'AI കണ്ടെത്തിയ ഏറ്റവും ഗുരുതരമായ സുരക്ഷാപിഴവ്'; എന്താണ് PHP യെ ബാധിച്ച പ്രശ്നം?

എഐ (നിർമിതബുദ്ധി) കണ്ടെത്തിയ ഗുരുതരമായ സുരക്ഷാ പിഴവിന്റെ പ്രത്യാഘാതം തടയാൻ കിണഞ്ഞ് പരിശ്രമിക്കുരകയാണ് വിവിധ ലോകരാജ്യങ്ങളിലെ സർക്കാരുകളും സൈബർ സുരക്ഷാ ഏജൻസികളും. എഐ കണ്ടെത്തിയതിൽവെച്ച് ഏറ്റവും ഗുരുതരമായ സുരക്ഷാവീഴ്ച എന്നാണ് ഇതിനെ ഓപ്പൺഎഐ അടക്കമുള്ളവ വിശേഷിപ്പിക്കുന്നത്. അടിയന്തര പരിഹാരം കണ്ടെത്താൻ കഴിയാത്തപക്ഷം വെബ് സൈറ്റുകൾ ഓഫ്ലൈനാക്കാൻ സർക്കാർ ഏജൻസികളടക്കം നിർദേശം നൽകിക്കഴിഞ്ഞു.
എന്താണ് പ്രശ്നം?
വെബ്സൈറ്റുകൾ നിർമ്മിക്കുന്നതിനായി അന്താരാഷ്ട്രതലത്തിൽ ഉപയോഗിച്ചുവരുന്ന പിഎച്ച്പി (PHP) എന്ന പ്രോഗ്രാമിംഗ് ലാംഗ്വേജിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയിട്ടുള്ളത്. ഇന്റർനെറ്റിന്റെ വലിയൊരു ഭാഗത്തിന് അടിത്തറയായ സാങ്കേതികവിദ്യയിലെ ഗുരുതരമായ തകരാർ ദീർഘകാലമായി ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടക്കുകയായിരുന്നു. അവയെ വെളിച്ചത്തുകൊണ്ടുവരാനും ആഗോള സൈബർ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കാനും കാരണമായത് എഐ ആണ് എന്നതാണ് ശ്രദ്ധേയം.
എഐ കണ്ടെത്തിയതിൽവെച്ച് ഏറ്റവും ഗുരുതരമായ തകരാർ
ഈ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ 'വിസ്' (Wiz) എന്ന സൈബർ സുരക്ഷാ സ്ഥാപനം, എഐ കണ്ടെത്തിയതിൽവെച്ച് ഏറ്റവും ഗുരുതരമായ തകരാറുകളിൽ ഒന്ന് എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ലോകത്തെ മുൻനിര എഐ കമ്പനിയായ ഓപ്പൺഎഐ ഈ കണ്ടെത്തലിനെ സമീപകാല ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ സുരക്ഷാ പ്രശ്നങ്ങളിലൊന്ന് എന്നാണ് വിശേഷിപ്പിച്ചത്. ഓപ്പൺഎഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ തകരാർ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
എന്താണ് തകരാർ?
ഓൺലൈൻ ഷോപ്പുകൾ, വിക്കിപീഡിയ, ബ്ലോഗുകൾ പോലുള്ള നിരവധി വെബ്സൈറ്റുകളുടെ പിന്നിലുള്ള കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റമായ വേർഡ്പ്രസ്സ് (WordPress) തുടങ്ങി നിരവധി പ്ലാറ്റ്ഫോമുകൾക്ക് കരുത്ത് പകരുന്നത് പിഎച്ച്പി (Hypertext Preprocessor) ആണ്.
വെബ്സൈറ്റുകൾ സന്ദർശിക്കുന്നവർക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് വെബിൽ വായിക്കാൻ പാകത്തിൽ അവതരിപ്പിക്കുന്ന കോഡാണ് PHP. ഇതിലെ തകരാർ ബാധിക്കപ്പെട്ട വെബ് സെർവറുകളുടെ നിയന്ത്രണം ഏറ്റെടുക്കാനും രഹസ്യ വിവരങ്ങൾ മോഷ്ടിക്കാനും ആക്രമണകാരികളെ അനുവദിക്കുന്ന സുരക്ഷാ വീഴ്ചയാണ് എഐ കണ്ടെത്തിയിട്ടുള്ളത്. ഇതേത്തുടർന്ന് പിഎച്ച്പിയിൽ നിർമ്മിച്ചതെല്ലാം അപകടാവസ്ഥയിലാകുന്ന സ്ഥിതിയായി. ഈ തകരാർ കോടിക്കണക്കിന് വെബ്സൈറ്റുകളെ ബാധിച്ചേക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. ഹാക്കർമാരോ രാജ്യങ്ങളോ ഈ തകരാർ ആയുധമാക്കുകയും വെബ്സൈറ്റുകളിൽ നിന്നുള്ള സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയും ചെയ്താൽ അത് വളരെ അപകടകരമായിരിക്കുമെന്നും വിദഗ്ധർ പറയുന്നു.
ആഗോള തലത്തിൽ ബാധിച്ച പ്രശ്നം
ഗെയിമിങ് പ്ലാറ്റ്ഫോമുകൾ മുതൽ സർക്കാർ പോർട്ടലുകളും ഓൺലൈൻ ഫോറങ്ങളെയും വരെ ഈ മുന്നറിയിപ്പ് ആശങ്കയുടെ മുൾമുനയിൽനിർത്തി. ആഗോളതലത്തിൽ സേവനങ്ങൾ തടസ്സപ്പെട്ടു. ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കിപീഡിയയുടെ പിന്നിലുള്ള സംഘടനയായ വിക്കിമീഡിയ ഉൾപ്പെടെയുള്ളവ പ്രതിസന്ധിയിലായി. മുൻകരുതൽ എന്ന നിലയിൽ അവർ നിരവധി സിസ്റ്റങ്ങൾ പ്രവർത്തനരഹിതമാക്കി. പിഎച്ച്പി ഉപയോഗിക്കുന്ന എല്ലാ സംഘടനകളും തങ്ങളുടെ സിസ്റ്റങ്ങൾ തൽക്ഷണം പാച്ച് ചെയ്യാൻ (patch) സാധിച്ചില്ലെങ്കിൽ അവ ഓഫ്ലൈനാക്കാൻ യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസി ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ, സിംഗപ്പൂർ, ഓസ്ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിലെ ഏജൻസികളും സമാനമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
Content Highlights: Artificial intelligence uncovered severe, decade-old vulnerabilities in the PHP programming language., The flaw allows attackers to take control of web servers and steal sensitive data without authentication., Major platforms like Wikipedia, WordPress, and various government portals globally are impacted., Governments and cybersecurity agencies have issued urgent advisories to apply emergency patches or take systems offline.