ഐഫോൺ 14 പ്രോ ആവശ്യക്കാർ കൂടുതൽ; ഉല്പാദനം കുറഞ്ഞു, ഫോണുകൾ കിട്ടാൻ വൈകും

Photo: Apple
Photo: Apple

സാന്‍ഫ്രാന്‍സിസ്‌കോ: ഐഫോണ്‍ 14 പ്രോ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയെന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ 14 പ്രോ ആവശ്യക്കാരുടെ എണ്ണം ഉത്പാദനത്തേക്കാള്‍ കൂടുതലാണെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ തുടര്‍ന്ന് ഫോണ്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് കൂടുതല്‍ ദിവസം കാത്തിരിക്കേണ്ടി വരികയാണ്. 

യുഎസില്‍ ഐഫോണ്‍ 14 പ്രോ, 14 പ്രോ മാക്‌സ് ഫോണുകള്‍ക്കായി അഞ്ച് മുതല്‍ 25 ദിവസം വരെ കാത്തിരിക്കേണ്ടിവരുന്നുണ്ടെന്ന് ഇന്‍വെസ്റ്റമെന്റ് ബാങ്കായ യുബിഎസിലെ അനലിസ്റ്റായ ഡേവിഡ് വോട്ട് പറയുന്നു. 30 രാജ്യങ്ങളില്‍ ഫോണിനായി കാത്തിരിക്കേണ്ടി വരുന്ന സമയം യുബിഎസ് ഇതിനായി വിശകലനം ചെയ്തു. ഫോണ്‍ ഉല്പാദനത്തെ ബാധിക്കാനിടയുള്ള ചൈനയിലെ ലോക്ക്ഡൗണിന് മുമ്പുള്ള കണക്കുകളും യുബിഎസ് ശേഖരിച്ചിരുന്നു. 

ഐഫോണ്‍ 14 ഫോണുകള്‍ ഉല്പാദിപ്പിക്കുന്ന ചൈനയിലെ ഫോക്‌സ്‌കോണ്‍ ഫാക്ടറി നില്‍ക്കുന്ന ഷെങ്‌ഷോ നഗരത്തിലെ ലോക്ക്ഡൗണ്‍ അവിടെ നിന്നുള്ള ഫോണ്‍ ഉല്പാദനത്തെയും വിതരണത്തെയും ബാധിച്ചിട്ടുണ്ട്. മൂന്ന് ലക്ഷം ജീവനക്കാരുള്ള ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിയാണിത്. ഇതേ തുടര്‍ന്ന് വരും മാസങ്ങളില്‍ ഐഫോണുകളുടെ വരവില്‍ വേഗം കുറയാനിടയുണ്ടെന്നും കരുതുന്നു. 
 

Content Highlights: Apple iPhone 14 Pro models demand exceeds production