ആപ്പിളിന്റെ സർപ്രൈസ് ഇവന്റ് മാർച്ച് നാലിന്; കുറഞ്ഞ വിലയിൽ ഐഫോണും മാക്ബുക്കും എത്തിയേക്കും

#Technology Desk

ആപ്പിൾ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ ഉല്പന്നങ്ങളുടെ അവതരണം മാർച്ച് നാലിന് നടക്കുമെന്ന് റിപ്പോർട്ടുകൾ. ഈ പരിപാടിയിൽ പ്രധാനമായും, താങ്ങാവുന്ന വിലയിലുള്ള ഒരു പുതിയ ഐഫോൺ മോഡലും മാക്ബുക്കും ആപ്പിൾ അവതരിപ്പിക്കുമെന്നാണ് സൂചന. മാർച്ച് നാലിന് ന്യൂയോർക്കിൽ നടക്കുന്ന പരിപാടി ആപ്പിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐഫോൺ 17ഇ മോഡൽ ആയിരിക്കുമിതെന്നാണ് വിവരം. നേരത്തെ ഫെബ്രുവരിയിൽ നടക്കുന്ന പരിപാടിയിൽ ഐഫോൺ 17ഇ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.

പ്രതീക്ഷകൾ എന്തെല്ലാം?

  • ഐഫോൺ 17ഇ : നിലവിലെ ഐഫോൺ മോഡലുകളെക്കാൾ കുറഞ്ഞ വിലയിൽ പുറത്തിറക്കുന്ന ഒരു 'ബജറ്റ് ഫ്രണ്ട്ലി' മോഡലായിരിക്കും ഇത്. ഐഫോൺ SE സീരീസിന് സമാനമായ രീതിയിൽ, എന്നാൽ പുതിയ ഡിസൈനിലും കരുത്തുറ്റ പ്രൊസസറിലും ആയിരിക്കും ഇത് എത്തുക. മാഗ്‌സേഫ് ചാർജിങ്, സിംഗിൾ ക്യാമറ, അതിവേഗ ചാർജിങ് ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഐഫോൺ 16ഇയുമായി സാമ്യതയുള്ളതാവും ഡിസൈൻ എന്നും കരുതുന്നു.
  • എൻട്രി ലെവൽ മാക്ബുക്ക് : വിദ്യാർഥികൾക്കും സാധാരണ ഉപയോക്താക്കൾക്കും അനുയോജ്യമായ രീതിയിൽ കുറഞ്ഞ വിലയിലുള്ള ഒരു മാക്ബുക്ക് മോഡലും ഈ ഇവന്റിൽ പ്രതീക്ഷിക്കുന്നുണ്ട്.
  • പുതിയ ഐപാഡ് എയർ : പുതുക്കിയ ഫീച്ചറുകളോടെയുള്ള ഐപാഡ് എയർ മോഡലുകളും ഈ ചടങ്ങിൽ അവതരിപ്പിക്കപ്പെട്ടേക്കാം.

മാർച്ച് ആദ്യവാരം നടക്കുന്ന ഈ ഇവന്റ് ആപ്പിളിന്റെ ഈ വർഷത്തെ ആദ്യത്തെ അവതരണ പരിപാടിയാണ്. സാധാരണയായി സെപ്റ്റംബർ മാസത്തിലാണ് പ്രീമിയം ഫോണുകൾ ആപ്പിൾ പുറത്തിറക്കാറുള്ളതെങ്കിലും, കുറഞ്ഞ വിലയിലുള്ള മോഡലുകൾക്കായി മാർച്ച് മാസമാണ് കമ്പനി തിരഞ്ഞെടുക്കാറുള്ളത്.

അതേസമയം ചിലപ്പോൾ ഐഫോൺ 17ഇ അവതരിപ്പിക്കാൻ വേണ്ടി മാത്രമാണ് മാർച്ച് നാലിലെ പരിപാടിയെന്നും സംശയിക്കുന്നുണ്ട്. എന്നാൽ ജനപ്രിയമായ മാക്ബുക്ക് എയറിനും താഴെ വിലയിലുള്ള ഒരു മാക്ബുക്ക് ആപ്പിൾ രംഗത്തിറക്കിയേക്കുമെന്ന സൂചന നേരത്തേയുണ്ട്. അത് ഐഫോൺ 17ഇക്കൊപ്പം ഉണ്ടാവാനിടയുണ്ടെന്നാണ് അനുമാനം. പഴയ ഐമാക് ജി3 കമ്പ്യൂട്ടറുകൾക്ക് സമാനമായ ആകർഷകമായ വ്യത്യസ്ത നിറങ്ങളിൽ ഈ മാക്ബുക്ക് പുറത്തിറക്കിയേക്കുമെന്നും കേൾക്കുന്നുണ്ട്.

ജെ700 എന്ന് കോഡ്നാമത്തിൽ ഒരുങ്ങുന്ന ഈ മാക്ബുക്കിന് 1000 ഡോളറിൽ താഴെയാണ് പ്രതീക്ഷിക്കുന്ന വില. എ18 പ്രോ ചിപ്‌സെറ്റിലായിരിക്കും മാക്ബുക്കിന്റെ പ്രവർത്തനമെന്ന് സപ്ലൈ ചെയിൻ അനലിസ്റ്റായ മിങ് ചി കുവോ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഇത് കൂടാതെ എം4 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഐപാഡ് എയറും എ18 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന വിലകുറഞ്ഞ ബേസ് മോഡൽ ഐപാഡും ആപ്പിൾ രംഗത്തിറക്കുമെന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നു. എന്നാൽ ഇവയെല്ലാം മാർച്ചിലെ പരിപാടിയിൽ ഉണ്ടാകുമെന്ന് ഉറപ്പില്ല.

Content Highlights: Apple March 4 Event: iPhone 17e Price, Features, and Launch Date Revealed