അഡോബി സഹസ്ഥാപകന്‍ ജോണ്‍ വാര്‍ണോക്ക് അന്തരിച്ചു

ജോണ്‍ വാര്‍ണോക്ക് | Marvalous, CC BY-SA 3.0 , via Wikimedia Commons
ജോണ്‍ വാര്‍ണോക്ക് | Marvalous, CC BY-SA 3.0 , via Wikimedia Commons

ഫോട്ടോഷോപ്പിന്റെ നിര്‍മാതാക്കളായ അഡോബിയുടെ സഹസ്ഥാപകന്‍ ജോണ്‍ വാര്‍ണോക്ക് (82) അന്തരിച്ചു. ശനിയാഴ്ചയായിരുന്നു അന്ത്യം. മരണ കാരണം വെളിപ്പെടുത്തിയിട്ടില്ല. 

പതിറ്റാണ്ടുകളായി അദ്ദേഹം പ്രചോദനം നല്‍കുന്ന അഡോബി കമ്മ്യൂണിറ്റിക്കും വ്യവസായരംഗത്തിനും ഇത് സങ്കടകരമായ ദിവസമാണ് എന്ന് അഡോബി സിഇഒ ശാന്തനു നാരായണ്‍ ജീവനക്കാര്‍ക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു. 

1982 ല്‍ സാന്‍ ഹൊസേയിൽ ചാള്‍സ് ഗെഷ്‌കെയ്‌ക്കൊപ്പമാണ് വാര്‍ണോക്ക് അഡോബിയ്ക്ക് തുടക്കമിട്ടത്. 2000 ല്‍ സിഇഒ ആയാണ് അദ്ദേഹം വിരമിച്ചത്. 2017 വരെ ഗെഷ്‌കെയ്‌ക്കൊപ്പം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും പങ്കിട്ടു. മരണം വരെ ബോര്‍ഡ് അംഗവും ആയിരുന്നു. 2021 ല്‍ 81ാം വയസിലാണ് ഗെഷ്‌കെ അന്തരിച്ചത്.

സെറോക്‌സ് ഹോള്‍ഡിങ് കോര്‍പ്പ് (Xerox Holding Corp) എന്ന സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വാര്‍ണോക്കും ഗെഷ്‌കെയുപം പരിചയപ്പെടുന്നത്. ഇരുവരും തയ്യാറാക്കിയ ആദ്യ ഉത്പന്നം ഡെസ്‌ക്ടോപ്പ് പബ്ലിഷിങിന് സഹായിക്കുന്ന പോസ്റ്റ് സ്‌ക്രിപ്റ്റ് ആയിരുന്നു. 

അഡോബി ആരംഭിക്കുന്നതിന് മുമ്പ്, സെറോക്‌സിലെ പാലോ ആള്‍ടോ റിസര്‍ച്ച് സെന്ററിലെ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് ആയിരുന്നു വാര്‍ണോക്ക്. പിന്നീട് ഇവാന്‍സ് ആന്റ് സുതെര്‍ലാന്‍ഡ് കംപ്യൂട്ടര്‍, കംപ്യൂട്ടര്‍ സയന്‍സസ് കോര്‍പ്പ്, ഐബിഎം, യുട്ട സര്‍വകലാശാല എന്നിവിടങ്ങളിലും വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചു. മര്‍വ യാണ് ഭാര്യ, മൂന്ന് മക്കളുണ്ട്. 

Content Highlights: Adobe co-founder John Warnock dies at 82