മൈക്രോസോഫ്റ്റിന് പിന്നാലെ സ്വന്തം ക്വാണ്ടം ചിപ്പുമായി ആമസോണും, ഒസിലോട്ട് അവതരിപ്പിച്ചു

മൈക്രോസോഫ്റ്റിന് പിന്നാലെ ക്വാണ്ടം കംപ്യൂട്ടിങ് ചിപ്പുമായി ആമസോണും. വ്യാഴാഴ്ചയാണ് ആമസോണ്‍ ആദ്യമായി വികസിപ്പിച്ച ഒസിലോട്ട് ചിപ്പിന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചത്. വളരെയധികം ശക്തമായ ഹാര്‍ഡ് വെയര്‍ സിസ്റ്റങ്ങള്‍ നിര്‍മിക്കുന്നതിന് ഒസിലോട്ട് ചിപ്പ് ആമസോണിന് സഹായകമാവുമെന്ന് കമ്പനി പറഞ്ഞു.
ഒമ്പത് ക്യുബിറ്റ് ചിപ്പ് ആണ് ഒസിലോട്ട്. ആമസോണ്‍ സ്വന്തമായി വികസിപ്പിച്ചതാണിത്. നിലവിലുള്ള സമീപനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓസിലോട്ട് ചിപ്പില്‍ ക്വാണ്ടം ഇറര്‍ കറക്ഷന്‍ പ്രക്രിയക്കുള്ള ചിലവ് 90 ശതമാനം കുറയുമെന്ന് ആമസോണ്‍ അവകാശപ്പെടുന്നു.
ഒരാഴ്ച മുമ്പാണ് മൈക്രോസോഫ്റ്റ് അവര്‍ ആദ്യമായി നിര്‍മിച്ച ക്വാണ്ടം കംപ്യൂട്ടിങ് ചിപ്പായ മയോറാന 1 അവതരിപ്പിച്ചത്. 10 ലക്ഷം ക്യുബിറ്റുകളായി വികസിപ്പിക്കാനാവും വിധമാണ് ഇതിന്റെ രൂപകല്‍പന. ടോപ്പോ കണ്ടക്ടര്‍ എന്ന പുതിയ പദാര്‍ഥം ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മാണം.
നമ്മള്‍ വീട്ടിലും ജോലിസ്ഥലങ്ങളിലും ഉപയോഗിക്കുന്ന കംപ്യൂട്ടറുകള്‍ ബിറ്റുകളായാണ് ഡാറ്റ കൈകാര്യം ചെയ്യുന്നത്. പൂജ്യം, ഒന്ന് എന്നീ സംഖ്യകള്‍ ആയിരിക്കും അതിന്റെ ബൈനറി വാല്യൂ. എന്നാല്‍, ക്വാണ്ടം കംപ്യൂട്ടിങില്‍ 'ക്യുബിറ്റ്' എന്ന് വിളിക്കുന്ന യൂണിറ്റാണ് ഡാറ്റ കൈകാര്യം ചെയ്യുന്നതിനായി ഉപയോഗിക്കുന്നത്. സൂപ്പര്‍പോസിഷന്‍ എന്ന ക്വാണ്ടം മെക്കാനിക്കല്‍ പ്രക്രിയയിലൂടെ ഒന്ന്, പൂജ്യം പോലുള്ള അക്കങ്ങളെ ഒരേസമയം പ്രതിനിധീകരിക്കാന്‍ ഇതിന് കഴിയും. ഇതുവഴി സാധാരണ കംപ്യൂട്ടറുകള്‍ക്ക് സാധിക്കാത്ത ജോലികള്‍ ചെയ്യാന്‍ ക്വാണ്ടം കമ്പ്യൂട്ടറുകള്‍ക്ക് സാധിക്കുന്നു. അതായത്, സാധാരണ കംപ്യൂട്ടറുകള്‍ക്ക് വര്‍ഷങ്ങള്‍ എടുത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന കണക്കുകൂട്ടലുകളെ നിമിഷങ്ങള്‍ക്കുള്ളില്‍ ചെയ്തുതീര്‍ക്കാന്‍ ക്വാണ്ടം കംപ്യൂട്ടിങിലൂടെ സാധിക്കും.
മൈക്രോസോഫ്റ്റും ആമസോണും കൂടാതെ ഗൂഗിള്‍, ഐബിഎം, ഇന്റല്‍ ഉള്‍പ്പടെയുള്ള കമ്പനികളും ക്വാണ്ടം പ്രൊസസറുകള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇവ യാഥാര്‍ത്ഥ്യമാവുന്നതോടെ ഇന്നത്തെ കംപ്യൂട്ടിങ് സാങ്കേതിക വിദ്യകളെല്ലാം കൂടുതല്‍ ശക്തമാവും.
Content Highlights: Amazon unveils its 9-qubit Ocelot chip, boasting 90% lower quantum error correction costs