5ജി സ്‌പെക്ട്രം ലേലം തുടങ്ങി ; ജിയോയും അദാനിയും എയര്‍ടെലും പങ്കെടുക്കുന്നു

Photo: IANS
Photo: IANS

ന്യൂഡല്‍ഹി: 5ജി സ്‌പെക്ട്രം ലേലം ആരംഭിച്ചു. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ, അദാനി ഡേറ്റ നെറ്റ്‌വര്‍ക്ക്‌സ് എന്നീ കമ്പനികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. 4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 5ജി സ്‌പെക്ട്ര പരിധിയാണ് ലേലത്തിനുള്ളത്. രാവിലെ 10 മണിക്ക് ആരംഭിച്ച ലേലം ആറ് മണി വരെ തുടരും. 

ലേലത്തില്‍ നിന്നും 70,000 കോടി മുതല്‍ ഒരു ലക്ഷം കോടി രൂപ വരെയാണ് ടെലികോം വകുപ്പ് പ്രതീക്ഷിക്കുന്നത്. റേഡിയോ തരംഗങ്ങളുടെ ആവശ്യകത അനുസരിച്ചാവും ലേലം എത്ര ദിവസം നീണ്ട് നില്‍ക്കുമെന്ന് പറയാനാവുക.

600 മെഗാഹെര്‍ട്സ്, 700 മെഗാഹെര്‍ട്സ്, 800 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ്, 2300 മെഗാഹെര്‍ട്സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്സ് മിഡ്റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടക്കുന്നത്. 

ഇതില്‍ റിലയന്‍സ് ജിയോ ആയിരിക്കും ഏറ്റവും കൂടുതല്‍ തുക ചിലവാക്കി സ്‌പെക്ട്രം വാങ്ങുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. വോഡഫോണ്‍ ഐഡിയയും അദാനി ഗ്രൂപ്പുമാണ് ലേലത്തില്‍ കുറഞ്ഞ തുക ചിലവഴിക്കുക. ലേലത്തിന് വേണ്ടി ജിയോ കെട്ടിവെച്ചത്,14000 കോടി രൂപയാണ് ലേലം വിളിക്കാനുദ്ദേശിക്കുന്ന തുകയ്ക്കനുസരിച്ചാണ് ഇഎംഡി നിക്ഷേപം നല്‍കുന്നത്. അദാനി ഗ്രൂപ്പ് വെറും 100 കോടി രൂപയാണ് കെട്ടിവെച്ചിരിക്കുന്നത്.

ലേലത്തില്‍ പങ്കെടുക്കുന്ന എല്ലാ കമ്പനികളും കൂടി ആകെ 21800 കോടി രൂപ ഇതുവരെ കെട്ടിവെച്ചിട്ടുണ്ട്. 2021 ലെ ലേലത്തില്‍ 13475 കോടി രൂപയാണ് കമ്പനികള്‍ നല്‍കിയിരുന്നത്. 

കമ്പനികള്‍ക്ക് ഇഎംഡി നിക്ഷേപത്തിന്റെ ഏഴോ എട്ടോ ഇരട്ടി മൂല്യമുള്ള സ്‌പെക്ട്രം ലേലത്തില്‍ വിളിക്കാന്‍ സാധിക്കും. എങ്കിലും എതിരാളികളായ കമ്പനികള്‍ അവലംബിക്കുന്ന തന്ത്രങ്ങള്‍ക്കനുസരിച്ച് ലേലം വിളിക്കുന്ന രീതിയില്‍ മാറ്റം വന്നേക്കും.
 

Content Highlights: 5G spectrum auction begins reliance jio adani group bharti airtel