ഞങ്ങൾക്ക് ആപ്പിളിന്റെ ഒരു രഹസ്യവും വേണ്ട!, ട്രേഡ് സീക്രട്ട് കേസ് റദ്ദാക്കണമെന്ന് ഓപ്പൺ എഐ കോടതിയിൽ

ആപ്പിൾ തങ്ങൾക്കെതിരെ നൽകിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓപ്പൺ എഐ കോടതിയിൽ. ഉപഭോക്തൃ ഹാർഡ്വെയർ രംഗത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായി ഓപ്പൺ എഐ തങ്ങളുടെ വ്യാപാരരഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് ആപ്പിൾ നൽകിയ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് ഓപ്പൺ എഐ ബുധനാഴ്ച യു.എസ്. ജഡ്ജിയെ സമീപിച്ചത്.
ഓപ്പൺ എഐക്ക് ആപ്പിളിന്റെ വ്യാപാര രഹസ്യങ്ങൾക്കൊണ്ട് യാതൊരു ഉപയോഗമോ ആവശ്യമോ ഇല്ലെന്ന് ഓപ്പൺ എഐ പറഞ്ഞു. അതിനോടുള്ള ആഗ്രഹവുമില്ലെന്നും തികച്ചും വ്യത്യസ്തമായ പുതിയ ഒന്നാണ് ഓപ്പൺ എഐ നിർമിക്കുന്നതെന്നും ബുധനാഴ്ച സമർപ്പിച്ച ഹർജിയിൽ കമ്പനിയുടെ അഭിഭാഷകർ വ്യക്തമാക്കി.
സ്വന്തമായി നിർമിത ബുദ്ധി അധിഷ്ഠിത ഉപകരണം അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് ഓപ്പൺ എഐ. ആപ്പിളിന്റെ മുൻ ഡിസൈൻ മേധാവി ജോണി ഐവുമായി സഹകരിച്ചാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. അതിനിടെയാണ് തങ്ങളുടെ വ്യാപാര രഹസ്യങ്ങൾ ചോർത്തി പുതിയൊരുത്പന്നം നിർമിക്കാൻ ഓപ്പൺ എഐ ശ്രമിക്കുന്നുവെന്നാരോപിച്ച് ആപ്പിൾ കോടതിയെ സമീപിച്ചത്.
അതേസമയം സംരക്ഷിക്കപ്പെടേണ്ട വിധത്തിലുള്ള ഒരു വ്യാപാര രഹസ്യം തങ്ങളുടെ പക്കലുണ്ടായിരുന്നുവെന്നും അത് ദുരുപയോഗം ചെയ്യപ്പെട്ടു എന്നും തെളിയിക്കാൻ ആപ്പിളിന് സാധിച്ചിട്ടില്ലെന്ന് ഓപ്പൺ എഐ പറയുന്നു.
പ്രതിഭകളെ കണ്ടെത്തുന്നതിലും സ്വന്തം ജീവനക്കാരെ നിലനിർത്തുന്നതിലും നേരിട്ട തിരിച്ചടികളും ഉത്പന്നങ്ങളിൽ നിർമിത ബുദ്ധി സംയോജിപ്പിക്കുന്നതിൽ വരുത്തിയ വീഴ്ചകളും തിരുത്താൻ അടിസ്ഥാനരഹിതവും വ്യാജവുമായ നിയമനടപടികളെ ഉപയോഗിക്കാൻ ആപ്പിളിനെ അനുവദിക്കരുതെന്നും ഓപ്പൺ എഐ പറഞ്ഞു.
Content Highlights: OpenAI has petitioned a US court to dismiss Apple's lawsuit alleging trade secret theft, asserting that its upcoming AI hardware project with Jony Ive is entirely original and builds nothing on Apple's proprietary tech.