പെര്‍പ്ലെക്‌സിറ്റിയ്ക്ക് പിന്നാലെ സൗജന്യ ആപ്പിള്‍ മ്യൂസിക് സബ്‌സ്‌ക്രിപ്ഷനുമായി എയര്‍ടെല്‍

Photo: Mathrubhumi
Photo: Mathrubhumi

ബണ്ടില്‍ ഓഫറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ഭാരതി എയര്‍ടെല്‍. ഇപ്പോഴിതാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി എയര്‍ടെല്‍ സൗജന്യ ആപ്പിള്‍ മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിളുമായുള്ള സഹകരണത്തിലൂടെ നേരത്തെ എയര്‍ടെലിന്റെ പോസ്റ്റ്‌പെയ്ഡ്, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍ കമ്പനി നല്‍കിവന്നിരുന്നു. അടുത്തിടെ എയര്‍ടെലിന്റെ സൗജന്യ പെര്‍പ്ലെക്‌സിറ്റി എഐ പ്രോ സബ്‌സ്‌ക്രിപ്ഷന്‍ ഓഫര്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 

ചില ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ എയര്‍ടെല്‍ താങ്ക്‌സ് ആപ്പില്‍ ഇപ്പോള്‍ ആപ്പിള്‍ മ്യൂസിക് ഓഫര്‍ കാണുന്നുണ്ടെന്ന് ടെലികോം ടോക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് മാസത്തെ സബസ്‌ക്രിപ്ഷനാണ് ഇതുവഴി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഈ കാലാവധി കഴിഞ്ഞാല്‍ താനെ പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ ആക്ടിവേറ്റ് ചെയ്യപ്പെടും. 119 രൂപയാണ് സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ്. എന്നാല്‍ ഇത് സംബന്ധിച്ച് എയര്‍ടെല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. 

ഏതെല്ലാം ഉപഭോക്താക്കള്‍ക്കാണ് ആപ്പിള്‍ മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നതെന്നും അതിനുള്ള യോഗ്യത എന്താണെന്നും ലഭ്യമല്ല. പെര്‍പ്ലെക്‌സിറ്റി സബ്‌സ്‌ക്രിപ്ഷന്‍ എല്ലാ എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഇപ്പോള്‍ ലഭ്യമാണ്. ആപ്പിള്‍ മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍ ആഗ്രഹിക്കുന്ന എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ താങ്ക്‌സ് ആപ്പില്‍ കയറി പരിശോധിക്കാവുന്നതാണ്. 

Content Highlights: Airtel India is offering a free 6-month Apple Music subscription to select prepaid users