പുതിയ ഫോണുകള്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയേക്കും

-
-

പുതിയ ഫോണുകള്‍ ഉപയോഗിക്കുന്നതിന് ആരോഗ്യ സേതു ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്ക്ഡൗണിന് ശേഷം വില്‍പനയ്‌ക്കെത്തുന്ന എല്ലാ ഫോണുകളിലും ആരോഗ്യസേതു ആപ്ലിക്കേഷന്‍ മുന്‍കൂര്‍-ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പം ഫോണുകള്‍ വാങ്ങുന്നവര്‍ ഫോണുകള്‍ ഉപയോഗിച്ച് തുടങ്ങുന്നതിന് മുമ്പ് തന്നെ ആരോഗ്യസേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതും നിര്‍ബന്ധമാക്കും.

ഈ തീരുമാനം സ്മാര്‍ട്‌ഫോണ്‍ കമ്പനികളുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കുന്നതിന് നോഡല്‍ ഏജന്‍സികളെ നിയമിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതുവഴി ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഫോണുകളിലെ ഇന്‍ബില്‍റ്റ് ഫീച്ചര്‍ ആയി മാറും. പുതിയ ഫോണ്‍ ആദ്യമായി തുറക്കുമ്പോള്‍ ചെയ്യേണ്ട ക്രമീകരണങ്ങള്‍ക്കൊപ്പം തന്നെ ആരോഗ്യ സേതു ആപ്ലിക്കേഷനിലും രജിസ്റ്റര്‍ ചെയ്യേണ്ടി വരും. 

ഇതിനോടകം 7.5 കോടിയാളുകളാണ് ആരോഗ്യ സേതു ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തന്നെ അഞ്ച് കോടിയിലധികം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തിറക്കിയ കോണ്‍ടാക്റ്റ് ട്രേസിങ് ആപ്ലിക്കേഷനാണ് ആരോഗ്യസേതു. സ്മാര്‍ട്‌ഫോണിന്റെ ലൊക്കേഷനും ബ്ലൂടൂത്ത് ഡാറ്റയും ഉപയോഗിച്ചാണ് ആരോഗ്യ സേതു ആപ്പിന്റെ പ്രവര്‍ത്തനം. ആളുകളുടെ സഞ്ചാര പാത പിന്തുടര്‍ന്ന്. ആരോഗ്യവാന്മാരായ ആളുകള്‍ രോഗബാധയുള്ള സ്ഥലത്തോ രോഗിയുടെ അടുത്തോ പോയിട്ടുണ്ടോ എന്ന് അറിയാം. 

കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും ഈ ആപ്ലിക്കേഷനിലൂടെ ലഭിക്കും. മലയാളം ഉള്‍പ്പടെ 11 ഭാഷകളില്‍ ഈ ആപ്ലിക്കേഷനില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാണ്. 

Content Highlights: Aarogya Setu Registration Will be Mandatory to Setup New Phone

Content Highlights: