ആർട്ടെമിസ് II: നാസയുടെ നേതൃസ്ഥാനത്ത് ഇന്ത്യൻ വംശജനും, ആരാണ് അമിത് ക്ഷത്രിയ?

#ടെക്‌നോളജി ഡെസ്‌ക്
1. ഓറിയോണ്‍ പേടകം തിരിച്ചെത്തിയപ്പോള്‍. 2. ദൗത്യം വിജയിച്ചതിന് പിന്നാലെ നാസ അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അമിത് ക്ഷത്രിയ Photo - AP, AFP
1. ഓറിയോണ്‍ പേടകം തിരിച്ചെത്തിയപ്പോള്‍. 2. ദൗത്യം വിജയിച്ചതിന് പിന്നാലെ നാസ അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അമിത് ക്ഷത്രിയ Photo - AP, AFP

അരനൂറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം മനുഷ്യനെ ചന്ദ്രനടുത്തേക്ക് അയച്ച ആർട്ടെമിസ് II ദൗത്യം വിജയകരമായി പൂർത്തിയായതോടെ വാർത്തയിൽ നിറഞ്ഞ് ഇന്ത്യൻ-അമേരിക്കൻ ബഹിരാകാശ ശാസ്ത്രജ്ഞൻ അമിത് ക്ഷത്രിയയുടെ നാസയിലെ സാന്നിധ്യം. നാസയുടെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്ററും അഡ്മിനിസ്‌ട്രേറ്റർ ജാരെഡ് ഐസക്മാന്റെ മുതിർന്ന ഉപദേഷ്ടാവുമാണ് ക്ഷത്രിയ.

ആർട്ടെമിസ് II ദൗത്യം വിജയിച്ചതിന് തൊട്ടുപിന്നാലെ ചന്ദ്രനിലേക്കുള്ള പാത തുറന്നിരിക്കുന്നു എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ മുന്നിലുള്ള ജോലി ഇതുവരെയുള്ളതിനെക്കാൾ വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിസ്‌കോൺസിനിലെ ബ്രൂക്ക്ഫീൽഡിൽ ജനിച്ച അദ്ദേഹം ടെക്‌സസിലെ കാറ്റിയിലാണ് വളർന്നത്. ആദ്യ തലമുറയിൽപ്പെട്ട ഇന്ത്യൻ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകനായ അദ്ദേഹം കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിലുമാണ് പഠിച്ചത്.

2003-ൽ നാസയിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം പെട്രോളിയം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് ബഹിരാകാശ പേടകങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ, റോബോട്ടിക്‌സ് എഞ്ചിനീയറിങ്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ നിർമ്മാണത്തിനുള്ള പ്രവർത്തനങ്ങൾ എന്നിവയുമായി സഹകരിച്ചു.

നാസയിൽ 2014 മുതൽ 2017 വരെ ഐഎസ്എസ് ഫ്‌ളൈറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. ദൗത്യ നിർവ്വഹണത്തെയും ആഗോള പ്രവർത്തനങ്ങളെയും മേൽനോട്ടം വഹിക്കുകയും ചെയ്തു. പിന്നീട് 2021-ൽ നാസ ആസ്ഥാനത്തേക്ക് മാറുന്നതിന് മുമ്പ് സ്റ്റേഷൻ സിസ്റ്റങ്ങൾ, എഞ്ചിനീയറിംഗ് ലോജിസ്റ്റിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കുകയും ആർട്ടെമിസ് പരിപാടിയിലേക്കും ചന്ദ്രനിലേക്കുള്ള ഗവേഷണ പദ്ധതികൾക്കും വിലപ്പെട്ട സംഭാവന നൽകുകയും ചെയ്തു.

പിന്നീട് മൂൺ ടു മാർസ് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്ററായി അദ്ദേഹം നിയമിക്കപ്പെടുകയും തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്ററായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. നാസയുടെ ഔട്ട്സ്റ്റാൻഡിംഗ് ലീഡർഷിപ്പ് മെഡൽ, ഫ്‌ളൈറ്റ് സേഫ്റ്റിക്ക് നൽകിയ സംഭാവനകൾക്കുള്ള സിൽവർ സ്‌നൂപ്പി അവാർഡ് എന്നിവ ഉൾപ്പെടെയുള്ള ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കാലിഫോർണിയയിലെ സാൻ ഡിയേഗോ തീരത്ത് ആർട്ടെമിസ് II ദൗത്യ സംഘാംഗളുമായി ശനിയാഴ്ച രാവിലെ ഓറിയോൺ പേടകം സുരക്ഷിതമായി തിരിച്ചെത്തിയതോടെയാണ് വിജയകരമായി പൂർത്തിയായത്. നാസയുടെ ബഹിരാകാശ ദൗത്യങ്ങളിൽ ഇത് ഒരു പ്രധാന നാഴികക്കല്ലായിരുന്നു.

Content Highlights: Amit Kshatriya serves as a top NASA Associate Administrator., He is a key architect of the ongoing Moon to Mars exploration roadmap., His career spans from ISS flight operations to senior civil service leadership., The 2026 Artemis programme marks a new era of deep space human exploration.