ബിഎസ്എന്‍എല്‍ 4-ജി ഇന്നുമുതല്‍ രാജ്യവ്യാപകം, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Photo: BSNL
Photo: BSNL

ന്യൂഡല്‍ഹി: ബിഎസ്എന്‍എലിന്റെ 4-ജി സേവനങ്ങള്‍ ശനിയാഴ്ചമുതല്‍ രാജ്യവ്യാപകമാകും. പദ്ധതികളുടെ ഉദ്ഘാടനം ഒഡിഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും.

രാജ്യത്തുടനീളം 98,000 കേന്ദ്രങ്ങളില്‍ 4-ജി ടവര്‍ സ്ഥാപിക്കും. സോഫ്റ്റ്വേര്‍ അധിഷ്ഠിതമായാണ് പ്രവര്‍ത്തനമെന്നും 5-ജിയിലേക്ക് വളരെവേഗം മാറാവുന്ന രീതിയിലാണ് മാറ്റമെന്നും കേന്ദ്ര ടെലികോംമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4ജി നെറ്റ്‌വര്‍ക്ക് വിന്യസിക്കുന്നതിനുള്ള ദൗത്യത്തിലായിരുന്നു. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യകളാണ് ഇതിനായി ബിഎസ്എന്‍എല്‍ ഉപയോഗിച്ചിരിക്കുന്നത്.

25000 കോടിയോളം നിക്ഷേപം നടത്തിയ കഴിഞ്ഞ വര്‍ഷം മുതല്‍ ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ ആരംഭിച്ചിരുന്നു. ശൃംഖല ശക്തിപ്പെടുത്തുന്നതിനായി 47000 കോടി രൂപകൂടി നിക്ഷേപിക്കാനുള്ള പദ്ധതിയും കമ്പനിയ്ക്കുണ്ട്.

4ജി നെറ്റ്‌വര്‍ക്ക് കൂടുതല്‍ വികസിതമായതിന് പിന്നാലെ 5ജി സേവനങ്ങള്‍ ആരംഭിക്കാനും ബിഎസ്എന്‍എല്ലിനാവും. 4ജി വിന്യാസത്തിനായി ഉപയോഗിച്ച സാങ്കേതിക സംവിധാനങ്ങള്‍ തന്നെ 5ജിയ്ക്ക് വേണ്ടി ഉപയോഗിക്കാനാവും.

Content Highlights: BSNL will launch its 4G services nationwide starting Saturday, with PM Narendra Modi inaugurating the project in Odisha. The rollout includes 98,000 4G towers using indigenous technology, with ₹25,000 crore already invested and ₹47,000 crore more planned