കെട്ടിവെച്ചത് 100 കോടി; അദാനി ഗ്രൂപ്പ് 5ജി ലേലത്തില്‍ ജിയോയ്ക്കും മറ്റുള്ളവര്‍ക്കും ഭീഷണിയായേക്കില്ല

Photo: MBI
Photo: MBI

മുംബൈ: 5ജി സ്‌പെക്ട്രം ലേലത്തിലേക്ക് അദാനി ഗ്രൂപ്പ് അപ്രതീക്ഷിതമായാണ് രംഗപ്രവേശം ചെയ്തത്. രാജ്യത്തെ മുന്‍നിര വ്യവസായ സ്ഥാപനങ്ങളിലൊന്നായ അദാനി ഗ്രൂപ്പിന്റെ 5ജി രംഗത്തേക്കുള്ള വരവ് ജിയോ ഉള്‍പ്പടെയുള്ള ടെലികോം കമ്പനികള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്ന വിധത്തിലായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍, 5ജി സ്‌പെക്ട്രം ലേലത്തില്‍ അദാനി ഗ്രൂപ്പ് വലിയൊരു കളിക്കില്ലെന്നാണ് ലഭിക്കുന്ന പുതിയ വിവരം. 

ടെലികോം വകുപ്പിന്റെ പുതിയ നോട്ടിഫിക്കേഷന്‍ പ്രകാരം അദാനി ഗ്രൂപ്പ് 100 കോടിയാണ് ലേലത്തിന് മുമ്പായി കെട്ടിവെച്ചത്. ഇത് മറ്റ് കമ്പനികളേക്കാള്‍ എത്രയോ കുറഞ്ഞ തുകയാണ്. അതേസമയം, ഭാരതി എയര്‍ടെല്‍ 5500 കോടി, വോഡഫോണ്‍ ഐഡിയ 2200 കോടി, റിലയന്‍സ് ജിയോ 14000 കോടി എന്നിങ്ങനെയാണ് കെട്ടിവെച്ചത്. ഇവര്‍ എല്ലാവരും തന്നെ ഒരു ലക്ഷം രൂപ ആപ്ലിക്കേഷന്‍ ഫീസായും നല്‍കിയിട്ടുണ്ട്. 

ഏണസ്റ്റ് മണി ഡിപ്പോസിറ്റ് അഥവാ ഇ.എം.ഡി., എലിജിബിലിറ്റി പോയിന്റ്, സ്‌പെക്ട്രം കാപ്പ് എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലേ ലൈസന്‍സ് ലഭിച്ച മേഖലയില്‍  എതെങ്കിലും ബാന്‍ഡ് ഒരു സ്ഥാപനത്തിന് ലേലത്തിനെടുക്കാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ റിലയന്‍സ് ജിയോയ്ക്ക് 70,000 കോടിയുടെ സ്‌പെക്ട്രം റേഞ്ചിനായി ലേലം വിളിക്കാന്‍ സാധിക്കും.

2021 ലെ സ്‌പെക്ട്രം ലേലത്തില്‍ ജിയോ നല്‍കിയ ഇ.എം.ഡി. 10000 കോടിയാണ്, എയര്‍ടെല്‍ 3000 കോടിയും വി 475 കോടിയും നല്‍കി. ലേലത്തിന് ശേഷം വിവിധ ബാന്‍ഡുകളിലുള്ള 488.35 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രത്തിന് ജിയോ ചിലവാക്കിയത് 57122.65 കോടിയാണ്. 355.45 മെഗാഹെര്‍ട്‌സിന് എയര്‍ടെല്‍ 18698.75 കോടി ചിലവാക്കിയപ്പോള്‍ വോഡഫോണ്‍ ഐഡിയ 1993.40 കോടിയാണ് ചിലവാക്കിയത്. 

ഈ കണക്കുകള്‍ നോക്കുമ്പോള്‍ അദാനി ഗ്രൂപ്പ് നല്‍കിയിരിക്കുന്ന ഇ.എം.ഡി. വളരെ കുറവാണ്. ഇക്കാരണം കൊണ്ടുതന്നെ വലിയൊരു പദ്ധതിയുമായല്ല അദാനി ഗ്രൂപ്പ് ലേലത്തില്‍ പങ്കെടുക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ചിലപ്പോള്‍ ഭാവിയില്‍ സെപെക്ട്രത്തിന് വില കുറയുമെന്ന് കണക്കാക്കുന്നുണ്ടാവാം. സ്വന്തമായി ടെലികോം സേവനം ആരംഭിച്ചിട്ടില്ലാത്തതിനാല്‍തന്നെ മറ്റ് കമ്പനികളെ വെല്ലുവിളിക്കുന്ന ഒരു നീക്കം അദാനി ഗ്രൂപ്പിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല.
 

Content Highlights: 5g spectrum auction, adani group, jio 5G, Airtel in 5G auction