AI ഡാറ്റാ സെന്റർ വ്യാപനം: ടെക്‌സാസിലെ വായു മലിനീകരണം രൂക്ഷമാകുമെന്ന് പഠനം, പുകമഞ്ഞ് മൂന്നിരട്ടി വർധിക്കും

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

നിർമിതബുദ്ധി (എഐ) ഡാറ്റാ സെന്ററുകളുടെ ദ്രുതഗതിയിലുള്ള വ്യാപനം അമേരിക്കയിലെ ടെക്‌സാസിലെ വായു മലിനീകരണം അതിരൂക്ഷമാക്കുമെന്ന് പുതിയ പഠനം. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ പതിറ്റാണ്ടുകളായി ഉണ്ടാക്കിയ പുരോഗതിയെ എല്ലാം എഐ ഡേറ്റാ സെന്ററുകൾ പിന്നോട്ടടിച്ചേക്കാമെന്ന് ഹൂസ്റ്റൺ അഡ്വാൻസ്ഡ് റിസർച്ച് സെന്ററിന്റെ (HARC) പഠനം മുന്നറിയിപ്പ് നൽകുന്നു. വമ്പൻ എഐ ഡാറ്റാ സെന്റർ ഹബ്ബായി ടെക്‌സാസ് മാറുന്നതിനിടെയാണ് പഠനം പുറത്തുവരുന്നത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഡേറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള വൈദ്യുതിയുടെ ആവശ്യം വർധിക്കുന്നത് ഹാനികരമായ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നത് ഗണ്യമായി വർധിപ്പിക്കുമെന്ന് പഠനം നടത്തിയ ഗവേഷകർ പറയുന്നു. ഡാറ്റാ സെന്ററുകളുടെ വ്യാപനം ടെക്‌സാസിലെ വായു മലിനീകരണത്തെ 2000-കളുടെ തുടക്കത്തിലെ അവസ്ഥയിലേക്ക് തിരികെ എത്തിച്ചേക്കാമെന്ന് പഠനം സൂചിപ്പിക്കുന്നതാണ് ദി വെർജ് റിപ്പോർട്ടു ചെയ്യുന്നു.

പുകമഞ്ഞ് മൂന്നിരട്ടി വർധിക്കും

നിലവിൽ ആസൂത്രണം ചെയ്തിട്ടുള്ള ഡാറ്റാ സെന്ററുകൾ പ്രവർത്തനക്ഷമമായാൽ അവയ്ക്ക് ആവശ്യമായ വൈദ്യുതി ഉത്പാദനത്തിൽ നിന്നുള്ള സൂക്ഷ്മ കണികാ മലിനീകരണം (പുകമഞ്ഞ്) മൂന്നിടത്തിലധികമായി വർധിക്കാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇത് 2006-ന് ശേഷമുള്ള ഏറ്റവും ഉയർന്ന മലിനീകരണ നിരക്കിലേക്ക് കാര്യങ്ങൾ എത്തിച്ചേക്കാം. പുകമഞ്ഞിന് കാരണമാകുന്ന നൈട്രജൻ ഓക്‌സൈഡ് മലിനീകരണം 136 ശതമാനവും, കാർബൺ ഡൈ ഓക്‌സൈഡ് മലിനീകരണം 2025 ലെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ 90 ശതമാനവും വർധിച്ചേക്കാം. ഈ കണക്കുകൂട്ടലുകൾ എത്ര ഡാറ്റാ സെന്ററുകൾ നിർമ്മിക്കപ്പെടുന്നു എന്നതിനെയും അവ ഉപയോഗിക്കുന്ന വൈദ്യുതി സ്രോതസ്സുകളെയും ആശ്രയിച്ചുള്ളതാണ്.

ഡാറ്റാ സെന്ററുകളുടെ കേന്ദ്രമായി ടെക്‌സാസ്

ഡാറ്റാ സെന്റർ നിർമാണത്തിന്റെ ഒരു പ്രധാന കേന്ദ്രമായി ടെക്‌സാസ് മാറിയിരിക്കുന്ന പശ്ചാത്തലത്തിലാണ് പഠനം പുറത്തുവരുന്നത്. 700-ഓളം ഡാറ്റാ സെന്ററുകളാണ് നിലവിലുള്ളതും നിർമാണം പുരോഗമിക്കുന്നതുമായി ടെക്‌സാസിൽ ഉള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

എഐയ്ക്ക് ജനപ്രീതി വർധിക്കുന്നതിനനുസരിച്ച് കമ്പ്യൂട്ടിംങ് പവറിനും വൈദ്യുതിക്കും ഉള്ള ആവശ്യം കുത്തനെ വർധിച്ചു വരികയാണ്. വൈദ്യുതി ഗ്രിഡിനെ ആശ്രയിക്കുന്നതിന് പകരം ചില ഡെവലപ്പർമാർ സ്വന്തമായി വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങൾ നിർമ്മിക്കാൻ ആലോചിക്കുന്നുണ്ട്. എന്നിരുന്നാലും അവയിൽ പ്രകൃതിവാതക എഞ്ചിനുകളും ടർബൈനുകളും ഉപയോഗിക്കുന്നത് വായു മലിനീകരണം കൂടുതൽ വഷളാക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

പരിഹാരം പുനരുപയോഗിക്കാവുന്ന ഊർജ ഉപയോഗം

ഡാറ്റാ സെന്ററുകളിൽ നിന്നുള്ള മലിനീകരണം ഗണ്യമായി കുറയ്ക്കാൻ പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിന് കഴിയുമെന്ന് പഠനം നിർദ്ദേശിക്കുന്നു. ഗ്രിഡ് വൈദ്യുതിയും ഡാറ്റാ സെന്റർ സൈറ്റുകളിൽ ഉൽപ്പാദിപ്പിക്കുന്ന പുനരുപയോഗ ഊർജ്ജവും സംയോജിപ്പിക്കുന്നത് ചില സാഹചര്യങ്ങളിൽ നൈട്രജൻ ഓക്‌സൈഡ് മലിനീകരണം 10 മടങ്ങ് വരെ കുറയ്ക്കും.

വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ വർഷങ്ങളായി കൈവരിച്ച പുരോഗതിക്കെല്ലാം വർദ്ധിച്ചുവരുന്ന മലിനീകരണം ഭീഷണിയായേക്കാമെന്ന് എച്ച്.എ.ആർ.സി (HARC) ചീഫ് എക്‌സിക്യൂട്ടീവ് ജോൺ ഹോൾ മുന്നറിയിപ്പ് നൽകി. എഐ ഇൻഫ്രാസ്ട്രക്ചർ വികസിക്കുന്നത് തുടരുമ്പോൾ ശുദ്ധമായ വൈദ്യുതി സ്രോതസ്സുകൾ അത്യാവശ്യമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

പുനരുപയോഗ ഊർജ്ജത്തിൽ കമ്പനികളടക്കം കൂടുതൽ നിക്ഷേപം നടത്തിയില്ലെങ്കിൽ എഐ ഡാറ്റാ സെന്ററുകളുടെ ദ്രുതഗതിയിലുള്ള വിപുലീകരണം ടെക്‌സാസിൽ ഗുരുതരമായ പാരിസ്ഥിതിക, പൊതുജനാരോഗ്യ വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം എന്നാണ് പഠനം മുന്നറിയിപ്പ് നൽകുന്നത്.

Content Highlights: Rapid growth of AI data centres in Texas could reverse decades of air quality improvements., Soot from electricity generation could more than triple, reaching levels unseen since 2006., Nitrogen oxide emissions could rise by 136% and CO2 by 90% compared to 2025 levels., Integrating renewable energy at data centre sites can significantly reduce harmful emissions.