ഭാവിയിലെ വിമാനം ഈ രൂപത്തിലാകാം; രണ്ട് കമ്പനികള്‍ രംഗത്ത്, ഇന്ധനച്ചെലവടക്കം കുറയും

#ടെക് ഡെസ്‌ക്
ഔട്ട്ബൗണ്ട് എയ്‌റോസ്‌പേസ് നിര്‍മിക്കാനൊരുങ്ങുന്ന വിമാനത്തിന്റെ മാതൃക | Photo - Outbound
ഔട്ട്ബൗണ്ട് എയ്‌റോസ്‌പേസ് നിര്‍മിക്കാനൊരുങ്ങുന്ന വിമാനത്തിന്റെ മാതൃക | Photo - Outbound

വിമാനത്തിന്റെ ഫ്യൂസലേജും ചിറകും ഒരൊറ്റ ഘടനയുടെ ഭാഗമാകുന്ന ബ്ലെന്‍ഡഡ്-വിങ് വിമാനങ്ങള്‍ ഭാവിയില്‍ ഒരുപക്ഷെ വ്യാപകമായേക്കാം. ഇത്തരം വിമാനങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തില്‍ നിലവില്‍ ഒന്നിലധികം സ്റ്റാര്‍ട്ടപ്പുകള്‍ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നത്.

ബ്ലെന്‍ഡഡ്-വിങ് രൂപകല്‍പ്പന യാഥാര്‍ഥ്യമായാല്‍ നൂതന സാങ്കേതികവിദ്യയുടെ പിന്തുണയോടെ ഇന്ധന ഉപയോഗം 50 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്നും സമാനമായ അളവില്‍ മലിനീകരണം കുറയ്ക്കാമെന്നും, ശബ്ദം ഗണ്യമായി കുറയ്ക്കാമെന്നും നാസയുടെ ഗവേഷണം സൂചിപ്പിക്കുന്നതായി സ്റ്റാര്‍ട്ടപ്പുകള്‍ വാദിക്കുന്നു. വിമാനത്തിന്റെ ഉള്‍വശം നിലവിലുള്ളതിനെക്കാള്‍ 40 ശതമാനംവരെ വലിപ്പമുള്ളതാകും. അതോടെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് പ്രത്യേക ക്യാബിനുകള്‍ ഒരുക്കാന്‍ സാധിക്കും. വിന്‍ഡോ സീറ്റുകളുടെ എണ്ണം കുറയുമെങ്കിലും വിമാനത്തില്‍ കയറുന്നതിനുള്ള നീണ്ട നിര ഒഴിവാക്കാന്‍ കഴിയുംവിധം വലിയ വാതിലുകള്‍ സ്ഥാപിക്കാന്‍ സാധിക്കും. ഇതെല്ലാമാണ് മേന്മകളായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്.

ബ്ലെന്‍ഡഡ്-വിങ് വിമാനങ്ങള്‍ എന്ന ആശയം പുതിയതല്ല. എയറോഡൈനാമിക് സ്വഭാവം വര്‍ധിപ്പിക്കുന്നതിനായി വിമാനത്തിന്റെ ചിറകുകളും ഫ്യൂസലേജും വിദഗ്ധമായി സംയോജിപ്പിക്കാമെന്ന ആശയം 100 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. 1924-ല്‍ ലോകത്തെ ആദ്യ ബ്ലെന്‍ഡഡ്-വിങ് വിമാനം ആദ്യപറക്കല്‍ നടത്തിയിരുന്നു. പക്ഷെ തകര്‍ന്നു വീണു. അതോടെ പദ്ധതി ഉപേക്ഷിക്കപ്പെടുകയായിരുന്നു.

അതിനുശേഷം ബ്ലെന്‍ഡഡ്-വിങ് സാങ്കേതികവിദ്യ യുഎസ് സൈന്യത്തിന് അവരുടെ ബോംബര്‍ വിമാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനായി വിട്ടുകൊടുത്തു. ഇപ്പോള്‍ മലിനീകരണം കുറയ്‌ക്കേണ്ടതിന്റെ അടിയന്തര ആവശ്യം വ്യോമയാന വ്യവസായം നേരിടുന്ന പശ്ചാത്തലത്തിലാണ് ബ്ലെന്‍ഡഡ്-വിങ് വാണിജ്യ യാത്രാവിമാനം എന്ന ആശയം വീണ്ടും പ്രസക്തമാകുന്നത്. ഔട്ട്ബൗണ്ട് എയ്‌റോസ്‌പേസ്, ജെറ്റ്‌സീറോ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളാണ് നിലവില്‍ ഇത്തരത്തിലുള്ള വിമാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ മുന്നേറ്റം നടത്തിയിട്ടുള്ളത്.

2025 മാര്‍ച്ചില്‍ കിഴക്കന്‍ ഒറിഗോണിലെ പെന്‍ഡില്‍ടണ്‍ യുഎഎസ് റേഞ്ചില്‍ നിന്ന് ഔട്ട്ബൗണ്ട് എയ്‌റോസ്‌പേസിന്റെ വിആകൃതിയിലുള്ള ഒരു ചെറിയ വിദൂരനിയന്ത്രിത വിമാനം പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. സ്റ്റീവ് (സ്‌കെയില്‍ഡ് ടെസ്റ്റ് വെഹിക്കിള്‍ എന്നതിന്റെ ചുരുക്കം) എന്നാണ് ഈ വിമാനത്തിന് പേരിട്ടിരുന്നത്. 2030-ഓടെ 200 മുതല്‍ 250 വരെ സീറ്റുകളുള്ള ഒരു ബ്ലെന്‍ഡഡ്-വിങ് യാത്രാവിമാനം പുറത്തിറക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. സ്റ്റീവിന്റെ എട്ടിരട്ടിയോളം വരുന്ന 171 അടി (52 മീറ്റര്‍) ചിറകളവുള്ള ഈ യാത്രാവിമാനത്തിന് ഇതിനകം ഒളിമ്പിക് എന്ന് പേരിട്ടിട്ടുമുണ്ട്.

സിയാറ്റില്‍ ആസ്ഥാനമായുള്ള ഈ സ്റ്റാര്‍ട്ടപ്പ് ബ്ലെന്‍ഡഡ്-വിങ് വിമാന രൂപകല്‍പ്പനയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. എയര്‍ബസ്, ബോയിങ് പോലുള്ള നിലവിലെ വമ്പന്‍ വിമാന നിര്‍മ്മാതാക്കളേക്കാള്‍ വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും പുതിയ ഇടത്തരം യാത്രാവിമാനം നിര്‍മ്മിക്കാന്‍ കമ്പനിയുടെ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നാണ് അവരുടെ അവകാശവാദം. ബോയിങ് മുന്‍ എഞ്ചിനീയറാണ് ഔട്ട്ബൗണ്ട് എയ്‌റോസ്‌പേസിന്റെ സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറും.

ബ്ലെന്‍ഡഡ്-വിങ് വാണിജ്യ യാത്രാവിമാനം വികസിപ്പിക്കാനുള്ള ഉദ്യമത്തില്‍ ജെറ്റ്‌സീറോ എന്ന സ്റ്റാര്‍ട്ടപ്പുമുണ്ട്. കാലിഫോര്‍ണിയയിലെ ലോങ് ബീച്ച് ആസ്ഥാനമായുള്ള ഈ കമ്പനിക്ക്, അതിന്റെ Z4 വിമാനം വികസിപ്പിക്കുന്നതിനായി അമേരിക്കന്‍ എയര്‍ഫോഴ്‌സില്‍ (യുഎസ്എഎഫ്) നിന്നടക്കം നിക്ഷേപം ലഭിച്ചിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രമുഖ എയ്‌റോസ്‌പേസ് കമ്പനികളുമായി ജെറ്റ്‌സീറോ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 

Content Highlights: Explore the revolutionary blended-wing aircraft design, from early concepts to modern startups like Outbound Aerospace and JetZero, aiming to revolutionize air travel and reduce emissions.