയോക്താവിനെ കണ്ടെത്തി അതത് സ്ഥലങ്ങളിലേക്ക് സന്ദേശം നൽകാൻ കസ്റ്റമർ റിറ്റൻഷൻ ആപ്പ്. വാഹനങ്ങളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും ഇന്റർനെറ്റ് ഓഫ് തിങ്സിലും ഉപയോഗിക്കുന്ന ഇ-സിമ്മിന്റെ കൈകാര്യത്തിനും എം ടു എം.ണസർക്കാർസംവിധാനങ്ങൾക്ക് നൽകിയിരിക്കുന്ന കണക്ഷനുകളുടെ മാനേജ്മെന്റിനായി ഗ്രാം നെറ്റ് പോർട്ടൽ.

കണക്ഷനുവേണ്ടി ബുക്ക് മൈ ഫൈബർ ആപ്പിൽ ബുക്കുചെയ്യുന്ന ഉപയോക്താവിന് സേവനം നൽകാൻ വൺ മാപ്പ് ആപ്പ് തുടങ്ങിയവയാണ് പുതിയ പദ്ധതികൾ.

Content Highlights: BSNL Kerala Circle is the IT innovation hub, developing 13 projects that saved the company ₹3000 Crores. Discover their impactful IT solutions