കാഴ്ചയിലും കേള്‍വിയിലും വിപ്ലവം സൃഷ്ടിച്ച പാലക്കാട്ടുകാരന്‍; ബിപിഎല്‍ സ്ഥാപകന്‍ വിടപറയുമ്പോള്‍

എഴുപതുകളില്‍ കെ.എസ്.ഐ.ഡി.സി.യില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് ടി.പി.ജി. നമ്പ്യാരുമായുള്ള ബന്ധം തുടങ്ങുന്നത്. പിന്നീട് ഞാന്‍ ബി.പി.എല്‍. കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡിലേക്കെത്തിയതോടെ കൂടുതലടുത്തു. ജ്യേഷ്ഠന്റെ സ്ഥാനത്താണ് അദ്ദേഹത്തെ കണ്ടിരുന്നത്.
രാജ്യത്തിന്റെ വ്യവസായ ഭൂപടത്തില്‍ കേരളത്തിന് ശ്രദ്ധേയമായൊരു ഇടം സൃഷ്ടിച്ചുനല്‍കിയവരില്‍ മുന്നിലാണ് നമ്പ്യാരുടെ സ്ഥാനം. ഇംഗ്ലണ്ടിലെ ബ്രിട്ടീഷ് ഫിസിക്കല്‍ ലബോറട്ടറീസില്‍നിന്ന് കിട്ടിയ സാങ്കേതികവൈദഗ്ധ്യവും വ്യാവസായികവളര്‍ച്ചയെക്കുറിച്ചുള്ള ദീര്‍ഘവീക്ഷണവും കൈമുതലാക്കിയാണ് അദ്ദേഹം യാത്ര തുടങ്ങുന്നത്. ഇന്ത്യയില്‍ മടങ്ങിയെത്തിയ നമ്പ്യാര്‍ പാലക്കാട്ട് ബി.പി.എലിന് തുടക്കമിട്ടു. ഇ.സി.ജി. ഉപകരണങ്ങളുടെ നിര്‍മാണത്തിലായിരുന്നു ആദ്യചുവട്. പവര്‍ലൈന്‍ കാരിയര്‍ കമ്യൂണിക്കേഷന്‍ ഉപകരണങ്ങളിലേക്ക് അദ്ദേഹം പിന്നീട് കാഴ്ചപ്പാടിനെ വളര്‍ത്തി.
ജപ്പാനിലെ കമ്പനികളുടെ സഹകരണത്തോടെ ടെലിവിഷന്‍ സെറ്റുകളുടെ നിര്‍മാണം തുടങ്ങിയതോടെയാണ് നമ്പ്യാര്‍ ഇന്ത്യയില്‍ വലിയൊരു വിപ്ലവത്തിന് സ്‌ക്രീന്‍ ഒരുക്കിയത്. ഗുണനിലവാരംകൊണ്ട് വളരെപ്പെട്ടെന്ന് ബി.പി.എല്‍. ഇന്ത്യന്‍ വീടുകള്‍ കീഴടക്കി. കൈയില്‍കൊണ്ടുനടക്കാവുന്ന ഫോണ്‍ ഇന്ത്യക്കാരുടെ വിദൂരസ്വപ്നങ്ങളില്‍പ്പോലുമില്ലാതിരുന്ന കാലത്ത് അദ്ദേഹം രാജ്യത്തെ ആദ്യ മൊബൈല്‍ഫോണ്‍ ശൃംഖലയ്ക്ക് തുടക്കമിട്ടു. മകളുടെ ഭര്‍ത്താവ് രാജീവ് ചന്ദ്രശേഖര്‍ ഈ സംരംഭത്തിന്റെ നേതൃനിരയിലേക്കെത്തിയതോടെ രാജ്യത്ത് സെല്‍ഫോണ്‍ വിപ്ലവത്തിന് തുടക്കമായി.
രണ്ടായിരത്തിന്റെ തുടക്കത്തില്‍ ബി.പി.എല്‍. വന്‍ വളര്‍ച്ച കൈവരിച്ചു. വിറ്റുവരവ് 5,000 കോടി കടന്നു. റഫ്രിജറേറ്ററുകളും വാഷിങ് മെഷീനുകളും വീഡിയോ കാസറ്റ് റെക്കോഡറുകളും ആ ബ്രാന്‍ഡില്‍ ഉപഭോക്താക്കളെത്തേടിയെത്തി. തൊണ്ണൂറുകളില്‍ കെല്‍ട്രോണിന്റെ ചില യൂണിറ്റുകള്‍ പൂട്ടലിന്റെ വക്കിലെത്തിയപ്പോള്‍ തുണയായി വന്നത് അദ്ദേഹമാണ്. ചര്‍ച്ചകള്‍ ഒരുപാട് മുന്നോട്ടുപോയെങ്കിലും പലവിധ കാരണങ്ങളാല്‍ ഏറ്റെടുക്കല്‍ നടന്നില്ല. ബി.പി.എല്‍. അവതരിപ്പിച്ച ഓരോ ഉത്പന്നത്തിലും കേരളത്തിന്റെ വ്യവസായപുരോഗതിക്കായി പാകിയ ആധാരശിലകളിലും എന്നും ആ പേര് ബാക്കിയുണ്ടാകും.
(മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.എസ്.ഐ.ഡി.സി., നിറ്റജലാറ്റിന്‍ ലിമിറ്റഡ്)
Content Highlights: bpl founder tpg nambiar passes away at 94