ഫോണ്‍കോളുകളും ഇന്റര്‍നെറ്റും നിശ്ചലം; എയര്‍ടെല്‍ സേവനങ്ങള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടു

എയര്‍ടെല്‍ സേവനം തിങ്കളാഴ്ച വൈകുന്നേരം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഓഗസ്റ്റ് 18 ന് വൈകീട്ട് 3.30 മണിയോടെയാണ് എയര്‍ടെല്‍ നെറ്റ് വര്‍ക്ക് തടസ്സപ്പെട്ടത്. ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റില്‍ നിരവധിയാളുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എയര്‍ടെല്‍ നെറ്റ് വര്‍ക്കില്‍ ഉപഭോക്താക്കള്‍ക്ക് ഫോണ്‍ ചെയ്യാനോ ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ സാധിക്കുന്നുണ്ടായിരുന്നില്ല.
ഡൗണ്‍ ഡിറ്റക്ടറിലെ സമയക്രമം പ്രകാരം വൈകീട്ട് 3.30 മുതലാണ് ആളുകള്‍ എയര്‍ടെല്‍ തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത് 4.30 ആയപ്പോഴേക്കും 3000 ല്‍ ഏറെയാളുകള്‍ നെറ്റ് വര്‍ക്കില്‍ തടസം രേഖപ്പെടുത്തി. പിന്നീട് ക്രമേണ റിപ്പോര്‍ട്ടുകള്‍ കുറഞ്ഞുവന്നു. ഏഴ് മണിയോടെ മിക്കയിടത്തും പ്രവര്‍ത്തനം സാധാരണ ഗതിയിലായെന്നാണ് വെബ്‌സൈറ്റിലെ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. ഇന്ത്യയില്‍ നിന്നുടനീളം പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഇതേ സമയ പരിധിയില്‍ തന്നെ ജിയോ, ബിഎസ്എന്‍എല്‍, വോഡഫോണ്‍ ഐഡിയ സേവനങ്ങളിലും തടസം നേരിട്ടതായി ഡൗണ്‍ ഡിറ്റക്ടര്‍ ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഏറ്റവും അധികം ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എയര്‍ടെല്‍ നെറ്റ് വര്‍ക്കിലെ പ്രശ്‌നമാണ്.
Content Highlights: Airtel network experienced a major outage on August 18, affecting thousands.