ജന്മികുടുംബത്തില്‍ ജനിച്ച ടി.പി.ജിക്ക് അനുഭാവം കമ്യൂണിസ്റ്റ് രാഷ്ട്രീയത്തോട്;ശേഷം വ്യവസായ ഇതിഹാസമായി

'ബി.പി.എല്‍.' എന്ന മൂന്നക്ഷരത്തിന്റെ വിജയഗാഥയാണ് കണ്ണൂരിലെ കോടിയേരിയില്‍ ജനിച്ച ടി.പി.ജി. നമ്പ്യാരെ ഇന്ത്യന്‍ വ്യവസായരംഗത്തെ ഇതിഹാസമാക്കി മാറ്റിയത്. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ബി.പി.എല്‍. ബ്രാന്‍ഡ് ഉപഭോക്താക്കളുടെ മനസ്സില്‍ മായാതെ പതിപ്പിക്കാന്‍ അദ്ദേഹത്തിനുകഴിഞ്ഞു.
ബ്രിട്ടനിലും അമേരിക്കയിലും ജോലിചെയ്തശേഷം ഇന്ത്യയില്‍ മടങ്ങിയെത്തി ബി.പി.എല്‍. ഗ്രൂപ്പ് സ്ഥാപിച്ച അദ്ദേഹത്തിന് ഇന്ത്യയിലെ ഇലക്ട്രോണിക് വ്യവസായത്തിന്റെ മുഖ്യശില്പികളില്‍ ഒരാളായി മാറാനായി. 1980-90 കാലത്ത് കേരളത്തിലെ വീടുകളില്‍ ബി.പി.എല്‍. ഉത്പന്നങ്ങള്‍ വിശ്വാസ്യതയുടെ അടയാളമായി മാറി.
റേക്കാള്‍ എന്ന കമ്പനിയുടെ സാങ്കേതികവിദ്യയുപയോഗിച്ച് പ്രവര്‍ത്തിച്ചുവന്ന ബി.പി.എല്ലിനെ റേക്കാള്‍തന്നെ ഏറ്റെടുക്കാന്‍ തുടങ്ങിയപ്പോഴാണ് 1962-ല്‍ നമ്പ്യാര്‍ അതേറ്റെടുക്കുന്നത്. തുടര്‍ന്നാണ് കമ്പനിയുടെ യഥാര്‍ഥ മുന്നേറ്റം തുടങ്ങിയത്. പാലക്കാടാണ് നിര്‍മാണശാലയാരംഭിച്ചത്. കമ്പനിക്കാവശ്യമായ ഘടകവസ്തുക്കള്‍ കോയമ്പത്തൂര്‍ വഴി എത്തിക്കാനുള്ള സൗകര്യം മുന്‍നിര്‍ത്തിയായിരുന്നു ഇത്. പിന്നീട് നിര്‍മാണകേന്ദ്രം ബെംഗളൂരുവിലേക്കുമാറ്റി.
വടക്കേമലബാറില്‍ ജന്മികുടുംബത്തില്‍ ജനിച്ച ടി.പി.ജി. നമ്പ്യാര്‍ക്ക് ചെറുപ്പകാലത്ത് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തോട് അനുഭാവമുണ്ടായിരുന്നു. രാത്രി ക്ലാസുകളിലൊക്കെ പോകുമായിരുന്നെന്ന് അദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, മനസ്സ് രാഷ്ട്രീയത്തില്‍ ഉറച്ചില്ല. പഠനത്തിനും ജോലിക്കുമായി ലണ്ടനിലേക്കുപോകാനായിരുന്നു നിയോഗം. പിന്നെ അമേരിക്കയിലുമെത്തി.
ബി.പി.എല്‍. ഏറ്റെടുക്കാനായാണ് തിരിച്ചെത്തിയത്. തുടര്‍ന്ന്, അദ്ദേഹത്തിന്റെ ജീവിതം ഇന്ത്യന്‍ വ്യവസായലോകത്തെ ചരിത്രമായി മാറി. പുതിയ പുതിയ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണി പിടിച്ചെടുത്ത് മുന്നേറാന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ബി.പി.എല്ലിന് കഴിഞ്ഞു. നഗരങ്ങള്‍തോറും ബി.പി.എല്‍. ഷോറൂമുകളും ഗാലറികളും സര്‍വീസ് സെന്ററുകളും മുളച്ചുപൊന്തി.
സ്വപ്രയത്‌നവും കഠിനാധ്വാനവുമാണ് ടി.പി.ജി. നമ്പ്യാരെ ഉയരത്തിലെത്തിച്ചത്. 'ഞാനൊരു സെല്‍ഫ് മെയ്ഡ് മാന്‍ ആണ്' -നമ്പ്യാര്‍ തന്നെക്കുറിച്ച് പറയുന്നത് ഇങ്ങനെയായിരുന്നു.
Content Highlights: BPL founder tpg nambiar life story