വാട്സാപ്പിനോട് പറഞ്ഞാല്‍ മതി, കൃത്യമായി ഓര്‍മ്മിപ്പിച്ചോളും; കണ്ടുപിടിത്തവുമായി വിദ്യാര്‍ഥികള്‍

കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ഥികൾ.
കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ഥികൾ.

ബെംഗളൂരു: സമയബന്ധിതമായി തീര്‍ക്കേണ്ട കാര്യങ്ങള്‍ മറന്ന് പോകുന്നതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് അമൃത വിശ്വവിദ്യാപീഠം ബെംഗളൂരു കാംപസിലെ രണ്ടാംവര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ നിതിന്‍ രമേശ് കുമാര്‍, മിത്രന്‍ ഗോകുല്‍നാഥ്, മധുമിത വിന്‍സ് രാജ് എന്നിവര്‍. കാംപസില്‍ നടക്കുന്ന ദാസ്താന്‍ ടെക്ക്ഫെസ്റ്റിലെ ഹാക്ക് യുവര്‍ ലൈഫ് ഹാക്കത്തോണിലാണ് ആല്‍ഫ്രഡോ എന്ന് പേരിട്ട എഐ അധിഷ്ഠിത ആപ്ലിക്കേഷന്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്.

സമയബന്ധിതമായി പ്രവൃത്തികള്‍ ചെയ്ത് തീര്‍ക്കാന്‍ ആല്‍ഫ്രഡോ സഹായിക്കും. ആകെ ചെയ്യേണ്ടത് നിശ്ചിത സമയത്ത് ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ വാട്സാപ്പില്‍ ഒരു സന്ദേശ രൂപത്തില്‍ അയക്കുക മാത്രം. സന്ദേശത്തിന്റെ ഉള്ളടക്കം നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പരിശോധിച്ച് നിശ്ചിത പ്രവൃത്തി സംബന്ധിച്ച് ആല്‍ഫ്രഡോ ഓര്‍മ്മപ്പെടുത്തും. ഗൂഗിള്‍ കലണ്ടര്‍, അലാറം, ഗൂഗിള്‍ മീറ്റ് തുടങ്ങിയ വിവിധ സംവിധാനങ്ങളുമായി ആല്‍ഫ്രഡോ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും.

സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ കലണ്ടറിലും മറ്റ് സംവിധാങ്ങളിലും ആല്‍ഫ്രഡോ അലാറം സെറ്റ് ചെയ്യും. സമയപരിധി ഓര്‍മ്മിപ്പിച്ചുകൊണ്ട് ഉപഭോക്താവിന് സന്ദേശങ്ങളും ലഭിക്കും. കൃത്യ സമയത്ത് ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഓര്‍മ്മപ്പെടുത്തലുകള്‍ നല്‍കാന്‍ ആല്‍ഫ്രഡോയ്ക്ക് സാധിക്കുമെന്നതിനാല്‍ കണ്ടുപിടിത്തത്തിന് കൂടുതല്‍ സാധ്യതകള്‍ കണ്ടെത്താന്‍ കഴിയുമെന്ന് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ഥികള്‍ പറഞ്ഞു.

Content Highlights: Amrita Vishwa Vidyapeetham students developed `Alfredo`, an AI-powered app to help users remember tasks. It integrates with Google Calendar, alarms, and Google Meet.