പ്രതാപം നിലനിര്‍ത്തുമോ ആപ്പിള്‍ ? ഐഫോണ്‍ 17 സീരീസ് ചൊവ്വാഴ്ച എത്തും; ഒപ്പം മറ്റ് ഉപകരണങ്ങളും

ആപ്പിളിന്റെ ഓ ഡ്രോപ്പിങ് (Awe-dropping) പരിപാടി നാളെയാണ്. കമ്പനിയുടെ ഏറ്റവും പുതിയ ജനപ്രിയ ഉത്പന്നങ്ങള്‍ നാളെ പുറത്തിറങ്ങും. സെപ്റ്റംബര്‍ ഒമ്പത് ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.30 നാണ് പരിപാടി ആരംഭിക്കുക. പുതിയ ഐഫോണ്‍ 17 ലൈനപ്പിനൊപ്പം ആപ്പിള്‍ വാച്ച് സീരീസ്, എയര്‍പോഡ്‌സ്, മറ്റ് അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവ കമ്പനി പുറത്തിറക്കും. നാളെ ആപ്പിള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉത്പന്നങ്ങളാണ് താഴെ.
ആപ്പിള്‍ ഐഫോണ്‍ 17 സീരീസ്
ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, ഐഫോണ്‍ 17 എയര്‍ എന്നിങ്ങനെ നാല് പുതിയ മോഡലുകളാണ് ആപ്പിള്‍ ഐഫോണ്‍ 17 സീരീസില്‍ അവതരിപ്പിക്കുന്നത്. മുന്‍പ് ഐഫോണ്‍ 12, 13 സീരീസുകളില്‍ മിനി മോഡല്‍ ഉള്‍പ്പെടുത്തിയിരുന്ന ആപ്പിള്‍, ഐഫോണ്‍ 14, 15, 16 സീരീസുകളില്‍ പ്ലസ് മോഡല്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഈ മിനി, പ്ലസ് മോഡലുകള്‍ക്ക് പകരമായി ഇത്തവണ അവതരിപ്പിക്കുന്നത് ഐഫോണ്‍ 17 എയര്‍ ആണ്. ആപ്പിളിന്റെ ഏറ്റവും കനം കുറഞ്ഞ ഐഫോണ്‍. വെറും 5.5 മില്ലിമീറ്റര്‍ കനം മാത്രമുള്ള ഈ മോഡല്‍ ഡിസൈനില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നു.
ഐഫോണ്‍ 17 സീരീസ് പുത്തന്‍ രൂപകല്‍പ്പനയിലാണ് എത്തുന്നത്. പുതിയ നിറങ്ങളും മെച്ചപ്പെടുത്തിയ ക്യാമറ ബമ്പ് ഡിസൈനും ഇതിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. ഈ സീരീസ് ആപ്പിളിന്റെ നൂതന സാങ്കേതികവിദ്യയും ഡിസൈന്‍ മികവും പ്രതിഫലിപ്പിക്കുന്നു, ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം വാഗ്ദാനം ചെയ്യുന്നു.
ആപ്പിള്‍ വാച്ച് സീരീസ് 11
ആപ്പിള്‍ വാച്ച് സീരീസ് 10 ന് സമാനമായ രൂപകല്‍പന തന്നെയായിരിക്കും ആപ്പിള്‍ വാച്ച് സീരീസ് 11 നും. എന്നാല്‍ കൂടുതല്‍ ബ്രൈറ്റ്‌നെസും നിറങ്ങളും വാഗ്ദാനം ചെയ്യുന്ന പുതിയ സ്‌ക്രീന്‍ ആയിരിക്കും വാച്ചില്‍ ഉപയോഗിക്കുക. വാച്ച് സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലായ വാച്ച് എസ്ഇയ്ക്ക് ഇത്തവണ വലിയ സ്‌ക്രീന്‍ ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു. ഒപ്പം വേഗം കൂടിയ ചിപ്പ്‌സെറ്റും ഇതിലെത്തിയേക്കും.
ആപ്പിള്‍ വാച്ച് അള്‍ട്ര 3 യിലും വലിയ സ്‌ക്രീന്‍, പുതിയ മോഡം ഉപയോഗിച്ചുള്ള 5ജി റെഡ്കാപ്പ് കണക്ടിവിറ്റി, ടെക്‌സ്റ്റ് മെസേജിനും അടിയന്തര കോളുകള്‍ക്കും ആപ്പിളിന്റെ സാറ്റലൈറ്റ് സേവനം ഉപയോഗിക്കാനുള്ള സൗകര്യം എന്നിവയുമായി മാറ്റങ്ങള്‍ വരും.
എയര്‍പോഡ് പ്രോ 3
എയര്‍പോഡ് പ്രോ 3യില്‍ കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, പുതിയ രൂപകല്‍പനയിലുള്ള ചാര്‍ജിങ് കെയ്‌സ്, പുതിയ പെയറിങ് മെക്കാനിസം ഉള്‍പ്പടെയുള്ള മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
സംഭാഷണങ്ങള്‍ തത്സമയം തര്‍ജമ ചെയ്യുന്നതിനുള്ള പുതിയ സോഫ്റ്റ് വെയര്‍ ആപ്പിള്‍ നിര്‍മിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐഒഎസ് 26 ലും ഐപാഡ് 26 ലും വരുന്ന എഐ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഫീച്ചറിനോട് അനുബന്ധിച്ചാണ് ഇത് ഒരുക്കുന്നതെന്നാണ് വിവരം.
ഇത് കൂടാതെ താഴെ പറയുന്ന ഉപകരണങ്ങളും നാളെ നടക്കുന്ന പരിപാടിയില്‍ അവതരിപ്പിച്ചേക്കാം.
എയര്‍ടാഗ് 2, ഐപാഡ് പ്രോ, വിഷന്‍ പ്രോ, ആപ്പിള്‍ ടിവി
എയര്‍ടാഗ് 2-ന്റെ പുതിയ പതിപ്പില്‍ മെച്ചപ്പെട്ട വയര്‍ലെസ് ചിപ്പും സ്ഥാനനിര്‍ണയ കഴിവുകളും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൃത്യതയും ദൂരപരിധിയും വര്‍ധിപ്പിക്കും. ഉപകരണത്തില്‍ M5 ചിപ്പ് ഉള്‍പ്പെടുത്തിയേക്കാം. ഒരു പുതിയ ഐപാഡ് പ്രോയും ആപ്പിള്‍ വികസിപ്പിക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ട്. ഇതില്‍ പോര്‍ട്രെയിറ്റ് ഭാഗത്ത് രണ്ടാമതൊരു ഫ്രണ്ട്-ഫേസിങ് ക്യാമറയും ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആപ്പിള്‍ വിഷന്‍ പ്രോയുടെ ആദ്യ ഹാര്‍ഡ്വെയര്‍ അപ്ഡേറ്റ് ആപ്പിള്‍ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ M2 ചിപ്പിന് പകരം കൂടുതല്‍ നൂതനമായ ഒരു ചിപ്പ് ഉപയോഗിക്കാനാണ് പദ്ധതി. കൂടാതെ, ആപ്പിള്‍ ടിവി സെറ്റ്-ടോപ്പ് ബോക്സിന്റെ പുതിയ പതിപ്പും നിര്‍മാണത്തിലുണ്ടെന്ന് സൂചനകളുണ്ട്. അടുത്ത വര്‍ഷം പുറത്തിറങ്ങാന്‍ സാധ്യതയുള്ള മെച്ചപ്പെട്ട സിരി ഉള്‍പ്പെടെയുള്ള ഭാവിയിലെ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി, ഇതില്‍ പുതിയ ഒരു സിപിയു ഉള്‍പ്പെടുത്തിയേക്കും.
Content Highlights: Apple`s September 9 event unveils the iPhone 17 series, Apple Watch Series 11, AirPods Pro 3, & more