ഐഫോണുകൾ ഒഴികെ എല്ലാ 5ജി ഫോണുകളിലും ഈ മാസത്തോടെ എയർടെൽ 5ജി എത്തും

ആപ്പിള്‍ ഐഫോണുകള്‍ ഒഴികെ എല്ലാ 5ജി ഫോണുകളിലും ഈ മാസം പകുതിയോടെ എയര്‍ടെല്‍ 5ജി സേവനങ്ങള്‍ ലഭിക്കുമെന്ന് ഭാരതി എയര്‍ടെല്‍. എന്നാല്‍ നവംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ ആപ്പിള്‍ പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് അവതരിപ്പിക്കുമെന്നും ഡിസംബര്‍ പകുതിയോടെ ഐഫോണുകളിലും എയര്‍ടെല്‍ 5ജി എത്തുമെന്നും ഭാരതി എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ വിത്തല്‍ വ്യക്തമാക്കി.
നിലവില്‍ 4ജി നിരക്കുകളിലാണ് എയര്‍ടെല്‍ 5ജി സേവനം നല്‍കുന്നത്. അടുത്ത ആറോ ഒമ്പതോ മാസങ്ങള്‍ക്കുള്ളില്‍ 5ജി സേവനങ്ങളുടെ നിരക്ക് നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'സാംസങിന് 27 5ജി മോഡലുകളുണ്ടെന്നാണ് തോന്നുന്നത്. ഇതില്‍ 16 മോഡലുകളില്‍ ഇതിനകം എയര്‍ടെല്‍ 5ജി ലഭിക്കുന്നുണ്ട്. നവംബര്‍ 10-12 ആവുമ്പോഴേക്കും മറ്റ് മോഡലുകളിലും സേവനം എത്തും. വണ്‍പ്ലസിന്റെ 17 മോഡലുകളും ഇപ്പോള്‍ ഞങ്ങളുടെ നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവോയുടെ എല്ലാ 34 മോഡലുകളും റിയല്‍മിയുടെ 34 മോഡലുകളും ഞങ്ങളുടെ നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കും. ഷാവോമിയുടെ 33 മോഡലുകളും ഒപ്പോയുടെ 14 മോഡലുകളും പ്രവര്‍ത്തിക്കും. ആപ്പിളിന്റെ 13 മോഡലുകളില്‍ നവംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് എത്തും. ഡിസംബര്‍ പകുതിയോടെ അവയും തയ്യാറാവും.' വിത്തല്‍ പറഞ്ഞു.
2022 ആദ്യ പകുതിയില്‍ 5.1 കോടി 5ജി സ്മാര്‍ട്‌ഫോണുകള്‍ വില്‍പനയ്‌ക്കെത്തിയിട്ടുണ്ടെന്നാണ് വിപണി ഗവേഷണ സ്ഥാപനമായ ഐഡിസി നല്‍കുന്ന കണക്ക്. 2023 ഓടുകൂടി ഇത് 50 ശതമാനം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഐഡിസി പറയുന്നു.
സോഫ്റ്റ്‌വെയര്‍ പരിമിതി മൂലം ഐഫോണുകള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുള്ള പല സ്മാര്‍ട്‌ഫോണുകളിലും നിലവില്‍ 5ജി ലഭിക്കുന്നില്ല. ഇത് വരും വര്‍ഷത്തോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ഓടുകൂടി എല്ലാ നഗരങ്ങളിലും 5ജി എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Content Highlights: Airtel to Support All 5G Smartphones Except iPhone Models