യുഎസിന് പുറത്ത് വിഷന്‍ പ്രോ ഹെഡ്‌സെറ്റ് വാങ്ങാന്‍ ആഗ്രഹമുണ്ടോ?; വന്‍ വില നല്‍കേണ്ടി വരും

ഫോട്ടോ: youtube.com/apple
ഫോട്ടോ: youtube.com/apple

ആപ്പിള്‍ വിഷന്‍ പ്രോയ്ക്ക് പ്രതീക്ഷിച്ചതിനേക്കാളേറെ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പലരും പലവിധ ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കുന്നു. വിഷന്‍ പ്രോ ഉപയോഗത്തിന്റെ പലതരം വീഡിയോകള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 3499 ഡോളറാണ് ആപ്പിള്‍ വിഷന്‍ പ്രോയുടെ വില. യുഎസ് വിപണിയില്‍ മാത്രമേ ഇത് ലഭിക്കൂകയുള്ളൂ. എന്നാല്‍ യുഎസിന് പുറത്തും ആളുകള്‍ ഇത് വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്. 

പലരും ആപ്പിള്‍ വിഷന്‍ പ്രോ തങ്ങളുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാനും അതിന് വന്‍തുക മുടക്കാനും തയ്യാറാകുന്നു. വിപണി വിലയേക്കാള്‍ കൂടുതല്‍ തുക മുടക്കി ജപ്പാന്‍, ചൈന, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ വിഷന്‍ പ്രോ സ്വന്തമാക്കുകയാണ്. 5000 ഡോളര്‍ മുതല്‍ 6000 ഡോളര്‍ വരെ വിലയ്ക്കാണ് വിഷന്‍ പ്രോ മറ്റ് രാജ്യങ്ങളില്‍ വില്‍ക്കുന്നത്. 5000 ഡോളര്‍ എന്നാല്‍ നാല് ലക്ഷം രൂപയോളം വരും. 

ആപ്പിളിന്റെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റിന് വിപണിയില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ സാധിച്ചേക്കുമെന്ന് വിദഗ്ദര്‍ പ്രവചിച്ചിരുന്നതാമെണെങ്കിലും ഒരു ഒന്നാം തലമുറ ഉപകരണമായിട്ടുകൂടി വിഷന്‍ പ്രോ ഹെഡ്‌സെറ്റിന് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത അപ്രതീക്ഷിതമാണ്. 

ആഴ്ചകള്‍ക്കുള്ളില്‍ ഏറ്റവും വലിയ ടെക്ക് വിപണികളിലൊന്നായ ചൈനയിലും വിഷന്‍ പ്രോ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. എന്തായാലും വലിയ വിലകൊടുത്താണെങ്കിലും വിഷന്‍ പ്രോ ഹെഡ്‌സെറ്റുകളുടെ അനധികൃതമായ ഇറക്കുമതിക്ക് കസ്റ്റംസ് ഏജന്‍സികളുടെ ഇടപെടലുണ്ടായേക്കും. 

വിഷന്‍ പ്രോയുടെ മൂന്ന് പതിപ്പുകളാണ് യുഎസില്‍ വില്‍പനയ്ക്കുള്ളത്. ഇതില്‍ 256 ജിബി ബേസ് മോഡലിന് 3499 ഡോളര്‍, 512 ജിബി വേരിയന്റിന് 3699 ഡോളര്‍, 1ടിബി വേരിയന്റിന് 3899 ഡോളര്‍ എന്നിങ്ങനെയാണ് വില. 

Content Highlights: Apple Vision Pro Outside Of US demand increasing