വൈറ്റ്‌കോളർ ജോലികൾ ഭൂരിഭാഗവും AIഏറ്റെടുക്കും;12മാസത്തിനകം മാറ്റം കാണാമെന്ന് മൈക്രോസോഫ്റ്റ് AI മേധാവി

#ടെക്‌നോളജി ഡെസ്‌ക്
1. മുസ്തഫ സുലൈമാന്‍ 2. പ്രതീകാത്മകചിത്രം | Mustafa SuleymanX, AI
1. മുസ്തഫ സുലൈമാന്‍ 2. പ്രതീകാത്മകചിത്രം | Mustafa SuleymanX, AI

തൊഴിൽ രംഗത്തെ വലിയ മാറ്റങ്ങൾ തൊട്ടടുത്തെത്തിയെന്ന പ്രവചനവുമായി മൈക്രോസോഫ്റ്റ് എഐ മേധാവി മുസ്തഫ സുലൈമാൻ. വൈറ്റ്‌കോളർ ജോലികളിൽ ഭൂരിഭാഗവും 12 - 18 മാസത്തിനുള്ളിൽ നിർമിതബുദ്ധി (എഐ)-ക്ക് ഏറ്റെടുക്കാൻ കഴിയും. കോഡിങ് ചെയ്യുന്നവർ മാത്രമല്ല അഭിഭാഷകർ, അക്കൗണ്ടന്റുമാർ തുടങ്ങിയവരുടെ കാര്യത്തിലും അവരുടെ ജോലി എഐ വഴി ഓട്ടോമേറ്റ് ചെയ്യപ്പെടാമെന്ന് ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

പ്രൊഫഷണൽ-ഗ്രേഡ് AG ഉപയോഗിച്ച് എന്റർപ്രൈസ് വിപണിയിൽ ശക്തമായ സാന്നിധ്യമുറപ്പിക്കാൻ മൈക്രോസോഫ്റ്റ് ശ്രമം തുടങ്ങിയതായി മുസ്തഫ സുലൈമാൻ വെളിപ്പെടുത്തി. ഒരു പ്രൊഫഷണലായ വ്യക്തി ചെയ്യുന്ന ഏതാണ്ട് എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിവുള്ള എഐ മോഡുകൾ വരും. ഈ ഘട്ടത്തിൽ ക്ലയിന്റുകൾക്ക് ശക്തമായ എഐ ടൂളുകൾ നൽകാൻ മൈക്രോസോഫ്റ്റിന് സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങൾ ആസന്നമായിക്കഴിഞ്ഞു. കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പേർക്കും അത് പ്രതിസന്ധി സൃഷ്ടിച്ചേക്കാം. കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നവർ അഭിഭാഷകരോ അക്കൗണ്ടന്റുമാരോ പ്രോജക്റ്റ് മാനേജർമാരോ മാർക്കറ്റങ്ങിന് ജീവനക്കാരനോ ആയിക്കോട്ടെ. ഈ ജോലികളിൽ ഭൂരിഭാഗവും അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ പൂർണ്ണമായും എഐ വഴി ഓട്ടോമേറ്റ് ചെയ്യപ്പെടുമെന്നാണ് അദ്ദേഹം പറയുന്നത്.

കൂടുതൽ കമ്പനികൾ എഐയിലേക്ക് ചുവടുമാറുന്ന സമയത്താണ് മൈക്രോസോഫ്റ്റ് എഐ മേധാവിയുടെ ഭാഗത്തുനിന്ന് ആശങ്കയുണ്ടാക്കുന്ന പരാമർശങ്ങൾ വരുന്നത്. ഇൻഫോസിസ്, ടിസിഎസ് പോലുള്ള കമ്പനികളുടെ ഭാവിപോലും പലരും ചോദ്യംചെയ്യുന്നുണ്ട്. ഓഫീസ് ജോലികളടക്കം കൃത്യതയോടെ ചെയ്യാൻ കഴിയുന്ന ആന്ത്രോപിക്‌സിന്റെ ക്ലോഡ് കോവർക്ക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഓഹരി വിപണികളെപ്പേലും പിടിച്ചുലച്ചിരുന്നു.

എഐ മുന്നേറുന്നതോടെ പുതിയ മോഡലുകൾ നിർമ്മിക്കുന്നത് വളരെ അനായാസമാകുമെന്ന് മുസ്തഫ സുലൈമാൻ പറയുന്നു. എഐ മോഡലുകളെ പ്രത്യേക ആവശ്യങ്ങൾക്കായി ക്യൂറേറ്റ് ചെയ്യാൻ കഴിയും. ഒരു ബ്ലോഗ് എഴുതുകയോ ഒരു പോഡ്കാസ്റ്റ് സൃഷ്ടിക്കുകയോ ചെയ്യുന്നത് പോലെ എളുപ്പമായിരിക്കുംഅത്. ഭാവിയിൽ, ഭൂമിയിലെ ഓരോ സ്ഥാപനത്തിന്റെയും വ്യക്തിയുടെയും ആവശ്യകതകൾക്ക് അനുസരിച്ച് രൂപകൽപ്പന ചെയ്ത എഐ നിർമ്മിക്കാൻ കഴിയും. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ വലിയ സ്ഥാപനങ്ങളുടെ വർക്ക്ഫ്‌ളോ കൈകാര്യം ചെയ്യുന്നതിൽ എഐ ഏജന്റുകൾക്ക് കൂടുതൽ കാര്യക്ഷമത നേടാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.

Content Highlights: Microsoft AI boss Mustafa Suleyman warns AI could automate most white-collar jobs within 12-18 months. Discover the impact on lawyers, accountants, & more.